Monday 9 January 2017

പ്ര വാസ(സവ) അവധി












അങ്ങനെ കുബ്ബൂസ് ചിക്കൻ കറിയിൽ മുക്കിയതും പന്ത്രണ്ടു തരം നെയ്‌ച്ചോറും കഴിച്ച് കുറഞ്ഞൊരു കാലം കൊണ്ട് സ്വന്തം തടിയിൽ ഏഴു കിലോ ഭാരം കൂടി.

സൗദികൾ സ്നേഹിക്കുന്നത് ഭക്ഷണം തീറ്റിച്ചാണ്. ഒരു പ്ലാസ്റ്റിക് കടലാസ് നിലത്തു വിരിച്ച്, അതിൽ ആളെണ്ണത്തിനെ  മൂന്ന് കൊണ്ട് ഗുണിച്ച് അവർക്കുവേണ്ട ബിരിയാണി മലപോലെ കൂട്ടിയിട്ട്, അതിനു ചുറ്റും ഇരുന്നാണ് തീറ്റി.

ആട് മന്തിയാണെങ്കിൽ ആ മന്തിമലയുടെ നടുക്ക് ഭാഗ്യവാനായ ആ ആടിന്റെ തല പുഴുങ്ങി വച്ചിട്ടുണ്ടാവും. മന്തി കഴിച്ചു തീരും വരെ അത് കുറ്റപ്പെടുത്തും മട്ടിൽ നമ്മളെ തുറിച്ചു നോക്കിക്കൊണ്ടിരിക്കും. സൗദിയാകട്ടെ മന്തിയിൽ കയ്യിട്ടു വാരി വലിച്ചു കീറി സ്നേഹത്തോടെ നമ്മുടെ വായിൽ വച്ച് തരും. പ്രോത്സാഹിപ്പിക്കും, തിന്ന്, തിന്ന് !
തിന്നില്ലെങ്കിൽ നമ്മൾ അവരോട് വലിയ ഒരു തെറ്റ് ചെയ്യുന്നതുപോലെയാണ്.

ആറുമാസം കൂടുമ്പോൾ നാട്ടിൽ എത്തിക്കൊള്ളണമെന്നാണ് ഭാര്യയുടെ കല്പന. "കുറഞ്ഞത്", എന്ന് കൂടി കുറയ്ക്കാതെ ചേർക്കണം. മൂന്നുമാസം കൂടുമ്പോൾ വന്നാലും കുഴപ്പമില്ല. പിന്നെ മൊത്തം നിയന്ത്രണമാണ്. വീണ്ടും തടി ഏഴുകിലോ കുറയും.

ലീവ് ചോദിച്ചാൽ  അറബിബോസിന്റെ മുഖം കറക്കും, പിന്നെ ചുവക്കും.
ലീവ് കിട്ടിയില്ലെങ്കിലോ ഭാര്യബോസിന്റെ മുഖം ചുവക്കും, പിന്നെ കറക്കും.
നമ്മൾ ഒട്ടകത്തിന്റേം മാധവൻനായരുടേം ഇടയ്ക്കാകും.

അങ്ങനെ നിവൃത്തിയില്ലാതെ ആ പൂഴിക്കടകൻ സൗദിബോസിന് നേരെ പ്രയോഗിച്ചു.
"പൊന്നുതമ്പുരാനായ നബിതിരുമേനി പറഞ്ഞിട്ടുണ്ടല്ലോ.."
"എന്തോന്ന് ?"
"ഹബീബിയെ പിരിഞ്ഞു നാല് മാസത്തിൽ കൂടുതൽ ഇരിക്കരുതെന്ന്."
"അള്ളാ , ഈ മലബാറീസിനെക്കൊണ്ട് തോറ്റു. ശരി, ശരി.ജോലി ഒക്കെ തീർത്തുവച്ചിട്ടു സ്ഥലം വിട്ടോ. എത്ര ദിവസത്തെ ലീവ് വേണം?"
"ഒരുമാസം"
"പൊന്നുതമ്പുരാനായ നബിതിരുമേനി അങ്ങനെ പറഞ്ഞിട്ടുണ്ടോ?"
"ഇല്ല"
"അപ്പൊപ്പിന്നെ രണ്ടാഴ്ചമതി. നാലുമാസം കഴിഞ്ഞു വീണ്ടും പൊന്നുതമ്പുരാനെ പിടിക്കാനല്ലേ?"
"റാൻ..!"
"എന്തോന്ന്?"
"അയ്‌വാ.. കല്ലി വല്ലി  (ശരി..കൊയപ്പമില്ലെടാ നാറീ )."

ലീവ് കിട്ടിയെന്നറിഞ്ഞപ്പോൾ മുതൽ മല്ലൂസെല്ലാം ചുറ്റും കൂടി.
"എപ്ലാ  പോന്നേ ?"
"അടുത്ത വെള്ളി"
"എത്ര നാള് ?"
"രണ്ടാഴ്ച"
"വെറും രണ്ടാഴ്ചയോ ! അങ്ങോട്ട് പോകുന്നതിനു മുൻപ് ഇങ്ങോട്ടു പോരുവാണോ ? ഇങ്ങനെ ചുമ്മാ എന്തിനാ പോന്നെ ? "

നമ്മുടെ കണ്ണിൽ നിന്നും ഉതിരുന്ന ചുടുകണ്ണീർ കാണാനും അതുവഴി തങ്ങൾക്ക് ലീവ്  കിട്ടാത്തതിന്റെ അരിശം  തീർക്കാനുമാണ് ദുഷ്ടന്മാരുടെ ശ്രമം. ഇനി നമ്മൾ വിമാനം കയറുന്നതുവരെ ഇവന്മാരെല്ലാം ഇത് ചോദിച്ചുകൊണ്ടിരിക്കും.
"എന്തിനാ ഇങ്ങനെ പോകുന്നത്? പോന്നതിനു മുൻപ് ഇങ്ങ്  തിരിച്ച് വരാൻ..! ഇവിടെങ്ങാനും കിടന്നൂടെ?"

പോകാനുള്ള ദിവസം അടുക്കുന്തോറും നമ്മളെക്കാൾ വെപ്രാളം നമ്മുടെ ബോസനാണ്. ലാസ്‌റ് ബെൽ അടിക്കുമ്പോൾ  കക്ഷി ഒരു ഫയലും പൊക്കിക്കൊണ്ട് ഓടിവന്നു.
"ഹബീബി, ഇതും കൂടി നോക്ക്. ഇനി രണ്ടാഴ്ചകഴിഞ്ഞല്ലേ വരൂ. അടുത്ത തിങ്കളാഴ്ച മീറ്റിംഗ്. ഞാനെന്തു പറയണം?"
ചോദ്യങ്ങൾ വരുമ്പോൾ നീ എപ്പോഴും ചെയ്യുമ്പോലെ കുനിഞ്ഞിരുന്ന് സ്മാർട് ഫോണിൽ ചുണ്ണാമ്പ് തേച്ചാപ്പോരേ എന്ന് പറഞ്ഞില്ല, ബോസനായിപ്പോയില്ലേ !

യാത്രയിലെ അടുത്ത പ്രധാന സംഭവം ഷോപ്പിംഗ് ആണല്ലോ.
ലീവ് അനുവദിച്ചു എന്ന് കേട്ട ഉടൻ മല്ലൂസ് വിളി തുടങ്ങി.
"ഡാ, നീ നാട്ടിപ്പോകാൻ ഷോപ്പിംഗ് നടത്തിയോ?"
"ഇല്ല"
"വെള്ളിയാഴ്ച നമുക്ക് പൂവാം"
"പൂവാം"
"ഞാൻ കാറും കൊണ്ട് വരാം. ഒൻപതു മണിക്ക് റെഡിയായിരുന്നോണം. ദാനാ മാൾ, സ്റ്റാർ മാർക്കറ്റ്, ജരീർ, എല്ലായിടത്തും പൂവാം"
"പൂവാം"
"ബാങ്കീന്നു ആവശ്യത്തിന് പൈസ എടുത്തോണം. കാർഡ് ണ്ടല്ലോ"
"ഉണ്ട്, ഉണ്ട്. പക്ഷെ എനിക്കത്ര സാധനങ്ങൾ ഒന്നും വേണ്ട"
"വേണ്ട, നീ ആവശ്യത്തിന് വാങ്ങിയാ മതി. മതി ! "
ആ രണ്ടാമത്തെ "മതി" ക്ക് ഒരു പ്രത്യേക ടോണായിരുന്നു. അതന്നേരം ഈയുള്ളവന് മനസ്സിലായില്ല.

ഇത്ര നല്ല ആൾക്കാരെ എവിടേലും കണ്ടിട്ടുണ്ടോ?
അവധി ദിവസം ചുരുണ്ടു കൂടിയുറങ്ങുന്നതിനു പകരം രാവിലെ എഴുന്നേറ്റ് സ്വന്തം കാർ ഓടിച്ചു അൽ സിനായായിലെ  (Industrial Township ) നമ്മളുടെ വീട്ടിൽ വന്നു നമ്മളെയും കേറ്റി  അൽ ബാഹറിൽ (downtown ) പോയി ഷോപ്പിങ്ങും നടത്തി നമ്മളെ തിരിച്ചു വീട്ടിൽ സുരക്ഷിതമായി എത്തിക്കാമെന്ന്. അതും സൗജന്യമായി. എന്തൊരു സഹകരണം !

മല്ലൂസ് രാവിലെ തന്നെ കാറുമായി എത്തി.
ആദ്യം സ്റ്റാർ മാർക്കറ്റിൽ. പൂരങ്ങളുടെ പൂരമായ ത്രിശൂർ പൂരം ഇപ്രാവശ്യം അവിടേയാണ് നടക്കുന്നതെന്നു തോന്നുന്നു. ഒരു വിധത്തിൽ ഒരു ട്രോളി എടുത്തു. മല്ലൂസും ചാടി വീണ് ഒരു ട്രോളി കൈവശപ്പെടുത്തി. അവനും വല്ലതുമൊക്കെ  വേണമായിരിക്കും.

അകത്തേയ്ക്കു കയറുമ്പോൾ ആദ്യം സോപ്പുകൾ അടുക്കി വച്ചിരിക്കുന്ന അലമാരയാണ്.
ഒരു ശ്രദ്ധേമില്ലാത്ത മല്ലൂസിന്റെ കൈ തട്ടി സോപ്പുകൾ എല്ലാം പടപടായെന്നു വീണു.
എന്തത്ഭുതം, എല്ലാം കറക്ടായി അവന്റെ ട്രോളിയിൽ തന്നെയാണ് വീഴുന്നത്.

"നിനക്കെന്തിനാടാ ഇത്രയും സോപ്പ്? നീ കുളിക്കാൻ തീരുമാനിച്ചോ?" അദ്‌ഭുതത്തോടെ ചോദിച്ചു.
"ഇതെനിക്കല്ല , നിനക്ക് നാട്ടിൽ കൊണ്ടുപോകാനാ"
"ഇത്രയും സോപ്പോ? എനിക്കെങ്ങും വേണ്ടാ.. കൂടിയാൽ ഒരു പത്തെണ്ണം"
"നിൽ..! നിന്റെ വീട്ടിൽ എത്ര കുളിമുറിയുണ്ട്?"
"നാല്"
"അപ്പൊ നാലേ ഗുണം നാലേ  ഗുണം ആറ്, മൊത്തം തൊണ്ണൂറ്റാറ് .  "
"ങേ?"
"നാല് കുളിമുറി. ഒരുമാസം നാലാഴ്ച . മൊത്തം ആറ്  മാസം"
"നീ ഗുണം പിടിക്കില്ല. അങ്ങനെ നീ ഗുണിക്കണ്ട"
"തീർന്നില്ല, നിനക്കെത്ര പിള്ളാരാ? രണ്ട്, ല്ലേ?"
"അതെ"
"അപ്പൊ രണ്ടേ ഗുണം നാലേ  ഗുണം ആറ് സമം നാപ്പത്തെട്ട്‍. അധികം എട്ട്. അമ്പത്താറ് "

പത്താം ക്ലാസ്സിൽ കണക്കിന് എട്ടുനിലയിൽ പൊട്ടിയവനാ. എന്ത് സ്പീഡിലാ  ഗുണിക്കുന്നത് !.
"അതാരുടെ അമ്പത്താറ് ?"
"അതായത് പിള്ളേര്  ഒരാഴ്ചയിൽ ഓരോ സോപ്പ് വീതം കക്കൂസിൽ തള്ളിയിടും. ആറുമാസത്തേയ്ക്ക് അതിനുവേണ്ടി രണ്ടേ ഗുണം നാലേ  ഗുണം ആറ്  സമം നാപ്പത്തെട്ട് ..."
"അപ്പൊ അധികം എട്ടോ? "
"അത് നിന്റെ ഭാര്യ തള്ളിയിടട്ടെടാ..!"

ആറു മാസത്തേയ്ക്ക് ഒരു സോപ്പ് മാത്രം ഉപയോഗിച്ച് കുളിക്കുന്നവനാ. അവന്റെ ഭാവം കണ്ടാൽ തോന്നും ലൈഫ്ബോയ് സോപ്പ് ഉപയോഗിച്ച് ലക്സ് സോപ്പിനെ കഴുകി അത് കൊണ്ടാണ് അവൻ കുളിക്കുന്നതെന്ന്.

അങ്ങനെ  ഒരു ചുമട് സോപ്പുമായി മുൻപോട്ടു നീങ്ങി.
വീണ്ടും മല്ലൂസിന്റെ കൈ തട്ടി ഷെൽഫിന്റെ റാക്കിൽ നിന്നും കുറെ പ്ലാസ്റ്റിക് കുപ്പികൾ അതിശയത്തോടെ ട്രോളിയിൽ വന്നുവീണു.
"ഡേയ്, നീ ഇങ്ങനെ അടുക്കിവച്ചിരിക്കുന്ന സാധനങ്ങൾ തട്ടിയിടാതെ !"
തിക്കും പോക്കും നോക്കി അവന്റെ ചെവിയിൽ മർമറിച്ചു.

"നിനക്ക് നാട്ടിൽ കൊണ്ടുപോകാനാ..നിന്റെ ഭാര്യക്ക്. കോൾഡ് ക്രീം, ആന്റി എയ്ജിങ് ക്രീം, അങ്കിൾ എയ്ജിങ് ക്രീം, ആന്റി റിങ്കിൾ ക്രീം, അങ്കിൾ  റിങ്കിൾ ക്രീം, സൺ ബ്ലോക്ക് ക്രീം, ഡോട്ടർ ബ്ലോക്ക് ക്രീം, ലിപ് ബാം, വാനില ഫ്ലേവർ അഞ്ച്, പിസ്റ്റാ അഞ്ച്, "
"സത്യത്തിൽ ഈ കട നിന്റെ അളിയന്റെയാ?"
"തമാശക്കാരൻ. തമാശക്കാരൻ. !! സമയം പോന്നു. വേഗം വാ"
അവൻ കരിമ്പിൻ കാട്ടിൽ ആന കേറിയപോലെ പാഞ്ഞു പോയി. കൂടെയെത്താൻ ട്രോളിയുമായി ഓടി.

അങ്ങനെ നിരനിരയായി അടുക്കി വച്ചിരിക്കുന്ന ഷെൽഫുകൾക്കിടയിലൂടെ മല്ലുമാജിക്ക് തുടർന്നു. റാക്കിൽ താടിയ്ക്ക് കയ്യും കൊടുത്ത് വിഷമിച്ചിരുന്ന ടൂത്ത് പേസ്റ്, ഷാമ്പൂ, കണ്ടീഷണർ, ഹെയർ ഓയിൽ, പെർഫ്യൂം, അത്തർ, പെയിൻ ബാം , ഇത്യാദി സാധനങ്ങൾ ട്രോളിയിലേയ്ക്ക് ചാടിവീണ് ആത്മഹത്യ ചെയ്തു. ട്രോളി നിറഞ്ഞു പുറത്തേയ്ക്കു സാധനങ്ങൾ വീണു തുടങ്ങി.

"ഹോ, ഏതാണ്ടെല്ലാമായി. ഇത്രേം ഷോപ്പിംഗ് നടത്തുന്നതിന്റെ വിഷമം നിനക്കറിയേണ്ടല്ലോ. എല്ലാത്തിനും ഞാൻ തന്നെ വേണം"
മല്ലൂസ്  അണച്ചുകൊണ്ട് പറഞ്ഞു.
"ഡാ, ഫ്ലയിറ്റിൽ  ആകെ മുപ്പതുകിലോയേ കേറ്റൂ. ഇതെല്ലാം കൂടി..! "
"ഓ, അതൊക്കെ ശരിയാവും. നീ ബില്ലടയ്ക്കാൻ നോക്ക്"

കൗണ്ടറിൽ നിൽക്കുന്ന സൗദി ചുഴിഞ്ഞൊന്നു നോക്കി.
സില്ലി മലബാറീസ്. ഉള്ള കാശെല്ലാം കളയാൻ വന്നേക്കാണ്‌.
ഒരു  കിലോമീറ്റർ നീളത്തിലുള്ള ഒരു ബില്ല് കീറി തന്ന് അയാൾ കൈ നീട്ടി.

മൂവായിരത്തഞ്ഞൂറു റിയാൽ !
ഞെട്ടലിൽ മാൾ മൊത്തം ഒന്ന് കുലുങ്ങി.
കുലുങ്ങാത്തതായി ഒരാൾ മാത്രം. തെണ്ടി സീലിങ്ങിലെ ലൈറ്റിന്റെ ഭംഗി ആസ്വദിക്കുകയാണ്. ഇനിയെങ്ങാനും അവൻ ആ ലൈറ്റും തട്ടി ട്രോളിയിലിട്ടാലോ എന്ന് കരുതി പെട്ടെന്ന് കാശു കൊടുത്തു പുറത്തേയ്ക്കു ചാടി.

മല്ലൂസ് ഭാവഭേദമൊന്നുമില്ലാതെ കൂടെയുണ്ട്.
"ഡാ, ഇനി സ്വീറ്റ്സ് "
"മിണ്ടരുത് ! ഒന്നും വേണ്ടാ, പൈസ തീർന്നു. ഭാരോം കൂടി"
"പൈസ ഒന്നും കാര്യാക്കണ്ട. എത്ര വേണം? അഞ്ഞൂറ്? ആയിരം? രണ്ടായിരം? എത്രവേണേലും ഞാങ്കടന്തരാല്ലോ. മുട്ടായിയില്ലാതെ നാട്ടിൽ ചെന്നാൽ നിന്റെ പിള്ളേരും കെട്ടിയോളും അയൽക്കാരും നാട്ടാരും നിന്നെ നക്കിത്തിന്നും"
നേരാ. പണ്ടാരം !

ഫോണെടുത്തു ഭാര്യയെ വിളിച്ചു.
"ഡീ വള്ളീ,  ലഗേജ് ഇത്തിരി കൂടുതലാ, അതോണ്ട് ഇപ്രാവശ്യം മുട്ടായി, ഈന്തപ്പഴം,.."
"ങ്ഹാ, എല്ലാം വാങ്ങിച്ചോ, ഈന്തപ്പഴം മേടിക്കുമ്പോ നീ ശ്രദ്ധിക്കണം, മൂന്നു വെറയിറ്റി വാങ്ങണം, ഓരോ കിലോ വച്ച് മതി, നമുക്ക് അഡ്ജസ്റ് ചെയ്യാം"
"ഡീ ലഗേജ് .."
"മിഠായി ഒരു അഞ്ചു കിലോ എങ്കിലും മേടിക്കാൻ മറക്കല്ലേ. കഴിഞ്ഞ പ്രാവശ്യം വന്നപ്പോ നീയൊന്നും കൊണ്ടുവന്നില്ല. ഇപ്രാവശ്യം അതുപറ്റില്ല. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ചോദിക്കും"
"കഴ്‌തേ, പറേന്നെ കേക്കടീ, മൊത്തം ലഗേജ് കൂടുതലാ. അതോണ്ട് ഇപ്രാവശ്യം മുട്ടായി വേണ്ട, എന്താ ?"
"....."
"ഹലോ, ഹാലോ .. നീ ചത്തോ!"
"മുട്ടായി ഇല്ലേൽ നീയിങ്ങോട്ടു വരേണ്ട. അവിടെത്തന്നെ കിടന്നോ."
"എടീ ഭാരം..."
"ങാ, അല്ലേലും ഞാൻ നിനക്കൊരു ഭാരമാ..നിക്കറിയാം.. ന്താന്ന് വച്ചാ ചെയ്യ്. പിന്നെന്തിനാ എന്നോട് ചോദിക്കുന്നേ.. ."
"ഓക്കേ, ഓക്കേ !.. കള്ളി വള്ളീ !! "
"ങ്ഹാ ഞാനിപ്പം കള്ളിയായി !!  ഇങ്ങു വന്നേര്..   ക്ടിങ്..!!"
"ഓ, അച്ചടിപ്പിശാച്..!! കല്ലി വല്ലീ ന്നാടീ..കൊഴപ്പമില്ലാന്ന് ..!! വള്ളീ ,  ഹലോ, ഹാലോ, ഹാലോ ..!"

ഫോൺ പോക്കറ്റിലിട്ടു തിരിയുമ്പോൾ അഭ്യുദയകാംക്ഷി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.
"ഈന്തപ്പഴം  മുന്തിയത് നോക്കി അഞ്ചുകിലോ ആൾറെഡി പായ്ക്ക് ചെയ്തു. മൂന്ന് വെറേറ്റിയുണ്ട് . മുട്ടായി മിക്സഡ് അഞ്ചു കിലോ റെഡി. ഇനി കാഷ്യൂ നട്സ് , ബദാം .."
"കാഷ്യൂ , നിന്നെ ഞാൻ..!"
"ഇഷ്യൂ ആക്കണ്ട.. കാഷ്യൂ വേണ്ട, നല്ല മുന്തിയ ഇനം കാപ്പിപ്പൊടി? ഹോർലിക്സ്,,,? "
"ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു വന്നിട്ടേ നീ ലീവിന് പോകാവൂ. നിന്റെ കൂടെ എനിക്ക് ഷോപ്പിംഗിനു വരണം. എനിക്ക് തന്നെ വരണം.."
"അതിപ്പോ കഴിഞ്ഞ പ്രാവശ്യം ഞാൻ പോയപ്പോ നീയല്ലേ സാധനങ്ങൾ വാങ്ങാൻ വന്നത്..!!"

പണ്ടാരം. . കഴിഞ്ഞപ്രാവശ്യം  ഷോപ്പിങ്ങിന് അവനെ ഇതുപോലൊക്കെ സഹായിച്ചതാണ്. അവനതെല്ലാം ഓർത്ത് വച്ചിട്ടാണ് സഹായിക്കാൻ വന്നത്. ദുഷ്ടൻ. തെണ്ടി.

ഇനിയാണ് ആന്റിക്ലൈമാക്സ്.

മല്ലൂസ് സ്വന്തം കാറിൽ, യേത്, സ്വന്തം കാറിൽ, എയർപോർട്ടിൽ കൊണ്ടുവിട്ടു . ബ്രഹ്‌മാണ്ഡൻ പാക്കറ്റുകൾ എല്ലാം കൂടി ടിക്കറ്റു കൗണ്ടറിലെ ബെൽറ്റിൽ അവൻ തന്നെ എടുത്തു വയ്ച്ചു. അതിന്റെ ഇലക്ട്രോണിക് വെയ്റ്റ് ഡിസ് പ്ളേ  "എന്റമ്മച്ചിയെ" എന്ന് ഇഗ്ളീഷിൽ  നിലവിളിച്ചിട്ട് അത് അറബിയിൽ തർജമ ചെയ്തു കൗണ്ടറിന്റെ പിറകിൽ നിൽക്കുന്ന ഊശാൻതാടി ടിക്കറ്റ് അടിക്കാരനെ നോക്കി കണ്ണിറുക്കി ബ്ലിങ്കാൻ തുടങ്ങി. ഊശാൻ താടി വല്യ സന്തോഷത്തിൽ സ്നേഹിച്ചു.

"സർ, അധികഭാരം എണ്ണൂറു റിയാൽ അടയ്ക്കണം "

"ഊയെന്റമ്മച്ചിയെ !"  എന്ന് മലയാളത്തിൽ നിലവിളിച്ചു തിരിഞ്ഞു നോക്കി.
ലവൻ വീണ്ടും സീലിങ്ങിലെ ലൈറ്റിന്റെ ഭംഗി ആസ്വദിക്കുകയാണ്.

"ഡാ, ഫൈൻ എണ്ണൂറു റിയാല്. അതിന്റെ പകുതി കാശുണ്ടാരുന്നേൽ നാട്ടിൽ ഈ സാധനമെല്ലാം വാങ്ങാരുന്നു. നീയെന്തിനാടാ ദുഷ്ടാ ഇതെല്ലാം എന്നെക്കൊണ്ട് വാങ്ങിപ്പിച്ചത്?"
"അതൊരു സുഖം"
"അപ്പൊ ഭാരം ഒന്നും പ്രശ്നമല്ലായെന്ന് അന്നേരം നീ പറഞ്ഞതോ?"
"അത് വേറൊരു സുഖം"
"തെണ്ടീ, ഞാൻ തിരിച്ചു വരട്ടെ. ഇപ്പൊ നീ ആ പായ്ക്കറ്റ് പൊട്ടിച്ചു കുറച്ചു സാധനം മാറ്റ്. ഭാരം കുറയട്ടെ. അത് നീ റൂമിൽ കൊണ്ട് വച്ചാ മതി. അടുത്ത പ്രാവശ്യം കൊണ്ടുപോകാം. എണ്ണൂറു റിയാൽ !!"

ലവൻ ചാടി വീണു എല്ലാം പൊളിച്ചടുക്കി. നാട്ടിൽ ഇവൻ പ്രൈവറ്റ് ബസിലെ കിളി  ആയിരുന്നോ എന്തോ !  അവസാനം കയ്യിലുള്ള ലഗേജിനെക്കാൾ വലിയ ഒരു ലഗ്ഗേജ് അവന്റെ കൂടെയായി.

ഇപ്പോ ഭാരം ഒരുമാതിരി ശരിയായി. വീണ്ടും ബെൽറ്റ് കൺവെയറിലേയ്ക്ക് പെട്ടികൾ പെറുക്കി വച്ചു. ഇപ്രാവശ്യം ഡിസ് പ്ളേ  പതുക്കെ ഊശാന്താടിയോട് പറഞ്ഞു,
"കൊയപ്പമില്ല, പോട്ടെ. സില്ലി മലബാറീസ്"
 ലഗ്ഗേജ് ബെൽറ്റ് വഴി അപ്രത്യക്ഷമായി. ഊശാന്താടി നീട്ടിയ പാസ്‌പോർട്ടും ബോർഡിങ് പാസും വാങ്ങി.

തിരിഞ്ഞു നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു മല്ലൂസ് നിൽക്കുകയാണ്.

"ഡാ, നീ വിഷമിക്കാതെ , രണ്ടാഴ്ച കഴിഞ്ഞു ഞാനിങ്ങെത്തും."
"ഉം. എന്നാലും നിനക്ക് ഒരാഴ്ച കഴിഞ്ഞു ഇങ്ങു പോന്നൂടെ?"
"പോടാ നാറി. ആറുമാസം കഴിഞ്ഞാ ഒന്ന് പോണത്. ആകെ രണ്ടാഴ്ചേം "
"ഓ, എന്തിനാ ഇങ്ങനെ പോന്നത് !. അവിടെ ഇറങ്ങിയാലുടൻ ഓരോ തെണ്ടിയും  ചോദിക്കും എന്നാ തിരിച്ചു പോന്നത്, എന്നാ തിരിച്ചു പോന്നതെന്ന്. നീ ഒരാഴ്ച കഴിഞ്ഞു ഇങ്ങു മടങ്ങിപ്പോര്."
"ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ടു പാഞ്ഞു പോന്നിട്ടെന്താ കാര്യം? ഇവിടെ എന്ത് കുന്ത്രാണ്ടമിരുന്നിട്ടാ? ഒന്നുമല്ലേ ഇവന്മാരുടെ മോന്തായം  കാണണ്ടല്ലോ "

തിരിച്ചു കൊണ്ടുപോകാനുള്ള പായ്ക്കറ്റ് അരുമയോടെ ദേഹത്തു ചേർത്തു വച്ച് മല്ലൂസ് ഗദ് ഗദകണ്ഠനായി :
"അതല്ലെടാ, ഈ തിരിച്ചു കൊണ്ടുപോകുന്ന പായ്ക്കറ്റിലെ മുട്ടായീം ബദാമും ഈന്തപ്പഴവുമൊക്കെ എനിക്ക് ഒരാഴ്ചത്തേയ്ക്കെ ഒള്ളൂ. ഞാൻ പിന്നെ എന്ത് ചെയ്യുമെടാ?"



Tuesday 26 July 2016

മൈ ബോസ്



മൈ ബോസ്സ് ആളൊരു തടിയാപിള്ളയായിരുന്നു.
ഇപ്പോൾ ഭാരമെത്രയുണ്ട് എന്ന് ചോദിച്ചാൽ ഒരു മടിയും കൂടാതെ ഒരു ക്വിന്റൽ, ഒരു ക്വിന്റൽ പത്തു കിലോ എന്നിങ്ങനെ പത്തുകിലോ കുറച്ചു പറയുന്ന ആൾ. കൂടെ നമ്മുടെ മുഖത്തു നോക്കി ഒരു കള്ളം കൂടി  പറയും.
"കുറയ്ക്കുന്നുണ്ട്, കുറയ്ക്കുന്നുണ്ട്..!!"

പൊതുവേ തടിയന്മാർ ആംഗലേയ ഭാഷയിൽ പറഞ്ഞാൽ clumsy ആണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ചുറ്റുമുള്ള സാധനങ്ങൾ  ഒരു മാജിക്കിലെന്നപോലെ അന്തരീക്ഷത്തിൽ ഉയർന്ന് ചുറ്റും ചിതറി വീഴുന്നത് കാണാം. രണ്ടു നേരം ഗ്ലാസ്സ് തട്ടി മേശപ്പുറത്ത് എന്തെങ്കിലും ഒഴിക്കാതെ ഒരു ദിവസം തീരുകയില്ല.
ബോസ്സും മോശക്കാരനായിരുന്നില്ല.
പുള്ളിക്കാരൻ വരുന്നത് കണ്ടാൽ ഉടൻ ഞങ്ങൾ മേശപ്പുറത്ത്‌  'ഇപ്പൊ ഞാൻ വീഴുമേ..!' എന്ന് പറഞ്ഞിരിക്കുന്ന സ്ഥാവരജംഗമവസ്തുക്കളെല്ലാം അവിടെനിന്ന് നിഷ്കാസനം ചെയ്യും.

ബോസ്സ് ക്ഷിപ്രകോപിയുമായിരുന്നു. ചിരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ചിലപ്പോൾ ഭാവം മാറും. മുഖം ചുവക്കും. കസേരയിൽ നിന്നും ചാടി എഴുന്നേൽക്കും, ഇരുന്നിരുന്ന കസേര  'ഞാൻ ചത്തേ ..!'  എന്ന് നിലവിളിച്ചു കൊണ്ട്  പുറകോട്ടു മലർന്നു വീഴും. മേശപ്പുറത്തു നിന്നും വാരി വലിച്ചിട്ടിരിക്കുന്നതിൽ നിന്നും കുറഞ്ഞത്‌ നാല് ഫയലുകൾ ഭൂമിദേവിയെ പുൽകും, മേശപ്പുറത്തു പാതി കുടിച്ചു വച്ചിരിക്കുന്ന  ചായ ഗ്ലാസ് മറിഞ്ഞു വീണ് അടിയന്തിര തീരുമാനം പ്രതീക്ഷിച്ച് രണ്ടാഴ്ചയായി  ഉറങ്ങുന്ന ഫയൽ മഞ്ഞ നിറമാകും. മേശ ചുറ്റി പുറത്തേയ്ക്ക് വരുമ്പോൾ തറയിൽ കൂടി പോകുന്ന ടെലിഫോൺ കേബിളിൽ കാൽ കുരുങ്ങി ഫോൺ  സോക്കറ്റിൽ നിന്നും പറിഞ്ഞു തെറിച്ചു താഴെവീഴും. അതോടെ സ്വന്തം ബാലൻസ്  തെറ്റി തെറിച്ചു ഭീത്തിയിൽ ചെന്ന് മുട്ടി,  ബാലൻസ്  ശരിയാക്കാൻ രണ്ടു കൈകളും  ഉയർത്തി ഹതഭാഗ്യവാനായ കലണ്ടറിനെ പിടികൂടി അത് ആണി സഹിതം വലിച്ചു പറിച്ചു മൂന്നായി തറയിലിടും. പിന്നെ നമ്മളെ  നോക്കി ഒരു അലർച്ചയാണ്.

"പ്ര.. പ്ര.. ദീഫെ.. അയാം യോബോസ് ..!  മൈന്ഡ്.. ട്ട്  .. അന്തബോസ്..!!"
കൂടെ ഒരു കുട്ട തുപ്പൽ പകുതി വാക്കുകളെ ശബ്ദരഹിതമാക്കി പുറത്തേയ്ക്ക് തള്ളിവിടും .
"പ്രദീപ്‌, അയാം യോ ബോസ്.. മൈന്ഡ് ഇറ്റ്‌.. അയാം ദെ ബോസ്സ്"
എന്നാണ് അട്ടഹസിക്കുന്നത്.

നമ്മൾ  ചായ ഗ്ലാസ്‌ നേരെയാക്കി, ഫയലിൽ നിന്നും  ചായ തട്ടി കുടഞ്ഞു കളഞ്ഞ്, ഫയലെല്ലാം എല്ലാം ഒതുക്കി വച്ച്, ഫോണെടുത്തു നേരെയാക്കി, അതിലൂടെ  " തോമസ് സാറിനു ഒരു കലണ്ടർ കൂടെ" എന്ന് എച് ആറിൽ വിളിച്ചു പറയുമ്പോഴേയ്ക്കും പുള്ളിക്കാരന്റെ ദേഷ്യം തീർന്നിരിക്കും.

ഫയൽ നോക്കിയില്ലെങ്കിലും ബ്രിട്ടീഷ് ലൈബ്രറിയിൽ പോയി ഗഡാഗണ്ഡന്മാരായ പുസ്തകങ്ങൾ കൊണ്ട് വന്നു വായിക്കുക എന്നതാണ് പതിവ്. അത് മേശപ്പുറത്തു നമുക്ക് കാണുന്ന രീതിയിൽ വച്ചിട്ടുണ്ടാകും. ചൂടായി കസേരയിൽനിന്നും  എഴുന്നേൽക്കുന്ന സമയത്ത്  "കൊള്ളാമല്ലോ ബോസ്സ്, ബി ഏ ബെറ്റർ ഹ്യുമൻബീയിങ്ങ്..നല്ല പുസ്തകമാണോ?' എന്നൊന്ന് ചോദിച്ചാൽ മതി, ആശാൻ ടപ്പേന്ന് കസേരയിൽ തിരിച്ചു വീഴും, മുഖത്തു ഒരു ചിരി വിളയാടും, പിന്നെ ഒരു വിവരണമാണ്. മേൽപ്പറഞ്ഞ ദേഷ്യപ്രകടനങ്ങൾ വേണോ അതോ പുസ്തകത്തെപ്പറ്റി അര മണിക്കൂർ  സ്റ്റഡിക്ലാസ് വേണോ  എന്ന് നമ്മൾ തീരുമാനിച്ചാൽ മതി.

" ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാതിരിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്.  ചില അവസരങ്ങളിൽ അവ ജീവിതത്തിൽ വളരെ പ്രധാനമായിത്തീരും. അതീ പുസ്തകം പറയുന്നുണ്ട്. "
"എന്ന് വച്ചാ?"
നമ്മൾ ഉറക്കത്തിന്റെ കയത്തിൽ നിന്നും തല ഒരു വിധത്തിൽ ഉയർത്തിപ്പിടിച്ചു ചോദിക്കും.
"ഉദാഹരണത്തിന്, നമ്മൾ കാറിലോ ബൈക്കിലോ യാത്ര തുടങ്ങാൻ പോകുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമെന്താണ്?"
"താക്കോലെടുത്തോന്നു നോക്കണം."
"അല്ല." - ചിരിയിൽ അല്പം പുഞ്ഞം.
"പെട്രോളുണ്ടോന്നു നോക്കണം."
"അല്ല." - ചിരി മൊത്തം പുഞ്ഞം.
"എന്നാപ്പിന്നെ ആ മഹാൻ പറഞ്ഞതെന്താണെന്ന് ബോസ്സ് തന്നെ പറ.."

ആ മഹാനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ "ശിരസ്സ്‌ പിളർന്നു  അന്തരിക്കണേ"എന്ന് നാം പ്രാർത്ഥിച്ചേനേ... 

"അതാണ്‌..!  ഏതൊരു യാത്രയും പുറപ്പെടുന്നതിനു മുന്പ് വൃത്തിയുള്ള കീറാത്ത അണ്ടർവെയർ  ധരിക്കണം."
"ങ്ഹെ..!"
"ങ്ഹാ.."
"ങ്ഹെ..!!"
"ങ്ഹാ.. പോകുന്ന വഴിക്ക് നിങ്ങൾക്ക്  ഒരു ആക്സിഡന്റ്   ഉണ്ടായെന്നിരിക്കട്ടെ, നിങ്ങളെ നാട്ടുകാര് ആശുപത്രിയിൽ  കൊണ്ടുപോകും. സുന്ദരിമാരായ നേഴ്സന്മാർ  അവിടെക്കാണും, അവർ മുറിവെല്ലാം വൃത്തിയാക്കാൻ നിങ്ങളുടെ ഷർട്ടും പാന്റ്സും അഴിച്ചു മാറ്റും, അപ്പോ ദാ കിടക്കുന്നു, പഴകി കീറിപ്പറിഞ്ഞു കിഴുത്ത വീണ നിങ്ങളുടെ അണ്ടർവെയർ..അപ്പൊ ആ നേഴ്സന്മാർ നിങ്ങളെപ്പറ്റി എന്ത് വിചാരിക്കും..? അതോണ്ടാ പറേന്നെ .."
"ഗുരോ..!!"

കുറ്റം പറയരുതല്ലോ, ഓഫീസിലെ കാര്യങ്ങൾ സമയബന്ധിതമായി തീർക്കണമെന്ന് പുള്ളിക്കാരന് യാതൊരു വാശിയുമില്ലായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ജോലി അവിടുന്നു കിട്ടുന്ന വാർത്തകൾ ഇവിടെയും ഇവിടെ നിന്നും കിട്ടുന്ന വാർത്തകൾ അവിടെയും പൊടിപ്പും തൊങ്ങലും ചേർത്ത് എത്തിക്കുകയെന്നതായിരുന്നു. മിക്കവാറും സമയം ഒരു കയ്യിൽ ഇന്റേണൽ ഫോണും മറുകയ്യിൽ എക്സ്റ്റേണൽ ഫോണും കാണും. മേശപ്പുറത്ത് കമ്പനി മൊബൈൽ ഫോണും.

ഒരിക്കൽ ഒരു മീറ്റിങ്ങിനുശേഷം മാനേജിംഗ് ഡയറക്ടർ  എച്ച്. ആർ  മാനേജരോട് മീറ്റിങ്ങിലെ തീരുമാനങ്ങൾ  അന്നുതന്നെ അടിയന്തിരമായി ഒരു സർക്കുലർ ആയിയിറക്കി എല്ലാവരെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഓഫീസ് ടൈം കഴിഞ്ഞിരുന്നതുകൊണ്ട് എച്ച്. ആർ  മാനേജർ ബുദ്ധിമുട്ട് അറിയിച്ചു. ഒരു ചെറു പുഞ്ചിരിയോടെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു:
"അല്ലേൽ സാരമില്ല. തോമസ്‌ മീറ്റിങ്ങിലുണ്ടായിരുന്നല്ലോ, അത് മതി."

സ്ഥിരമായി ചാടിയെഴുന്നേറ്റു ടെലിഫോൺ കേബിൾ കാലുകൊണ്ട്  പൊട്ടിക്കുന്നതിൽ സഹികെട്ട ടെലിഫോൺ സെക്ഷൻകാർ അത് ഒരു പൈപ്പ് വഴി ഇട്ടു ബോസ്സിന്റെ മേശയുടെ അരികിൽ വരെയെത്തിച്ചു കൊടുത്തു. വാതിൽ  തുറന്നു കയറിയാൽ ആദ്യം കാണുന്നത് പുറത്തു നിന്നും വന്നു മേശയ്ക്കടിയിലൂടെ കസേരയ്ക്കരികിലേയ്ക്ക് പോകുന്ന ഈ പൈപ്പാണ്.
സ്വതവേ ഒരു മടിയനായ ബോസ്സിനെപ്പറ്റി ഒരു പുതിയ കഥ ഇറങ്ങാൻ കാലതാമസം ഉണ്ടായില്ല.

"ഡീ, തോമസ്സാറിന്റെ മുറിയിലെ പൈപ്പ് കണ്ടോ?"
"കണ്ടു, കണ്ടു. ഫോൺലൈനല്ലേ?'
"അല്ലെടീ, അത് തറയിൽ കൂടി അങ്ങനെ എങ്ങോട്ടാ പോകുന്നത്?"
"അത് മേശയ്ക്കടിയിൽ കൂടി കസേര വരെ."
"അതേടീ, അതിന്റെയങ്ങേയറ്റത്തു ഒരു ഫണൽ ഉണ്ടെന്നാ ആൾക്കാര് പറേന്നെ. ഇപ്പൊ പുള്ളിക്കാരൻ ബാത്രൂമിൽ പോവാറില്ലാത്ത്രെ..!!"
എങ്ങനുണ്ട് കഥ പോകുന്ന പോക്ക്..!

ബോസ്സിനെപ്പറ്റി മറ്റൊരുപാട് കഥകളും പാണന്മാർ പാടി നടക്കുന്നുണ്ട്.

കമ്പനിയിൽ ആദ്യമായി ജോലിക്ക് വന്നപ്പോൾ ഒരു ലോഡ്ജിൽ തനിയെയാരുന്നു താമസം. അന്ന് കല്യാണം കഴിച്ചിട്ടില്ല. കമ്പനിയിൽ ഡ്യൂട്ടി ചെയ്യുക, തിരികെ വന്നു ആസാദിൽ നിന്നോ മലബാർ ഹോട്ടലിൽ നിന്നോ ഉള്ള ചിക്കനും ബീഫും ബിരിയാണീം എല്ലാം വാരി വലിച്ചു തിന്നുക, ഉറങ്ങുക ഇതായിരുന്നു ജീവിതക്രമം. കുളി, നന, പല്ലുതേപ്പ് ഇതൊന്നും പറഞ്ഞിട്ടില്ല. തടി ഒരു ക്വിന്റൽ കടക്കാൻ അധികസമയം ഒന്നും വേണ്ടി വന്നില്ല.

കൂട്ടുകാർ റൂമിൽ വരുമ്പോൾ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന പഴയ തുണികൾ  കണ്ട്  അന്തംവിട്ടു.
"ഡാ, തോമാച്ചാ, നീ ഈ തുണിയെല്ലാം ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നതെന്താ?"
"അതേ, എനിക്കീ  തുണിയൊന്നും നനയ്ക്കാൻ വയ്യ. അണ്ടർവെയറും  ബനിയനും വാങ്ങി ഒരാഴ്ച ഉപയോഗിച്ചു കഴിഞ്ഞാൽ ഞാനത് ആ മൂലയ്ക്കെറിയും, പിന്നെ പുതിയത് വാങ്ങും. "

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയെക്കുറിച്ചുള്ള കഥയാണ്‌ ഏറ്റവും പ്രസിദ്ധം.
ആദ്യരാത്രിയിൽ കുളിച്ചു പൗഡറുമൊക്കെ പൂശി കുട്ടപ്പനായി ആശാൻ ഭാര്യയേയും നോക്കിയിരിക്കുകയാണ്. ഭാര്യ വന്നു കതകടച്ച്  മൂക്ക് ചുളിച്ചു ചോദിച്ചു.
"അച്ചായൻ കുളിച്ചില്ലേ?"
"കുളിച്ചു, കുളിച്ചു..!"

ഭാര്യ ഉന്തിത്തള്ളി ഭർത്താവിനെ കുളിമുറിയിൽ കയറ്റി, വേഷം മാറ്റി തല വഴി വെള്ളം ഒഴിച്ചു. സോപ്പിട്ടു പുറം നന്നായി കഴുകാൻ തുടങ്ങി.
സാമ്പാറിന്റെ നിറത്തിൽ വെള്ളം ഡ്രെയിനേജ് വഴി പുറത്തേയ്ക്കൊഴുകി. അത് പാർവതിപുത്തനാറുവഴി ആക്കുളം കായലിൽ ഒഴുകിയെത്തി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജലമലിനീകരണബോർഡിൽ നിന്നും   ശാസ്ത്രജ്ഞന്മാർ രാത്രി തന്നെ വന്നു പരിശോധന നടത്തിയെങ്കിലും  അവർക്ക്   ആ മലിനജലത്തിന്റെ സ്വഭാവമോ ഉറവിടമോ മനസ്സിലാക്കാൻ  കഴിഞ്ഞില്ല. (എന്നാൽ പിന്നീട് ബോർഡിലെ ഒരു സീനിയർ സയന്റിസ്റ്റ് ഈ പ്രതിഭാസത്തെപ്പറ്റി  ജനീവയിലെ ഒരു അന്തർദേശീയ സെമിനാറിൽ ഒരു ഖടിതം വായിച്ചു ലോകപ്രസിദ്ധനായി ).

കുറേനേരം പുറം ഉരച്ചു കഴുകിക്കഴിഞ്ഞപ്പോൾ വെള്ളത്തിന്റെ നിറം മാറി അതിന് ഒരു സ്വാഭാവികനിറം  കൈവരിച്ചു. ഒരു ദീർഘനിശ്വാസത്തോടെ ഭാര്യ നോക്കിയപ്പോൾ ഭർത്താവിന്റെ പുറത്തു U  പോലെ ഒരു അടയാളം. ഒരെത്തും പിടിയും കിട്ടുന്നില്ല.
ഭർത്താവ് കൈ പിന്നോട്ടാക്കി പുറത്തു പരതി. കുളിമുറിയുടെ സീലിങ്ങിലേയ്ക്ക് നോക്കി ഗാഢമായി ആലോചിച്ചു. പിന്നെ ഉറക്കെ അട്ടഹസിച്ചു.
"യുറേക്കാ..!"
കയ്യെത്തി പുള്ളിക്കാരൻ ആ ബനിയൻ ഊരി കുളിമുറിയുടെ മൂലയിലേക്കെറിഞ്ഞു.

കല്യാണവും വിരുന്നും കഴിഞ്ഞപ്പോഴേക്കും ഭാരം ഒന്നേകാൽ ക്വിന്റലിനോടടുത്തു.
അതിനെത്തുടർന്ന്  ഭാര്യ ചില കടുത്ത തീരുമാനങ്ങൾ എടുത്തു. വൈകിട്ട് അഞ്ചു മണിക്ക് ആശാനെ ഉന്തിത്തള്ളി വീടിനു പുറത്തേയ്ക്കെറിഞ്ഞു. കുറഞ്ഞത് അഞ്ചു കിലോമീറ്റർ നടന്നിട്ട് വന്നാലേ വീട്ടിൽ തിരിച്ചു കയറ്റൂ. 
സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ അമ്മയെ തിരിഞ്ഞു തിരിഞ്ഞു നോക്കി സ്കൂളിൽ പോകുന്നതുപോലെ, ആശാൻ ഭാര്യയെ തിരിഞ്ഞു തിരിഞ്ഞു നോക്കി മുഖവും കൂർപ്പിച്ച്  ഇഴഞ്ഞിഴഞ്ഞു നീങ്ങും. കാണാമറയത്തെത്തുമ്പോൾ ഭാര്യ ഒരു ദീർഘനിശ്വാസത്തോടെ കതകടച്ച്  അടുക്കളയിലേയ്ക്ക് മടങ്ങും. അച്ചായൻ തിരിച്ചു വരുമ്പോഴേയ്ക്കും  രണ്ടു ചപ്പാത്തീം എണ്ണ ചേർക്കാത്ത വെജിറ്റബിൾ  കുറുമയും  സലാഡും റെഡിയാക്കി വയ്ക്കണം. പാവം അച്ചായൻ..!

ആദ്യത്തെ കുറേനാളുകൾ ഉന്തിത്തള്ളി റോഡിലിറക്കി വിടാൻ കഷ്ടപ്പെടേണ്ടി വന്നു, ദീർഘനിശ്വാസങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു. ഒരാഴ്ച കഴിഞ്ഞതോടെ  അച്ചായൻ ഉഷാറായി. ഭാര്യക്കും സന്തോഷമായി. അല്ലേലും ആദ്യത്തെ മടിയേ ഉള്ളൂ, പിന്നീട് വ്യായാമം ചെയ്തില്ലെങ്കിലാണ് ബുദ്ധിമുട്ട്. ഇതെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് എന്ന് മൂളിക്കൊണ്ട് ബോസ് കൈകൾ വീശി ഗേറ്റ് കടന്നു പോകും. ഒരു എഴുമണിയോടെ വിയർത്ത് കുളിച്ചു തിരിച്ചെത്തും. വിയർത്ത് കുളിച്ചതുകൊണ്ട് ഇനി കുളിക്കണോ എന്ന് ഭാര്യയോടു ആരായും. വിശന്നു കുടൽ കരിഞ്ഞെന്നു പ്രസ്താവിയ്ക്കും. വെജിറ്റബിൾ കുറുമയെ നോക്കി മുരളും.
നടക്കാൻ പോകാൻ ഉന്മേഷത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷെ തടിക്കും ഒരു കുറവുമുണ്ടായില്ല.
കുളിമുറിയിലെ വെയിംഗ് മഷീനും ബോസ്സിന്റെ ഭാര്യയും താടിക്ക് കൈകൾ കൊടുത്തു പരസ്പരം നോക്കിയിരുന്നു. ഭാരം ഒന്നേകാൽ ക്വിന്റൽ തന്നെ.

ഒരു ദിവസം ഭർത്താവ് ഇറങ്ങിയതിനു തൊട്ടുപിന്നാലെ അദ്ദേഹം അറിയാതെ ഭാര്യയും കൂടെ വച്ചു പിടിച്ചു. അത്യുത്സാഹത്തോടെ കൈകൾ വീശി ഒന്നേകാൽ ക്വിന്റൽ കിഴക്കേകോട്ട വഴി പടിഞ്ഞാറേക്കോട്ടയിലെത്തി. ഭാര്യയും പുറകെ നടന്നു വിയർത്തു. ഒന്നേകാൽ ക്വിന്റൽ വടക്കെകോട്ടയിൽ നിന്നും ഫോർട്ട്‌ സ്കൂളിനു മുൻപിലൂടെ തിരിഞ്ഞ് കൈതമുക്കിനു വച്ചു പിടിച്ചു.  ഇത്രേം നടന്നിട്ടും ഈ മനുഷ്യന്റെ തടി കുറയാത്തതെന്താ എന്നാലോചിച്ചു ഭാര്യയും. കൈതമുക്കിലേയ്ക്കു തിരിയുന്ന കോട്ടഗോപുരവാതിലിന്  സമീപം ഒരു തട്ടുകട. ഒന്നേകാൽ ക്വിന്റൽ അവിടെയെത്തിയപ്പോൾ സഡൻ ബ്രേക്ക് ഇട്ടു നിന്നു.

"ഗോപാലാ.."
"അറിയാം സാറേ, മൂന്നു കപ്പേം, രണ്ടു ബീഫ് കറീം, ല്ലേ?'
തലകുലുക്കി കസേരയിൽ ഇരിക്കാൻ തുടങ്ങിയ  മഹാനുഭാവൻ, ആറ്റുകാൽ ദേവിയുടെ രോക്ഷം നിറഞ്ഞ രൗദ്രരൂപം കണ്ടു ചാടിയെഴുന്നേറ്റു നാല് കസേരകളും തട്ടിയെറിഞ്ഞു വന്ന വഴിയേ അപ്രത്യക്ഷനായി.

റിട്ടയർമെന്റ്  പാർടിയിൽ രണ്ടെണ്ണം വീശി, നാല് മേശയും ആറ് കസേരയും മൂന്ന് ലാർജും  മറിച്ചിട്ട് എന്റെ ചുള്ളിക്കമ്പ് ശരീരത്തിൽ ഒന്നേകാൽ കിന്റലും ചാരി,  തുമ്പിക്കൈ വണ്ണമുള്ള കൈ എന്റെ തോളത്തുമിട്ടു ബോസ്സ് ഉറക്കെക്കരഞ്ഞു-
"ഞാൻ പോയാൽ  നിങ്ങൾ ആരെ കളിയാക്കും, പ്രദീപേ?'


(ഇ-മഷി മെയ് 2016 ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )








Saturday 5 March 2016

ഇടക്കൽ ഗുഹയിൽ



യാത്ര എന്ന് പറഞ്ഞാൽ എന്റെ ധർമപത്നിക്ക്‌  പിന്നെ മറ്റൊന്നും വേണ്ട. പിന്നെ അതിനുള്ള തയ്യാറെടുപ്പാണ്. യാത്രയ്ക്കിടയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാകാമോ  അതെല്ലാം തരണം ചെയ്യാൻ വേണ്ട സാമഗ്രികൾ തയ്യാറായിരിക്കും. യാത്ര ചെയ്യുമ്പോഴുള്ള വസ്ത്രങ്ങൾ, യാത്ര ചെയ്യാതിരിക്കുമ്പോഴുള്ള വസ്ത്രങ്ങൾ, കുളിക്കാനുള്ള സോപ്പ് , കൈ കഴുകാനുള്ള സോപ്പ് ("അതെല്ലാം  ഹോട്ടലീന്ന് കിട്ടുമെടീ ..!"), പേസ്റ്റ്, ബ്രഷ്, ചീപ്, കണ്ണാടി, ചാന്തുപൊട്ട് തൊട്ട് കോൾഡ് ക്രീം വരെ, ഏകദേശം പതിനാറോളം അസുഖങ്ങൾക്കുള്ള ആന്റിബയോട്ടിക്കും അങ്കിൾബയോട്ടിക്കും ഉൾപ്പടെയുള്ള മരുന്നുകൾ (അതൊരു പ്രത്യേക പെട്ടിയിൽ),  പത്തുപന്ത്രണ്ടു കുപ്പികൾ നിറയെ തിളപ്പിച്ചാറ്റിയ കുടിക്കാനുള്ള വെള്ളം, പത്തുപന്ത്രണ്ടു കുപ്പികൾ നിറയെ തിളപ്പിച്ചാറ്റാത്ത  ഇടയ്ക്ക് കൈ, മുഖം തുടങ്ങിയവ  കഴുകാനുള്ള  വെള്ളം, ഇടയ്ക്ക് യാത്രയിൽ കൊറിക്കാനുള്ള ബിസ്കറ്റ്, പഴവർഗങ്ങൾ, തുടങ്ങി ഇഞ്ചിമുട്ടായി , ജീരകമുട്ടായി വരെ എല്ലാം കൂടി ഒരു ആറേഴു പെട്ടികൾ, യാത്ര രണ്ടു ദിവസത്തിൽ കൂടുതലായാൽ അത് മണത്തറിഞ്ഞു മോങ്ങി നിലവിളിച്ച് അനുകമ്പ പിടിച്ചു പറ്റി കാറിന്റെ പിൻസീറ്റിൽ സ്ഥാനം പിടിക്കുന്ന മീക്കി എന്ന ശ്വാനി,  എല്ലാം റെഡി. ഇനി നമ്മളിതൊക്കെ  ചുമന്നാൽ മാത്രം  മതി.
"എടിയേ, ബാത്ത്റൂമിൽനിന്ന്  ആ ക്ലോസറ്റ് കൂടി ഇളക്കിയെടുത്തോ"  എന്ന് പറയുന്നതോടെ യാത്ര ആരംഭിക്കുകയായി.

ഇപ്രാവശ്യത്തെ യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. വയനാട് സന്ദർശനമായിരുന്നു മുൻകൂട്ടി പ്ലാൻചെയ്യാതെ പ്ലാൻ  ചെയ്തത്. പത്തുകൊല്ലങ്ങൾക്ക് മുൻപ് ഒരിക്കൽ വയനാട് സന്ദർശിച്ചതാണ്.  ഇനിയും കാണാൻ ഒരുപാട് സ്ഥലങ്ങൾ വയനാട്ടിലുണ്ട് എന്ന് നാട്ടാരും കൂട്ടാരും ഗൂഗിൾ മാപ്പും ഉറപ്പിച്ചു പറഞ്ഞതോടെ വള്ളിയുടെ നിർബന്ധം കൂടി. ഏതായാലും സ്വിറ്റ്സർലണ്ട് കാണണമെന്നല്ലല്ലൊ ആവശ്യപ്പെടുന്നത്. ധർമിഷ്ഠനായ ഭർത്താവ് അതങ്ങ് സമ്മതിച്ചു. മേൽപ്പറഞ്ഞ സാധനസാമഗ്രികളും ഭാര്യയുമായി ഭർത്താവ്  യാത്ര പുറപ്പെട്ടു. മീക്കി നിലവിളിച്ചു കാണിച്ചെങ്കിലും ദുഷ്ടനായ ഗൃഹനാഥന്റെ മനമലിഞ്ഞില്ല.

വയനാട് സന്ദർശനത്തിലാണ് ഇടയ്ക്കൽ ഗുഹ കാണാൻ പോയത്. കഴിഞ്ഞപ്രാവശ്യം പോയപ്പോൾ കയറിൽ തൂങ്ങി പാറക്കെട്ടുകൾ കയറിയ  ത്രില്ല് വള്ളിയുടെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. ഈ വയസ്സാങ്കാലത്ത് "വള്ളി"യെത്തൂങ്ങി പാറയൊക്കെ കയറണോ എന്ന് ചോദിച്ചപ്പോൾ തന്നത്താൻ പിടിച്ചു കയറിയാൽ മതി എന്ന്  വള്ളിയങ്ങ് ഉറപ്പിച്ചു പറഞ്ഞുകളഞ്ഞു.

ഇടയ്ക്കൽ ഗുഹയിലേയ്ക്കുള്ള കുത്തനെയുള്ള കയറ്റം തുടങ്ങുന്നിടത്ത് റോഡരികിൽ ഒരമ്മച്ചി ഒരു മേശപ്പുറത്തു കണ്ണാടി ഭരണികളിലായി ഉപ്പിലിട്ട നെല്ലിക്ക, കാരറ്റ് ,മാങ്ങ, തേങ്ങ തുടങ്ങിയവയുമായി ഇരിക്കുന്നു. ചുമ്മാ നടന്നുപോകുന്ന പൂച്ച, മീൻ വെട്ടുന്ന മനോഹരമായ കാഴ്ച കാണുമ്പോൾ ഒരു വശം കൊണ്ട് ചരിഞ്ഞു ചരിഞ്ഞു ഏങ്ങിയേങ്ങി അങ്ങോട്ടെത്തുന്നത് പോലെ വള്ളിയുടെ ശരീരം ഇടക്കൽ ഗുഹയ്ക്ക് നേരെയും കാലുകൾ ഉപ്പുമാങ്ങാഭരണിക്ക് നേരെയും നീങ്ങി. പണ്ടിതുപോലെ നെയ്യാർ ഡാം കാണാൻ പോയപ്പോൾ ഉപ്പിലിട്ട നെല്ലിക്കാ മേടിച്ചു കഴിച്ച് മൂന്നു ദിവസം  കട്ടിലിനും ബാത്ത് റൂമിനുമിടയിലുള്ള തറയോടു  മുഴുവൻ നടന്നു പോളീഷ് ചെയ്ത കഥ ഓർമിപ്പിച്ചപ്പോൾ പൂച്ചയുടെ കാലുകളുടെ ഗതി ഇടയ്ക്കൽ ഗുഹയ്ക്ക് നേരെയായി. എങ്കിലും "ദുഷ്ടൻ..!" എന്നൊരു വാക്ക് അന്തരീക്ഷത്തിലൂടെ പാറിപ്പറന്നുപോയത് കേട്ടില്ലാ എന്ന് നടിച്ചു.


ഉപ്പുമാങ്ങാ ഭരണി കണ്ട വള്ളി.


വയനാട്  ജില്ലയിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് അമ്പുകുത്തിമല. അതിന്റെ മുകളിലാണ് ഇടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200 മീറ്ററോളം  ഉയരത്തിൽ. അങ്ങോട്ടേയ്ക്കുള്ള യാത്ര രണ്ടു ഭാഗമായിട്ടാണ്. ആദ്യഭാഗത്തിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡിലൂടെ നടന്നു കയറണം. കുത്തനെയുള്ള കയറ്റം കയറുമ്പോൾ വഴി നീളെ റോഡരികിൽ കരകൗശല വസ്തുക്കളും ശീതള പാനീയങ്ങളും വിൽക്കുന്ന കടകൾ ധാരാളം കാണാം. കരിക്ക് വിൽക്കുന്ന കടകൾക്ക്  ചുറ്റും റോഡരികിലും മരച്ചില്ലകളിലും കുരങ്ങന്മാർ യഥേഷ്ടമായി ചാടിയും ഓടിയും സർക്കസ് കാണിച്ചും നടക്കുന്നു.

റോഡ്‌ നിറയെ ആൾക്കാരാണ്. കയറുന്നവരും ഇറങ്ങുന്നവരും. കയറുന്നവർ ഇറങ്ങുന്നവരെ അസൂയയോടെ നോക്കി ചോദിക്കും .
"ചേട്ടാ / ചേച്ചീ ഇനീം ഒരുപാട് കേറണോ?"
പലപ്പോഴും മറുപടി -
"അനുഭവിക്കാൻ കിടക്ക്ണേയുള്ളൂ..!!" എന്നായിരിക്കും.
ചില ഇറക്കവികൃതികൾ
"ഇത്ത്റിപ്പോരം നടന്നാ മതി ചേട്ടാ / ചേച്ചീ " എന്നും മറുപടി നല്കി.
സ്കൂൾ കുട്ടികൾ കൂട്ടം കൂട്ടമായി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവരുടെ പ്രസരിപ്പിന്  ഒരു കുറവുമില്ല. അവർ ഓടിക്കയറുകയും ഓടിയിറങ്ങുകയും ചെയ്യുന്നു.
ഇടയ്ക്ക് വച്ചു കിതപ്പോടെ നിന്നപ്പോൾ അതിലൊരുത്തൻ എന്നെ നോക്കി കമന്റടിച്ച് മുകളിലേയ്ക്ക് കടന്നു പോയി.
"പിക്ക് അപ് പോയെന്നു തോന്നുന്നു..!!"

രണ്ടാം ഭാഗത്തിലാണ് യഥാർത്ഥ ട്രെക്കിംഗ് നടക്കുന്നത്. അതിന്റെ തുടക്കത്തിൽ ടിക്കറ്റ് കൗണ്ടർ ഉണ്ട്. "ഗൗണ്ടറി"ന്റെ അനുവാദമില്ലാതെ മുകളിലേയ്ക്ക് കയറാൻ പാടില്ല. ഈ കുത്തൻ പാറക്കെട്ട് കയറാൻ ഗൗണ്ടറോട് ഇങ്ങോട്ട് കാശ് തരാൻ പറ എന്ന് പറഞ്ഞത് കേൾക്കാതെ വള്ളി ടിക്കറ്റെടുക്കാൻ കൗണ്ടറിലേയ്ക്കു പോയി.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ സംസ്ഥാനത്തിലെ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫ്രെഡ് ഫവ്സിറ്റ്‌ ആണത്രേ 1890 ൽ  ഇടയ്ക്കൽ ഗുഹകൾ കണ്ടെത്തിയത്. വയനാടൻ കാടുകളിൽ  വേട്ടയ്ക്ക് പോയ സായിപ്പ് അവിടുള്ള ഒരു കാപ്പിത്തോട്ടത്തിൽ നവശിലായുഗത്തിലേതെന്നു കരുതുന്ന ഒരു മഴു കണ്ടെത്തിയത്രേ.
" ങാഹാ, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ! " എന്ന് വിചാരിച്ച് പുരാതീനസംസ്കാരകുതുകിയായ സായിപ്പ് ( ബ്രിട്ടീഷ് ഇന്ത്യൻ സായിപ്പന്മാരെല്ലാം പുരാതീനസംസ്കാര-പുരാവസ്തുകുതുകികൾ ആയിരുന്നു എന്ന് കോഹിനൂർ രത്നം വരെ നമ്മളെ പഠിപ്പിച്ചിട്ടുണ്ട് ! ) ആദിവാസികളുടെ സഹായത്തോടെ കാട്  വെട്ടിക്കയറുകയും ഇടക്കൽ ഗുഹകൾ  കണ്ട് അന്തം വിട്ടുനിന്ന് സന്തോഷാശ്രുക്കൾ പൊഴിക്കയും, മടങ്ങിവന്ന്   ഇടക്കൽ  ഗുഹകളെപ്പറ്റി ഒരു നീണ്ട ലേഖനം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തുവത്രെ. അതോടെ ഇടയ്ക്കൽ ഗുഹകൾ ലോകപ്രസിദ്ധമാകുകയും അത് രണ്ടു പ്രാവശ്യം സന്ദർശിക്കണമെന്ന് വള്ളി വാശി പിടിക്കുകയും ചെയ്തു.

രണ്ടാംഘട്ട മലകയറ്റത്തിൽ  പാറക്കെട്ടുകൾ വലം വച്ചും കല്ലിൽ കൊത്തിയ പടികൾ കയറിയുമാണ്‌ മുൻപോട്ടു പോകേണ്ടത്. അത്യാവശ്യം പിടിച്ചു കയറാൻ അവിടവിടെ കൈവരികളും പിടിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നിന്നും കിതപ്പടക്കിയും പാറക്കെട്ടുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്തും ഞങ്ങൾ മലകയറ്റം തുടർന്നു. ഇടയ്ക്ക് "പിക്കപ്പ് പോയോ" എന്ന കമന്റ് പാസാക്കിയവൻ പിക്കപ്പ് പോയി ഒരു പാറയിന്മേൽ വണ്ടി പാർക്ക് ചെയ്തിരിക്കുന്നതും കണ്ടു. ഞങ്ങളെ കണ്ടതോടെ അവൻ ഒരു വളിച്ച ചിരിയുമായി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുകളിലേയ്ക്ക് പാറകൾ ചവിട്ടിക്കയറി.



ഇടക്കൽ ഗുഹയുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞാൽ അമ്പുകുത്തിമലയുടെ ചുറ്റുമുള്ള മലകളും താഴ്‌വാരങ്ങളും കാണാൻ അതിമനോഹരമാണ്. അവിടെ നിന്നും വീണ്ടും മുകളിലേയ്ക്ക് പോകാമെങ്കിലും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണ്. മലമുകളിൽ നിന്നും നോക്കിയാൽ കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാടുകൾ കാണാമത്രെ.


ഗുഹാവാതിൽക്കൽ നിന്നുള്ളകാഴ്ച 

പരസ്യമായ ഒരു രഹസ്യം പറയാം. യഥാർഥത്തിൽ ഇടയ്ക്കൽ ഗുഹ ഒരു ഗുഹയേ  അല്ല. കൽപ്പാളികൾക്കിടയിലുള്ള  ഒരു സ്ഥലം മാത്രം. രണ്ടു കല്പാളികൽക്കിടയിൽ "നിങ്ങൾ മാറല്ലേ, മാറിയാ ഞാനിപ്പൊ താഴെ വീഴും " എന്ന മട്ടിൽ ഉയരത്തിൽ മറ്റൊരു കല്പാളി. ഇവകൾ ചേർന്നാണ് ഇടക്കൽ ഗുഹ ഉണ്ടായിരിക്കുന്നത്.  ഇടയിൽ ഒരു കല്ല്‌ എന്ന അർഥത്തിലാണ് "ഇട-ക്കൽ " എന്ന പേരുണ്ടായതത്രേ. ഭൂകമ്പം മൂലമാണ് ഈ അപൂർവസൃഷ്ടി ഉണ്ടായതെന്നും കരുതപ്പെടുന്നു. എന്നാൽ പണ്ട് ശ്രീരാമൻ അമ്പ് എയ്ത്  മലയിൽ ഉണ്ടായ ഒരു വലിയ മുറിപ്പാടാണിതെന്നും അതുകൊണ്ടാണ് ഈ മലയ്ക്ക് അമ്പുകുത്തി മല എന്ന് പേരുണ്ടായതെന്നും പുരാണവിശ്വാസികൾ കരുതുന്നു.


"ഇട-ക്കൽ " ഇപ്പോൾ തലയിൽ വീഴും മട്ടിൽ 

ഗുഹയുടെ പ്രവേശനകവാടത്തിലൂടെ അകത്തേയ്ക്കിറങ്ങിയാൽ ആദ്യം കണ്ണിൽ പെടുന്നത് ഇടതുവശത്തെ കല്പാളിയിലുള്ള ശിലാലിഖിതങ്ങളാണ്. പല തരത്തിലുള്ള രേഖാചിത്രങ്ങൾ കല്ലിൽ കൊത്തി വച്ചിരിക്കുന്നു. മുകളിൽ നിന്നും ഉതിർന്ന് വീഴുന്ന സൂര്യപ്രകാശത്തിന്റെ നിറവിൽ ഈ രേഖാചിത്രങ്ങൾ അതിന്റെ ത്രിമാനതലം നമുക്ക് കാട്ടിത്തരുന്നു. മഴക്കാലത്ത് കല്പാളികളിൽ ഉതിരുന്ന നനവ് പച്ചപ്പായലായി അവിടവിടെ കാണപ്പെടുന്നു. ഇരുളിന്റെയും വെളിച്ചത്തിന്റെയും പച്ചപ്പായലിന്റെയും കല്പാളികളുടെ ഗാംഭീര്യത്തിന്റെയും  അഭൂതപൂർവമായ ഒരു സങ്കലനം നമ്മെ അദ്ഭുതപരതന്ത്രരാക്കി, നിശബ്ദരാക്കി നിർത്തുന്നു. പരിപൂർണനിശബ്ദതയാണ് ഗുഹയെ  ഒരു മിന്നൽപ്പിണറായി നമ്മുടെ മനസ്സിലേയ്ക്ക് തള്ളിവിടുന്നത്. അതു ഭേദിക്കുന്നവരെ സെക്യൂരിറ്റി ജീവനക്കാർ  പറഞ്ഞു  നിശബ്ദരാക്കുന്നു.മൊബൈൽ ഫോൺ ഓഫാക്കാൻ നിർബന്ധിക്കുന്നു.

മൂന്നു കാലഘട്ടങ്ങളിലെ പെട്രോഗ്ലിഫ്സ് (petroglyphs) എന്നറിയപ്പെടുന്ന  ശിലാലിഖിതങ്ങളാണ് ഇടക്കൽ ഗുഹയ്ക്കകത്തുള്ളത്. ഏറ്റവും പഴക്കം ചെന്ന ഇടതുവശത്തെ ലിഖിതങ്ങൾ ക്രിസ്തുവിനും എഴായിരത്തോളം വർഷങ്ങൾക്ക്  മുൻപ്‌  നവീനശിലായുഗത്തിൽ രേഖപ്പെടുത്തിയതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ ലിഖിതങ്ങൾക്ക്  സിന്ധുനദീതടസംസ്കാരമായും ഹാരപ്പൻ സംസ്കാരവുമായും ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. ചില ലിഖിതങ്ങൾ ഹാരപ്പൻ സംസ്കാരകാലത്തെ പൊതുവായുള്ള ബിംബങ്ങളുമായി സാമ്യമുള്ളതാണത്രേ.




മൊത്തത്തിൽ ഒരു ആഘോഷത്തിന്റെതായ ഭാവമാണ് ഈ ശിലാലിഖിതങ്ങളിലുള്ളത്. ശിരസ്സിൽ തൂവൽതൊപ്പിയും മറ്റു ആടയാഭാരണങ്ങളും മുഖംമൂടികളും അണിഞ്ഞ മനുഷ്യരൂപങ്ങളും നൃത്തലാസ്യഭാവങ്ങളും  മറ്റും കാണാം.  എന്നാൽ ഇതിലെ  മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റു സാധനങ്ങളുടെയും ബിംബങ്ങളുടെയും അർഥങ്ങൾ ഇനിയും ഇഴപിരിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഏതാണ്ട് നാനൂറില്പരം അടയാളങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.





ക്യാമറ ഗുഹയ്ക്കുള്ളിൽ അനുവദനീയമാണ്. നിഴലും വെളിച്ചവും ഇടകലർന്ന ശിലാരേഖാചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. തലമുകളിൽ ഞാനിപ്പോ വീഴുമേ എന്ന് പറയുന്ന കല്പാളിയിലും പിന്നെ അതിന്റെ താഴെ നിന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന എന്നെയും  മാറിമാറി നോക്കി  വള്ളി പറഞ്ഞു,
"നീയിങ്ങോട്ടു മാറി നിന്ന് ഫോട്ടോ എടുക്ക് ! "





മുൻപോട്ടു നീങ്ങിയാൽ ചില ലിപികളും കൊത്തി  വച്ചിരിക്കുന്നത് കാണാം. അത് പക്ഷെ അശോക ചക്രവർത്തിയുടെ കാലത്ത് നിലവിലിരുന്ന എഴുത്തുകളുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.



ഗുഹയുടെ അങ്ങേത്തലയ്ക്കൽ കല്പാളികൾ പരസ്പരം ചേരുന്നിടത്ത്‌ ഒരു നീണ്ട വിടവ് കാണാം. അതുവഴി താഴ്‌വാരത്തിന്റെ ഒരു രഹസ്യക്കാഴ്ച കാണാനുള്ള  അവസരം കൂടിയുണ്ട്. നവശിലായുഗത്തിന്റെ ശാന്തതയിൽ നിന്നും ഇന്നിന്റെ സംക്ഷോഭത്തിലേയ്ക്ക് ഉളിഞ്ഞു നോക്കി നമുക്ക് അൽപനേരം സ്തഭിച്ചു നില്ക്കാം.

വലതുവശത്തെ കല്പാളികളിലും കൊത്തുലിഖിതങ്ങൾ ഉണ്ട്. പക്ഷെ അവ കൂടുതലും ഇരുളിന്റെ മറവിൽ ആയിരുന്നു.

കണ്ടവർ കണ്ടവർ വഴി മാറുക എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ അഭ്യർത്ഥന വള്ളി ഒരു ലോഡ് പുശ്ചം വിതറി നിർദാഷണ്യം തള്ളിക്കളഞ്ഞു . എന്റെ ഭാര്യയില്ലാതെ ഞാൻ പോകുന്ന പ്രശ്നമില്ല എന്ന ഭാവത്തിൽ ഞാനും ഇടക്കൽ ഗുഹയുടെ  മാസ്മരികതയിൽ മുങ്ങിക്കുളിച്ചു നിന്നു.

മണിക്കൂറുകൾക്കു  ശേഷം ഇടക്കൽ ഗുഹയോടു വിട പറഞ്ഞു ഞങ്ങൾ അമ്പുകുത്തി മലയിറങ്ങി.
സത്യത്തിൽ കയറുന്നതിലും ആയാസകരമാണ്‌  മലയിറക്കം. വഴിയിൽ  നിന്നും ചിരട്ടപ്പുട്ട് പാത്രവും മുളംപുട്ടുകുറ്റിയും മറ്റും വാങ്ങി വള്ളി എന്റെ  തലയിൽ വച്ചുതന്നു. അതും ചുമന്നു ഇറങ്ങുമ്പോൾ കയറി വരുന്നവരെ നോക്കി  ഇളിച്ചുകാട്ടി ഞാൻ ചോദിച്ചു,
"പിക്കപ്പ് പോയി അല്ലെ?"

"ഇനി ഒരുപാടു ദൂരമുണ്ടോ ചേട്ടാ " എന്ന് ചോദിച്ചവരോട് മുഴുവൻ " ദാ , ആ വളവ് അങ്ങട് തിരിഞ്ഞാ മതി " എന്ന് പറഞ്ഞു എന്റെ കാലിന്റെ വേദന മുഴുവൻ മാറ്റി.
ഇടയ്ക്ക് കരിക്ക് വാങ്ങി വെള്ളം കുടിച്ചിട്ട് അതിന്റെ മൃദുലമായ തേങ്ങാപ്പൂളുകൾ കുരങ്ങന്മാരുമായി പങ്കിട്ടു  കഴിച്ചു.അവരുടെ വികൃതികൾ ആസ്വദിച്ചു. വള്ളിക്ക് അതിലൊരെണ്ണത്തിനെ വീട്ടിൽ കൊണ്ടുപോയാൽ  കൊള്ളാമെന്നുണ്ടായിരുന്നു. ഞാൻ സൗദിക്ക് മടങ്ങുമ്പോൾ വീട്ടിൽ ഒരു കൂട്ടായല്ലോ എന്ന് അവൾ ചിരിച്ചു കൊണ്ട് ഒരു ന്യായം പറഞ്ഞപ്പോൾ അതിനല്ലേ വീട്ടിൽ  പട്ടിയുള്ളത് എന്ന ദേഷ്യത്തിലുള്ള  എന്റെ മറുപടിയിലും അവൾ ഉറക്കെ ചിരിച്ചു.



താഴ്‌വാരത്തിൽ എത്തിയപ്പോൾ മീൻ കണ്ട പൂച്ചയുടെ കാലുകൾ വീണ്ടും നെല്ലിക്കാ-ഉപ്പു മാങ്ങാക്കുപ്പിക്ക്  നേരെ എങ്ങിയേങ്ങിപ്പോകുന്നത് കണ്ടു. കുറഞ്ഞത്‌ ഒരു മൂന്ന് ദിവസത്തെ സുഖശോധന  കുപ്പിയുടെ പുറത്തു ഗാരന്റി ആയി എഴുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അന്തരീക്ഷം വീണ്ടും കനത്തെങ്കിലും ഇടിവെട്ടിയില്ല.

കാറിൽ കയറി യാത്ര തുടരുമ്പോൾ ചോദിച്ചു.
"സമാധാനമായല്ലോ  നിനക്ക്. ഇടക്കൽ ഗുഹ ! മനുഷ്യന്റെ കാല് പൊളിഞ്ഞു..!"
അവൾ എന്നെ നോക്കി പറഞ്ഞു.
"നിനക്കങ്ങനെ തന്നെ വേണം. എനിക്കിനിയും വരണം"
ഞാൻ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു് മുൻപോട്ടു നോക്കി പിറുപിറുത്തു.
"എന്നാലും ദുഷ്ടൻ ഉപ്പുമാങ്ങ മേടിച്ചു തന്നില്ല ! "



Saturday 3 October 2015

അമ്മുവും രണ്ട് ആട്ടിൻകുട്ടികളും


ആദ്യത്തെ കണ്മണി അവളുടെ കുഞ്ഞിക്കാലടികൾ വച്ചു  കടന്നു വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ വർണാഭമായി. കുഞ്ഞുങ്ങളുടെ വരവ് അതുവരെ തുടർന്നുകൊണ്ടിരിക്കുന്ന ജീവിതശൈലിയെത്തന്നെ ഉടച്ചുവാർക്കും എന്ന് പറയുന്നത് എത്ര ശരിയാണ്.


വീട്ടിൽ അവളെ എന്ത് ഓമനപ്പേരാണ്‌   വിളിക്കേണ്ടതെന്ന കാര്യത്തിൽ എനിക്കും വള്ളിക്കും വലിയ ചിന്താക്കുഴപ്പങ്ങൾ ഒന്നും തന്നെയുണ്ടായില്ല. വെറും രണ്ടു  വയസ്സുകാരനായ  അവളുടെ കസിൻ ഒരു സുപ്രഭാതത്തിൽ അതങ്ങ് പ്രസ്താവിച്ചു. "അമ്മു"

എല്ലാവരും അതംഗീകരിക്കുകയും ചെയ്തു.

ഔദ്യോഗികനാമം എന്തായിരിക്കണമെന്നു വള്ളിയും ഞാനും  കൂലങ്കഷമായി ചിന്തിച്ചു. വായിച്ചതും  കേട്ടറിഞ്ഞതുമായ ഒരുപാട് നാമങ്ങൾ ഓർമയുടെ അഗാധതയിൽ നിന്നും മുങ്ങിത്തപ്പി ഉപരിതലത്തിലെത്തിച്ചു. എനിക്ക് ഇഷ്ടമാകുന്നത് അവൾക്കിഷ്ടമാകില്ല. അവൾക്കിഷ്ടമാകുന്നത് എനിക്കിഷ്ടമാകില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമാകുന്നത് അമ്മുവിന് ഇഷ്ടമാകുമോ എന്നും സന്ദേഹിച്ചു.

വെട്ടം മാണിയുടെ പുരാണനിഘണ്ടു പേരുകളുടെ ഒരു ഭണ്ഠാഗാരമാണെന്ന് എത്രപേർക്കറിയാം? ചന്ദ്രന്റെ ഇരുപത്തിയേഴ്  ഭാര്യമാരാണ് ജന്മനക്ഷത്രങ്ങൾ. അശ്വതി, ഭരണി, കാർത്തിക എന്ന് തുടങ്ങി  രേവതി വരെ. ചന്ദ്രൻ ആള് മോശക്കാരനല്ല. സംസ്കൃതത്തിൽ ഈ നക്ഷത്രങ്ങളുടെ പേരുകൾക്ക്‌  അല്പം വ്യത്യാസമുണ്ട്. അശ്വിനി, ഭരണി, കൃത്തിക, രോഹിണി, മ്രുഗാഷിർഷ  അങ്ങനെ പോകുന്നു. അമ്മുവിൻറെ ജന്മനക്ഷത്രം ഭരണി ആയിരുന്നു. ആ പേര് പറഞ്ഞപ്പോഴേ അമ്മു രണ്ട് കുഞ്ഞിക്കൈകളിലേയും മുഷ്ടികൾ ചുരുട്ടി ഞങ്ങൾക്കെതിരെ ആഞ്ഞു വീശി. അവളുടെ അമ്മയുടെ ജന്മനക്ഷത്രമായ പൂയത്തിന്  പുഷ്യ എന്നാണ്‌ സംസ്കൃതനാമം. അത് പൂയക്കാരിതന്നെ തള്ളി. ഒടുവിൽ അച്ഛന്റെ  നക്ഷത്രമായ തിരുവാതിരയിൽ ഞങ്ങളുടെ മനസ് ഉടക്കി നിന്നു. 
ആർദ്ര. 
അങ്ങനെ ഒടുവിൽ അമ്മുവിൻറെ അച്ഛന്റെ ജന്മനക്ഷത്രമായ തിരുവാതിരയുടെ സ്കൂളിലെ പേരായ  ആർദ്ര എന്ന പേരിനു നറുക്ക് വീണു.
നോക്കണേ ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം.!
ആർദ്ര എന്നതിന് ആർദ്രമായ മനസ്സുള്ളവൾ എന്നാണർത്ഥം എന്ന് പറഞ്ഞപ്പോൾ നിന്റെ ജന്മനക്ഷത്രം അതുതന്നെയാണോ എന്ന് വാമഭാഗം വർണ്യത്തിൽ ആശങ്ക പുറപ്പെടുവിച്ചു. നീയെന്റെ വാമഭാഗ്യം തന്നെ എന്ന് ഞാനും മറുപടി നൽകി.
അങ്ങനെ നക്ഷത്രങ്ങളിലൊന്നും  തന്നെ വിശ്വാസമില്ലാത്ത ഞങ്ങൾ ഒരു നക്ഷത്രത്തിന്റെ പേര് തന്നെ അമ്മുവിൽ ചാർത്തി. 

പ്രായത്തിന്റെ പ്രത്യേകതയാകാം ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് അച്ഛനമ്മമാർക്ക് എപ്പോഴും ഒരു കളിപ്പാട്ടമാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമാകട്ടെ അവരുടെ  ജീവിതത്തിലെ ഗൗരവതരമായ ഒരു വഴിത്തിരിവുമാണ്. തന്മൂലം കുഞ്ഞുങ്ങളെച്ചൊല്ലി രണ്ടു തലമുറകൾ തമ്മിൽ കലഹിച്ചുകൊണ്ടേയിരുന്നു.


അമ്മു ഞങ്ങൾക്കൊരു കളിപ്പാട്ടമായിരുന്നു. ഇരുപത്തിയേഴുവയസ്സിൽ ഇന്നാ നിങ്ങളെടുത്തോ എന്ന് പറഞ്ഞ് ജീവിതം കൈകളിൽ  തന്ന ഒരു കളിപ്പാട്ടം.

അവളെ കയ്യിൽ  എടുത്തു തുള്ളിക്കുക, ഉയരത്തിൽ പൊക്കി താഴേയ്ക്ക് കൊണ്ടുവരിക, അപ്പോഴുണ്ടാകുന്ന കുടുകുടാച്ചിരി ആസ്വദിക്കുക, ഒളിച്ചേ - കണ്ടേ കളി കളിക്കുക,  ചുണ്ട് പിളർത്തൽ കാണാൻ സങ്കടപ്പെടുത്തുക  തുടങ്ങിയ എല്ലാ കുന്നായ്മകളും അവളിൽ  പ്രയോഗിച്ചു.
മറ്റുള്ളവർ അമ്മൂ എന്ന് വിളിക്കുമ്പോൾ   ഞങ്ങൾ അവളെ കുഞ്ഞമ്മിണി, ഉമ്പിരി, അങ്ങനെ വായിൽത്തോന്നിയതൊക്കെ വിളിച്ചു.കവിളുകൾ സാമാന്യത്തിലധികം ചാടി നിന്നതുകൊണ്ട് "ബുൾഡോഗേ..!! " എന്നും പുന്നാരിച്ചു. 

ഉറക്കാനായി അവളെ കൈകളിൽ എടുത്ത് അവളുടെ കാലുകൾ രണ്ടും വയറിന്റെ ഇരുവശത്തുമായി വച്ച് കൈകളിൽ ദേഹം കിടത്തി കൈപ്പത്തികളിൽ തലതാങ്ങി ഇടത്തോട്ടും വലത്തോട്ടും മന്ദമായി ആട്ടും. പത്തുപ്രാവശ്യം അങ്ങനെ ആട്ടിക്കഴിയുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ കൂമ്പിയടയും.

അവളുടെ അച്ഛൻ അഭിമാനിക്കും.
"കണ്ടോടീ, അവൾ എൻറെ  കയ്യിൽ  കേറിയാൽ മതി അപ്പൊ ഉറങ്ങും"
അവളുടെ അമ്മ കുശുമ്പിക്കും.
"ഓ, വല്യ കാര്യമായിപ്പോയി..!"

 ജീവിതാനുഭവങ്ങൾ കൂടുതൽ ഉള്ള അമ്മ ഉപദേശിച്ചു.

"ഡാ, നീയവളെ ഇങ്ങനെ ഓരോന്ന് പഠിപ്പിക്ക്, ഒടുവിൽ അവൾ ഇങ്ങനെയല്ലാതെ ഉറങ്ങാതാവും "
അതുതന്നെ ഒടുവിൽ സംഭവിച്ചു.
പാതിരാത്രിയിൽ വാമഭാഗം തല്ലിയുണർത്താൻ തുടങ്ങി.
"പ്രദീപേ, ഒന്നെഴുന്നേല്ക്ക്. ദേ ഞാനുറക്കീട്ട് ഇവളുറങ്ങുന്നില്ല. നീയിവളെ ഒന്നെടുത്തുറക്കെടാ..അവളെന്നെ ഉറങ്ങാൻ സമ്മ്തിക്ക്ന്നില്ല "
നോക്കിക്കോണേ ഓരോ പാര.!!
എന്റെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി.

കുഞ്ഞുങ്ങളുണ്ടായിക്കഴിയുമ്പോൾ സമയത്തിന്റെ  ഓട്ടത്തിന് എന്തൊരു വേഗതയാണ്. കണ്ണടച്ചുതുറക്കും മുൻപേ, അമ്മു  കമഴ്ന്നു വീണ് പൊങ്ങിയെഴുന്നേറ്റു മുട്ടുകാലിൽ വലിയാൻ തുടങ്ങി. മുട്ടുകാലിൽ ഇഴഞ്ഞു നീങ്ങി വാടകവീട്ടിലെ മുറികൾ  ഓരോന്നും  കയറിയിറങ്ങുന്നതായി  അവളുടെ പ്രധാന വിനോദം.

അതിവേഗതയിൽ തറയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചോനൽഉറുമ്പിനെ അതേ വേഗതയിൽ മുട്ടിലിഴഞ്ഞു നീങ്ങി പിടിക്കാനുള്ള അവളുടെ ശ്രമം എല്ലാവരിലും വിസ്മയവും ചിരിയുമുണർത്തി.ചോനൽ ഉറുമ്പ് അങ്ങോട്ടുമിങ്ങോട്ടും ദിശ മാറി ഓടുമ്പോൾ അതെ വേഗതയിൽ ഒരു കിളിത്തട്ട് കളിക്കാരിയുടെ അസാമാന്യ മെയ് വഴക്കത്തിൽ അവളും മുട്ടിൽ ഇഴഞ്ഞു നീങ്ങി.

എന്നാൽ മഹത്തായ ഒരു അനുഭവം അവൾ അവളുടെ ചിറ്റപ്പനായി നീക്കി വച്ചിരുന്നു.


അക്കാലത്ത് ഒരു വക്കീലാകാനുള്ള തീവ്രശ്രമം നടത്തിയിരുന്ന ആ  മഹാന്റെ ഒരു പ്രധാനപ്പെട്ട ജോലി രാവിലെ കോളേജിൽ പോകുന്നതിനു മുൻപ് പഴങ്കഞ്ഞി കുടിക്കുക എന്നതായിരുന്നു. മറ്റൊരു പഴങ്കഞ്ഞിയായ ചേട്ടത്തിയെക്കൂടി കിട്ടിയതോടെ അവന്റെ കാര്യം കുശാലായി.

രാവിലെ കുളിച്ചു കുട്ടപ്പനായി പൌഡറുമൊക്കെ പൂശി ഭാവിവക്കീൽ ഒരു പാത്രം നിറയെ പഴങ്കഞ്ഞിയുമെടുത്ത്  ഊണുമുറിയിൽ കഴിക്കാനായി ഇരിക്കും. ചേട്ടത്തി ഉണ്ടാക്കിക്കൊടുത്ത കാ‍ന്താരിമുളക് ഉടച്ചത്  പഴങ്കഞ്ഞിയിലിട്ട്  അങ്ങോട്ടുമിങ്ങോട്ടും വട്ടത്തിൽ കറക്കും.  ഈ സങ്കലനം നടത്തുമ്പോഴെല്ലാം  അവൻ "ശ് ശ് ..."  എന്ന് ചില രുചിശബ്ദങ്ങൾ പുറപ്പെടുവിക്കും.അമ്മു അവിടെവിടെയെങ്കിലുമുണ്ടെങ്കിൽ അത് കേൾക്കുമ്പോൾ മുട്ടുകാലിൽ ഇഴഞ്ഞ് ഓടി വരും. ഊണുമേശയുടെ കാലിൽ  തത്തിപ്പിടിച്ച് എഴുന്നേറ്റു നില്ക്കും. പഴങ്കഞ്ഞി അടിച്ചു കേറ്റുന്ന ചിറ്റപ്പന്റെ മുഖത്തേയ്ക്ക് ആരാധനയോടെ നോക്കി നില്ക്കും.


പഴങ്കഞ്ഞി ഇടം വലം വട്ടത്തിൽ കറക്കി വായിലേയ്ക്ക് വിക്ഷേപണം നടത്തുമ്പോൾ ചിറ്റപ്പൻ കണ്ണടച്ച് ശ് ശ്  എന്ന് രുചിശബ്ദം ഉണ്ടാക്കി അവളോട്‌ ചോദിക്കും,

"ഡീ അമ്മൂ, എന്തോ രുചിയാടീ, നിനക്ക് വേണോടീ"

അമ്മു ചിറ്റപ്പന്റെ മുഖത്തേയ്ക്കു ആരാധനയോടെ നോക്കി മന്ദഹസിച്ചിട്ട് ആ നിൽപ്പിൽത്തന്നെ  അവിടെ ഒന്നും രണ്ടും സാധിക്കും.


തന്റെ രുചിയുടെ മേൽ പതിച്ച ആ  ദുർഗന്ധത്തിന്റെ താഢനമേറ്റ് ഞെട്ടിയുണർന്ന്  പാത്രവുമായി ചിറ്റപ്പൻ  ഒറ്റച്ചാട്ടത്തിൽ അടുത്ത മുറിയിലെത്തും. പോകുന്ന വഴിക്ക് അലറിവിളിക്കും.

"വൃത്തികെട്ടവൾ..!! ചേട്ടത്തിയെ, ദാണ്ടിവള് ഊണുമുറിയിൽ സാധിച്ചു"

ഈ കലാപരിപാടി ഒരു ദിവസം കൊണ്ട് നിന്നില്ല.

എപ്പോഴൊക്കെ ചിറ്റപ്പൻ പഴങ്കഞ്ഞി കഴിക്കാനിരിക്കുന്നോ അപ്പോഴെല്ലാം അവൾ മുട്ടിലിഴഞ്ഞു വന്ന് ഊണുമേശയുടെ  കാലിൽ തത്തിപ്പിടിച്ച് കയറി  കാര്യം  സാധിക്കാൻ തുടങ്ങി. അഥവാ ചിറ്റപ്പന്റെ  പഴങ്കഞ്ഞികുടിയാണ് തന്റെ പ്രകൃതിയുടെ വിളി എന്നവൾ അങ്ങ് ഉറപ്പിച്ചു.

പഴങ്കഞ്ഞികൊതിയൻ സഹികെട്ട് പരിതപിച്ചു.

"ഞാങ്കഴിക്കാനിരുന്നാ മതി, അവള് ഏങ്ങിയേങ്ങി വരും, കാര്യം സാധിക്കാൻ..! ന്റെ പഴങ്കഞ്ഞീടെ  രുചിയെല്ലാം പോയി !!"




പിച്ചവെച്ചു നടന്നും ഉരുണ്ടുവീണും ഓടിനടന്നും കുരുത്തക്കേടുകൾ കാട്ടിയും മൂന്നു വർഷങ്ങൾ ഞങ്ങളുടെ കണ്ണുകൾ കെട്ടി അങ്ങനെ പാഞ്ഞുപോയി. മൂത്രത്തിന്റെയും സോപ്പിന്റെയും ബേബി പൗഡറിന്റെയും മണം നിറഞ്ഞുനിന്ന വർഷങ്ങൾ. ആദ്യമായി കമഴ്ന്നു വീണത്‌, മുട്ടിൽ ഇഴഞ്ഞു നടന്നത്, പിച്ചവച്ചു നടന്നത്, വാക്കുകൾ ചൊല്ലിയത്, അങ്ങനെയെല്ലാം അവളുടെ അമ്മ കൃത്യതയോടെ ഡയറിയിൽ കുറിച്ചുവച്ചു.

ഉറക്കാൻ വേണ്ടി കഥകൾ  വായിച്ചുകൊടുക്കുന്ന സ്വഭാവം തുടങ്ങി വച്ചത് അവളുടെ അമ്മയാണ്. "എന്റെ അമ്മേം അമ്മൂമ്മേമൊക്കെ  കഥ പറഞ്ഞാണ്  ഞങ്ങളെയൊക്കെ ഉറക്കിയത്" എന്നായിരുന്നു വാദം. 

ഇതൊരു പാരയാകുമേ എന്ന് പറഞ്ഞത് ആര് കേൾക്കാൻ.

കഥകളുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പുതിയ പുതിയ കഥാപുസ്തകങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കിടക്കുന്നതിന് അരമണിക്കൂർ മുന്പ് അമ്മയും മോളും ചേർന്നുള്ള കഥയരങ്ങാണ്. ആദ്യം തന്നെ രണ്ടു പേരും ഒരു ഉഭയകക്ഷികരാർ ഒപ്പിടും.  

" ഇന്ന് നാലു  കത..! " - മോൾ 
" ഇന്നൊരു കഥ..!" - അമ്മ 
" ന്നാ മൂന്നു കത..!"  - മോൾ 
" ഒരു  കഥ, എനിക്ക് കിടന്നുറങ്ങണം..! "  - അമ്മ 
" രണ്ടു കത്ത..!!  .. ങ്ഹീ..!! "  - മോൾ 
" മോങ്ങണ്ട, രണ്ടു കഥ . അതുകഴിഞ്ഞു മിണ്ടാണ്ട്  കിടന്നുറങ്ങിക്കോണം ! " - അമ്മ 
" ങ്ഹാ, ഞാനുറങ്ങാൻ പോകുന്നു" - അച്ച 
" കൊല്ലും ഞാൻ..!! "  - അമ്മ 

പക്ഷെ, കരാറിനുള്ളിൽ  ഇൻഷറൻസുകാർ  ചെയ്യുന്നതു പോലെ അമ്മു കുഞ്ഞക്ഷരങ്ങളിൽ ചില പാരകൾ തിരുകും.

"ഒരിടത്തൊരിടത്തൊരിടത്തൊരു രാജകുമാരനുണ്ടായിരുന്നു..."
ഈ രാജകുമാരനെക്കൊണ്ട് ഉള്ള തോന്ന്യാസമൊക്കെ കാണിപ്പിച്ചിട്ട്  ഒരു വിധത്തിൽ അവസാനം അങ്ങേരെ രാജകുമാരിയെക്കൊണ്ട് കെട്ടിപ്പിച്ചു  സുഖമായി കൊട്ടാരത്തിൽ താമസിപ്പിക്കും. ഈ കർത്തവ്യത്തിനിടയിൽ എങ്ങാനും അമ്മ  ഒന്ന് മയങ്ങിപ്പോയാൽ രാജകുമാരി കാലുപൊക്കി  മുതുകിന് തൊഴിക്കും. ഞെട്ടിയുണർന്നു  രാജകുമാരനെയും രാജകുമാരിയും ഒരു വഴിക്കാക്കേണ്ട ചുമതല അമ്മയ്ക്കുള്ളതാണ്.
കരാർ പ്രകാരമുള്ള കഥകൾ   തീരുമ്പോഴാണ് ആന്റിക്ലൈമാക്സ്.
ഒരു മൂളിക്കരച്ചിൽ.
"ന്താടീ, കഥ  കേട്ടില്ലേ? മോങ്ങാതെ കിടന്നുറങ്ങ്.."
"ഇതമ്മ നേരത്തെ പറഞ്ഞ കത്തയാ..ങ്ഹീ ...! "
"ദുഷ്ടെ, കഥ തീരുന്നത് വരെ നീയത് പറഞ്ഞില്ലല്ലോ..!!"
എങ്ങനുണ്ട് അവളുടെ പുത്തി.!

അച്ചയോട് കഥ ആവശ്യപ്പെടുന്ന രീതി നിലവിലില്ലായിരുന്നു.അഥവാ പ്രായോഗികതലത്തിൽ അതൊരു വമ്പൻ പരാജയമായിരുന്നു.

"അച്ചെ, ഒരു കത പറയാമോ?"
"പോടീ, ഈ പാതിരാത്രിക്കാ കഥ.!!.കെടന്നുറങ്ങ്‌..!!"
"ഹ, കുഞ്ഞിനൊരു കഥ പറഞ്ഞുകൊടുക്ക്.."
"ന്നാപ്പിന്നെ നിനക്ക് പറഞ്ഞു കൊടുത്തൂടെ?"
"എനിക്ക് ഒറക്കം വരുന്നു. എന്നും ഞാനല്ലേ പറയുന്നത്, ഇന്നച്ച പറഞ്ഞുകൊടുത്താൽ മതി..!!"
ന്യായം..!!

"അച്ചേ, കത പറ..കത പറ.."
"ഈശ്വരാ, പന്ത്രണ്ടു മണി..! ഒരു കഥേം വരുന്നില്ലല്ലോ..!!"
"അച്ചേ, കത പറ..കത പറ.."
"ശരി..ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയൊണ്ടായിര്ന്നു.. അല്ലേ വേണ്ട, ഒരു തുന്നക്കാരി ഉണ്ടാര്ന്നു.. അല്ലേ വേണ്ടാ ഈ അമ്മുവാ ആ തുന്നക്കാരി.."
"ഞാന്തുന്നക്കാരി.!"
"അതെ..ഒരു ദിവസം അമ്മു തുണി തുന്നിത്തുന്നി അങ്ങനിരിക്കുമ്പോ സൂചി താഴെപ്പോയി.. എത്ര നോക്കീട്ടും സൂചി കിട്ടീല്ല.."
"ന്നിട്ട്?"
"എന്നിട്ട് എന്ന് ചോദിച്ചാൽ സൂചി കിട്ട്വോ?"
"ഇല്ല .."
"ഇല്ലാന്ന് പറഞ്ഞാൽ സൂചി കിട്ട്വോ?"
"കിട്ടില്ല .."
"കിട്ടില്ലാന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ചേ .."
"അച്ചേന്നു വിളിച്ചാ സൂചി കിട്ട്വോ?"
"കഥ പറ അച്ചേ .."
"കഥ പറ അച്ചേന്നു പറഞ്ഞാ സൂചി കിട്ട്വോ?"

"---------"
"മിണ്ടാണ്ടിര്ന്നാ സൂചി കിട്ട്വോ?"
"നിക്കീ  കഥ കേക്കണ്ടാ..അമ്മെ ഈ അച്ച.."
"രണ്ടാളും കിടന്നുറങ്ങുന്നുണ്ടോ..ഉറങ്ങാനും സമ്മതിക്കേലേ "
"ഈ അച്ച പറ്റിക്കണമ്മേ.. ങ്ഹീ.."
"എന്തിനാ കുഞ്ഞിനെ വഴക്കുണ്ടാക്കുന്നത് ..?"
"എനിക്ക് കഥ ഒന്നും വരുന്നില്ലെടീ .."
"പിന്നല്ലേ, വല്ല പെണ്ണുങ്ങളേങ്കണ്ടാ നൂറു കഥേം പറഞ്ഞിരിക്കുന്ന ആളാ .."
"ഡീ കഴ്തെ, അവക്ക് രാജകുമാരന്റെം....."
"ഒരു കഥയങ്ങോട്ട് വായിച്ചു കൊടുക്കണം.. അതിനു പകരം അവളോടു വഴക്കുണ്ടാക്കുവാ? "


നാല്  വയസ്സായപ്പോഴേയ്ക്കും  ടീവി  ഗയിം നാട്ടിൽ വന്നുതുടങ്ങിയിരുന്നു. അതൊരെണ്ണം വാങ്ങിക്കൊടുത്തു. സൂപ്പർ  മരിയോയും റോഡ്‌റാഷും ടീവിയിൽ പാഞ്ഞുനടന്നു. നമ്മുടെ ടീവീ കാണൽ ഗോവിന്ദ.!

ടീവിയുടെ മുൻപിൽ ചമ്രം പടഞ്ഞിരുന്നാണ് കളി. റിമോട്ട് രണ്ട് കയ്യിലുമായി പിടിച്ച്  വിരലുകൾ ശരവേഗത്തിൽ ബട്ടണുകളിലൂടെ പാഞ്ഞുനടക്കും. സൂപ്പർ മരിയോ ചാടിച്ചാടി ആമകളെയും  തട്ടിത്തെറുപ്പിച്ച് സ്വർണ്ണനാണയങ്ങളും ശേഖരിച്ച് മതിലുകളും ചാടിക്കടന്ന് രാജകുമാരിയെ രക്ഷിക്കാൻ പാഞ്ഞുപോകും. ഇങ്ങേര് ഇത്രയും സ്പീഡിൽ ഇവിടെങ്ങനെയെത്തിയെന്ന് രാജകുമാരി അന്തം വിടും.
പോകുന്ന വഴിക്ക്  തടസ്സങ്ങൾ വരുമ്പോൾ വിരലുകളുടെ വേഗത കൂടും. വലത്തെ കാൽമുട്ട്  ഉയർന്ന് ചന്തി സാവധാനം തറയിൽ നിന്നും  പൊങ്ങിവരും. സുപ്പർ മരിയോ കടമ്പ കടക്കുന്നതോടെ  ഉം എന്നൊരു മൂളലോടെ ചന്തി പൊത്തോന്നു വന്ന് തറയിൽ ഇരിക്കും.

മരിയോ ഓരോ വിജയം ആഘോഷിക്കുമ്പോഴും സൂപ്പർ അമ്മു പിന്തിരിഞ്ഞൊരു നോട്ടമുണ്ട്. അപ്പോൾ നമ്മൾ അവിടെക്കാണണം. അത് നിർബന്ധമാണ്‌. കണ്ടോ ഞാൻ ജയിച്ചത് എന്നൊരു നോട്ടം നമ്മുടെമേൽ ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ  പാളിവീഴും.

 പക്ഷെ,അതൊരു കായകുളംവാൾ  ആയിരുന്നു. 
എങ്ങാനും സൂപ്പർ  മരിയോയെ ആമ പിടിച്ചു തിന്നുകയോ അങ്ങോരു പോയി വല്ല കുഴീലും ചാടുകയോ ചെയ്താൽ..!! 
തിരിഞ്ഞൊരു നോട്ടമുണ്ട്. 



വെറുതെ നടന്നുപോകുന്നവൻ ചുമ്മാ പഴത്തൊലിയിൽ ചവിട്ടി വീണാൽ ഒരു മടിയുമില്ലാതെ പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നവരാണ്  നമ്മൾ. അത് സ്വന്തം അച്ഛനായാൽപ്പോലും.
അന്തം വിട്ടു പാഞ്ഞുപോകുന്ന മരിയോ വല്ല കുഴിയിലും വീണ്  "ടിം  ടടാാങ് ടിം ഠിം..! " എന്നൊരു ശബ്ദത്തോടെ കാലിയാകുന്നത് കാണുമ്പോൾ ചിരി വരാത്ത നമ്മൾ "കഠോരഹൃദയ"ന്മാരായിരിക്കണം. നമ്മൾ കടിച്ചുപിടിച്ച് പല്ലിനു പുറകിൽ സൂക്ഷിച്ച ആ പൊട്ടിച്ചിരിയുടെ ഒരു ലാഞ്ചനയെങ്ങാനും പുറത്തു കണ്ടാൽ മതി, റിമോട്ട് ഒരു പറക്കലാണ്. പുറകെ ഒരു കരച്ചിലും.
"അമ്മ നോക്കിയതുകൊണ്ടാ...! അച്ച നോക്കിയതുകൊണ്ടാ..!!"
അമ്മൂന്റെ കുഴപ്പമല്ല, അമ്മേം അച്ചേം  നോക്കിയതുകൊണ്ട് മരിയോ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സാരം.

ആദ്യമായി നഴ്സറിസ്കൂളിൽ പോയതും ഒരു ചരിത്ര സംഭവമായിരുന്നു. അത് കേരളവിദ്യാഭ്യാസചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്.

എൽ. കെ. ജി യുടെ ആദ്യദിവസം. പുറപ്പെടുമ്പോൾ വലിയ ഉത്സാഹമായിരുന്നു.

"നെനക്ക് പേടിയുണ്ടോ അമ്മൂ" 
അച്ഛനുമമ്മയും പേടിയോടെ ആരാഞ്ഞു.
"ഇല്ല. നിങ്ങക്ക് പേടിയുണ്ടോ?"
"ഇല്ല, നീ അവിടെപ്പോയി കരയുമോ?"
"ഇല്ല..നിങ്ങളു കരയുമോ?"
"ഇല്ല..!"

തുള്ളിച്ചാടിയാണ് പുത്തൻ സ്കൂൾ ബാഗുമായി സ്കൂളിലേയ്ക്ക് പോയത്.

സ്കൂളിലെത്തിയപ്പോൾ ഭാരതയുദ്ധം കഴിഞ്ഞു സ്ത്രീജനങ്ങൾ കുരുക്ഷേത്രഭൂമിയിൽ  വിലാപം നടത്തുന്ന  അവസ്ഥയിലായിരുന്നു സ്കൂളും പരിസരവും.
ക്ലാസ്സിനകത്ത് നിന്നും പല ഫ്രീക്വൻസിയിൽ പല ഡെസിബെല്ലിൽ പുതുവിദ്യാർത്ഥിസംഘം നെഞ്ചത്തടിച്ചു കരച്ചിലാണ്. അച്ഛനമ്മമാർ ജനലുവഴിയും കതകുവഴിയും നോക്കിച്ചിരിച്ചും  ദേഷ്യം അഭിനയിച്ചും കോക്രി കാണിച്ചും ക്രമസമാധാനനില നേരെയാക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഡയ്‌നമിറ്റ്  എന്ന് ആരേലും എഴുതിക്കാണിച്ചാൽ അപ്പോൾ അന്തരീക്ഷം പൊട്ടിത്തെറിക്കും. 

"നെനക്ക് പേടിയുണ്ടോ അമ്മൂ"

"ഇല്ല.. നിങ്ങക്ക് പേടിയുണ്ടോ?"
"ഇല്ല...നീ കരയുമോ അമ്മൂ?"
"ഇല്ല..നിങ്ങളു കരയുമോ?"
"ഇല്ല..!"

ക്ലാസ് ടീച്ചർ ക്ലാസ്സിലെത്തി. നമ്മളിതെത്ര കണ്ടതാ മാളോരേ എന്ന ഭാവത്തിൽ 

വിളംബരം  പുറപ്പെടുവിച്ചു.
"രക്ഷകർത്താക്കളൊക്കെ ക്ലാസ്സീന്നൊന്നെറങ്ങിക്കെ..! "

അതുകേട്ടതോടെ ഒന്നുരണ്ടുകുട്ടികൾ കരച്ചിലിന്റെ ഡെസിബെല്ലിനെ ആറുകൊണ്ട് ഗുണിച്ചു. 
ചിലരാകട്ടെ അമ്മമാരുടെ ദേഹത്ത്   ധ്രുതരാഷ്ട്രാലിംഗനം അർപ്പിച്ചു. ചുരിദാറിന്റെ ഷാളിന്റെ അറ്റം കൈകളിൽ ചുറ്റി  മുറുക്കിപ്പിടിച്ചു. 
ഒരു മഹാൻ കഴുത്തിലെ ഞരമ്പ് വീർപ്പിച്ച് ആഞ്ഞലറി.
"നീ പോണ്ടാടീ ...!!"

ടീച്ചർ അമ്മമാരുടെയും അച്ഛന്മാരുടെയും ചന്തിയ്ക്ക് ചൂരൽ വീശി അവരെ പുറത്തേയ്ക്ക് ഓടിച്ചു. ഒന്ന് രണ്ട് അച്ഛന്മാർ ഉടുമ്പ്പിടിയിൽ നിന്നും രക്ഷ നേടാൻ മുണ്ടുരിഞ്ഞ് കൊടുത്ത് ക്ലാസിൽ നിന്നും വെളിയിൽച്ചാടി.


അമ്മു യുദ്ധഭൂമിയിലേയ്ക്ക് വലിയ ഭാവഭേദം ഒന്നുമില്ലാതെ കടന്നു കയറി ഒരു രഥത്തിൽ  ഇരിപ്പുറപ്പിച്ചു. വെളിയിൽ  നിൽക്കുന്ന ഞങ്ങളെ നോക്കി സമചിത്തതയോടെ, ഗാംഭീര്യത്തോടെ പുഞ്ചിരിച്ചു. ഇടതും വലതും  ഇരുന്നു മൂക്കളയും ഒലിപ്പിച്ചു മോങ്ങുന്ന സഹപാഠികളെ പുശ്ചഭാവത്തിൽ പാളി നോക്കി.

അച്ഛനുമമ്മയും ഭീതിയോടെ ജനലിനു വെളിയിലൂടെ മൈമിംഗ് നടത്തി.
"നെനക്ക് പേടിയുണ്ടോ അമ്മൂ..?"
അമ്മു   ഇടത്തോട്ടും വലത്തോട്ടും തലയാട്ടി, കണ്ണ് രണ്ടും അടച്ച് തുറന്ന്, വലതു കൈ പൊക്കി വീശി മൈമിംഗ് നടത്തി.
"ഇല്ല"
ചൂണ്ടുവിരൽ ഞങ്ങളെ നോക്കി.
"നിങ്ങൾക്ക് പേടിയുണ്ടോ?"
ഞങ്ങൾ കൃത്യമായും ഒരേപോലെ തലകൾ ഇടത്തോട്ടും വലത്തോട്ടും ആട്ടി.

രക്ഷകർത്താക്കൾ വെളിയിലായതോടെ കൂട്ടനിലവിളിയുടെ  ആധിക്യം കൂടി.

ടീച്ചർ കൈകൂട്ടിയടിച്ചു.
"ദേ , എല്ലാരും ഇങ്ങോട്ട് നോക്കിയേ. നല്ല കുട്ടികളല്ലേ? ചുമ്മാ എന്തിനാ കരേന്നെ..!! ദാ , ആ കുട്ടിയെ  ഒന്ന് നോക്കിക്കേ, കരേന്നില്ലല്ലോ ..!"
അമ്മു അഭിമാനത്തോടെ ഒരു സൂപ്പർ മരിയോ നോട്ടം ഞങ്ങളുടെ മേൽ  പായിച്ചു. അമ്മ അച്ചേടെ  കയ്യിൽ  അഭിമാനത്തോടെ പിടിച്ചു. 
"ന്റെ മോളാ.." അച്ച സൂപ്പർ മരിയോയുടെ അച്ചയായി.

ടീച്ചർ പറയുന്നത് ആര് കേൾക്കാൻ .
എല്ലാ പിഞ്ചുമുഖങ്ങളും ജനലിനും വാതിലിനും നേരെതിരിഞ്ഞ് മാതാപിതാക്കളെ നോക്കി സംപ്രേഷണം ഒന്ന് കൂടി ഉഷാറാക്കി.
"നിങ്ങളാ കുഴപ്പക്കാര്..!! നിങ്ങളെക്കാണുന്നതുകൊണ്ടാ ഇത്രേം നിലവിളി."
ടീച്ചർ ദേഷ്യഭാവത്തിൽ ജനലുകളും കതകും അടച്ചു.

അത്ഭുതം..!
സമൂഹഗാനത്തിനിടയിൽ വൈദ്യുതി നിലച്ചതുപോലെ ആരവം എല്ലാമടങ്ങി.
വരാന്തയിലും പരിസരത്തും നിന്ന അച്ഛനമ്മമാർ കഴിഞ്ഞ നാലുനാലരക്കൊല്ലം നെഞ്ചകത്ത് അടക്കിപ്പിടിച്ചു നിർത്തിയ
ശ്വാസം ഒരു ഹൂങ്കാരത്തോടെ  പുറത്തേയ്ക്ക് വിട്ടു. അവർ ഉയർത്തിവിട്ട നിശ്വാസം വൃക്ഷത്തലപ്പുകളെ പിടിച്ചുകുലുക്കി. ശബ്ദം നിലച്ചതോടെ മൂക്ക് ചീറ്റി മോങ്ങുകയായിരുന്ന ഒന്ന് രണ്ട് അമ്മമാർ നാണിച്ചു തലതാഴ്ത്തി.

ഞാൻ വള്ളിയെ നോക്കി പുഞ്ചിരിച്ചു. അവൾ എന്നെയും. ഒരു കടമ്പ  കടന്നു.


പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഒറ്റയാൻ നിലവിളി അവിടെ മുഴങ്ങി.

അതുവരെ നടന്ന നിലവിളികളെല്ലാം ഒരു തട്ടിൽ തൂക്കിയതിനെ നിഷ്പ്രഭമാക്കി അത് ഉയർന്നുതാണു.
തൊട്ടുപുറകെ ക്ലാസുമുറിയിൽ അതൊരു ജനപ്രക്ഷോഭമായി ആഞ്ഞു വീശി. പല ഫ്രീക്വൻസിയിൽ പല ഡെസിബെല്ലിൽ അത് സ്കൂളിനെ മൊത്തം പിടിച്ചു കുലുക്കി. ക്ലാസ്സിന്റെ മേൽക്കൂര പറന്നുയർന്നു.
ഞാനും വള്ളിയും പരസ്പരം നോക്കി. 

സരസ്വതിദേവിയുടെ ശ്രീകോവിൽ തുറക്കപ്പെട്ടു.

ക്ലാസ് ടീച്ചർ എന്തോ കണ്ടു ഭയന്നതുപോലെ വെളിയിൽച്ചാടി.
കൂടെ കണ്ണും തിരുമ്മി അമ്മു.

" അമ്മു നീ കരഞ്ഞോ..!? "
"കരഞ്ഞു"
"കരയില്ലാന്നു പറഞ്ഞിട്ട്? നാണം കെടുത്തിയല്ലോ നീയ്യ്..!!"
"അത് പിന്നെ, ടീച്ചറ്  കതകും ജനലും അടച്ചു..!! അതെനിക്ക് പേടിയാന്ന് അറീല്ലെ ?!"



ഒരു വിവാഹമൊക്കെ കഴിച്ച് ഇവൾക്കൊരു കുഞ്ഞുണ്ടാകാൻ പഴയ കഥാപുസ്തകങ്ങളുമായി പ്രതികാരബുദ്ധിയോടെ നോക്കിയിരിക്കുകയാണ് ഞങ്ങൾ. 


Thursday 10 September 2015

മൂന്ന് അമ്മൂമ്മമാർ




അമ്മൂമ്മമാർ നമ്മുടെ ബാല്യകൌമാരങ്ങളിലെ  അവിഭാജ്യഘടകമാണ്. അമ്മൂമ്മമാരില്ലാത്ത ബാല്യവും കൌമാരവും  വെറും പ്രായം കുറഞ്ഞ യൗവ്വനം മാത്രമാണ്.

"പിള്ളമനസ്സിൽ കള്ളമില്ല " എന്ന് പറഞ്ഞ് നമ്മൾക്ക് ഊന്നുവടിയായി നിന്ന് നമ്മളെക്കൊണ്ട് ഉള്ള കള്ളത്തരങ്ങൾ എല്ലാം ചെയ്യിക്കാൻ അമ്മൂമ്മമാർ ബാല്യത്തിൽ നമ്മുടെ കൂടെയുണ്ടാകണം. ഇനിയെങ്ങാനും പിടി വീണ് അടിയുറപ്പാകുമ്പോൾ " ഓ, അവൻ കുഞ്ഞല്ലേ, വലുതാകുമ്പോൾ എല്ലാം ശരിയായിക്കോളും" എന്ന ഇന്ത്യൻ പീനൽ കോഡ്‌ 210/ 10  പ്രകാരം നമ്മുടെ ചർമസംരക്ഷണത്തിന്  (save the skin  എന്ന് ആംഗലേയം) വേണ്ടി വാദിക്കാനും അമ്മൂമ്മമാർ വേണം. ഇനിയെങ്ങാനും യൗവ്വനകാലത്ത് നമ്മൾ  പിഴച്ചുപോയാൽ "ഈ അമ്മയാണ് ഇവനെ/  ഇവളെ ഇങ്ങനെ വഷളാക്കിയത്" എന്ന് മാതാപിതാക്കളെക്കൊണ്ട് പറയിക്കുമ്പോൾ, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് കുറ്റം ഏറ്റെടുക്കാനും ഒരു അമ്മൂമ്മ അത്യാവശ്യമാണ്.

എന്റെ കുട്ടിക്കാലം മൂന്ന് അമ്മൂമ്മാരെ ചുറ്റിപ്പറ്റി  നില്ക്കുന്നു.
അവർ ഓരോരുത്തരും ഓരോരോ  കാര്യങ്ങളുമായി  ബന്ധപ്പെട്ടാണ് എന്നിലെ ഓർമകളിൽ  നിലാവ് പരത്തുന്നത്.

അമ്മൂമ്മ  ഒന്നാമിയും ഒടിഞ്ഞ കോളർബോണും 
----------------------------------------------------------------------------------------------------------------
അന്ന് പ്രായം മൂന്നോ നാലോ മാത്രം. അതുകൊണ്ട്  ഈ ഓർമകൾക്ക് അമ്മയുടെ അസാധാരണമായ ഓർമശക്തിയുടെ ഊന്നുവടി താങ്ങായുണ്ട്.

അമ്മയും അച്ഛനും അദ്ധ്യാപകരാണ്. രണ്ടു പേരും മലബാർ എന്ന ഓമനപ്പേരുള്ള  വടക്കൻ കേരളത്തിൽ എവിടെയോ ഉള്ള രണ്ടു സ്കൂളുകളിലാണ് ജോലി.
രണ്ടു വയസ്സ് മാത്രം പ്രായവ്യത്യാസമുള്ള ഞങ്ങൾ മൂന്നു മക്കളെ അരയിൽ കെട്ടിത്തൂക്കി മലബാർ നിരങ്ങി അമ്മ കഷ്ടപ്പെട്ടു . ആരുമില്ല ഒരു കൈ സഹായിക്കാൻ.

അമ്മയുടെ അമ്മ, അഥവാ പുല്ലാട്ടെ  വല്യമ്മച്ചി കോഴഞ്ചേരിക്കടുത്ത് പുല്ലാട്ടാണ് താമസം. അതാണ്‌ അമ്മയുടെ വീട്.
ആ വല്യമ്മച്ചിയുടെ അച്ഛന്റെ ജേഷ്ഠന്റെ മകൾ അഥവാ കസിൻ  ആണ് ഈ അമ്മൂമ്മ ഒന്നാമി. വല്യമ്മച്ചിയെക്കാൾ മൂത്തതാണ് ഈ അമ്മൂമ്മ.
അമ്മൂമ്മ ഒന്നാമിയുടെ താമസം അയിരൂർ എന്ന സ്ഥലത്തായിരുന്നു.

ഒരിക്കൽ പുല്ലാട്ടെത്തിയപ്പോൾ അമ്മ ദുരിതങ്ങളുടെ ഭാണ്ഡം അഴിച്ചിട്ടു. കേട്ടു  നിന്ന അമ്മൂമ്മ ഒന്നാമി ഒരു പരിഹാരം നിർദേശിച്ചു .
"ഞാനും വരാം നെന്റെ കൂടെ. പിള്ളേരെ ഞാന്നോക്കിക്കോളാം..!" 

അങ്ങനെ അമ്മൂമ്മ ഒന്നാമി ഞങ്ങൾ കുട്ടികളെ നോക്കാനായി ഞങ്ങൾക്കൊപ്പമെത്തി.

അമ്മൂമ്മ ഒന്നാമി സ്നേഹം അഹാരമായാണ് എനിക്ക് നല്കിയത്. വലിയ ഒരു പാത്രം നിറയെ ചോറ് വിളമ്പി അമ്മൂമ്മ എന്നെ ഊട്ടും. ആദ്യം അല്പം സാമ്പാർ  ഒഴിച്ച്  ഒരു ഒരുളയുരുട്ടി  നീട്ടി അമ്മൂമ്മ പറയും.
"ഉം, സാംബാാറ് ..!!"
ഉം എന്ന് മൂളി ഞാൻ അതകത്താക്കും.
"ഉം , അവ്വീീീയല്..!!"
ചോറിൽ അവിയൽ കുഴച്ചാണ് ഉം എന്ന് അടുത്ത  ഉരുള എത്തുന്നത്.
ഉം എന്ന് മൂളി  അതും ഞാൻ അകത്താക്കും.
അങ്ങനെ ഉരുളകൾ ഓരോന്നായി വിവിധ രുചിയിൽ വിവിധ നിറങ്ങളിൽ അമ്മൂമ്മയുടെ മൂളലിനോടൊപ്പം എനിക്ക് മുൻപിൽ പ്രത്യക്ഷമാകുകയും വർദ്ധിച്ച  ആവേശത്തോടെ  അവയെ ഞാൻ നിഷ്സ്കാസനം ചെയ്യുകയും ചെയ്യും. കാലക്രമേണ ഒരു പാത്രം ചോറ് ഒരിരുപ്പിനു വെട്ടിവിഴുങ്ങി ഞാൻ "തിമ്മൻകണ്ട " എന്ന ഓമനപ്പേരിനു അർഹനാകുകയും ചെയ്തു.

ഒരിക്കൽ അമ്മൂമ്മ എന്നെ ഒരു ഊഞ്ഞാലിൽ ഇരുത്തി ആട്ടിയാണ് ചോറ് നൽകിയത്. ഇടയ്ക്ക് ഒറ്റക്കൈ കൊണ്ട് ഊഞ്ഞാൽ ആട്ടും. ഒരു പ്രാവശ്യം അങ്ങിനെ ആട്ടിയപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണവും അമ്മൂമ്മയുടെ കയ്യുടെ കോണും ഊഞ്ഞാലിന്റെ പ്രവേഗവുമായുള്ള സമീകരണത്തിൽ എന്തോ ഒരു താത്വികമായ സ്വരച്ചേർച്ചയില്ലാതെ വരികയും  ഞാൻ വായിലെ ഉരുളയുമായി അന്തരീക്ഷത്തിൽ പറന്നുയർന്ന്  ഒരലർച്ചയോടെ   ഭൂമിദേവിയെ ഗാഢമായി പുൽകുകയും ചെയ്തു. വായിലെ ഉരുള  അകത്തേയ്ക്കോ പുറത്തേയ്ക്കോ അപ്രത്യക്ഷമായി.  

ഇടത്തെ കോളർ ബോണ്‍ ഒടിഞ്ഞ് വേദന കൊണ്ട് പുളഞ്ഞു ചാടിയെഴുന്നേറ്റു ഞാൻ അലറിക്കരഞ്ഞു.
"ഡീ  അമ്മൂമ്മപ്പട്ടീീീ,, നീയ്യെന്നെ തള്ളിയിട്ടില്ല്യോടീ...!!"


അമ്മൂമ്മ രണ്ടാമിയും "പൊച്ചെല്ലും"
---------------------------------------------------------------------------------------
അമ്മൂമ്മ രണ്ടാമി പുല്ലാട്ടെ അമ്മൂമ്മ തന്നെയാണ്. വല്യമ്മച്ചി എന്ന് കൊച്ചുമക്കൾ വിളിക്കുന്ന അമ്മയുടെ അമ്മ. അപ്പൂപ്പൻ മരിച്ചു കഴിഞ്ഞും വളരെക്കാലം വല്യമ്മച്ചി ജീവിച്ചിരുന്നു.

എണ്‍പത്തിയഞ്ചാം വയസ്സിലും വല്യമ്മച്ചിയ്ക്ക് വായ്‌  നിറയെ പല്ലുകൾ ഉണ്ടായിരുന്നു.ആ പല്ലുകൾ വച്ച് വറുത്ത കപ്പലണ്ടി കൊറിക്കലാണ് പ്രധാന വിനോദം. കൊച്ചുമക്കളെ വലിയ കാര്യമാണ്.

വല്യമ്മച്ചിക്ക് നാല് മക്കളിലായി പത്ത്  കൊച്ചുമക്കളാണ്. എല്ലാ സ്കൂൾ വർഷാവസാനത്തിലും രണ്ടുമാസം കൊച്ചുമക്കൾ പത്തുപേരും പുല്ലാട്  വല്യമ്മച്ചിയുടെ വീട്ടിൽ ഒത്തുകൂടും. വർഷത്തിലെ ബാക്കിയുള്ള ദിവസങ്ങളിലെ സഹികേടിനു ഒരു നിവൃത്തി എന്ന നിലയിലാണ് ആ രണ്ടുമാസം  ഈ പണ്ടാരങ്ങളെ അവരുടെ മാതാപിതാക്കൾ വല്യമ്മച്ചിയുടെ അടുക്കൽകൊണ്ട് തള്ളുന്നത്.  നെല്ലിക്കാച്ചാക്ക് അഴിച്ചുവിട്ടതുപോലെ കൊച്ചുമക്കൾ ആ വീട്ടിലും തൊടിയിലും കറങ്ങി നടന്ന് കാണിക്കാവുന്ന കന്നം തിരിവുകൾ എല്ലാം കാട്ടി ആ രണ്ടു മാസം തള്ളി നീക്കും.

ഉള്ളതിൽ ഏറ്റവും കുസൃതി  ചോട്ട എന്നറിയപ്പെടുന്ന എന്റെ അനിയൻ തന്നെയായിരുന്നു. അവൻ വല്യമ്മച്ചിയുടെ കൂടെത്തന്നെ നിന്നായിരുന്നു പഠനവും. മറ്റുള്ള കുട്ടികൾ അവന് "കൊട്ടുവടി" എന്നൊരു പേരും ചാർത്തിക്കൊടുത്തു. കൊട്ടുവടിയുടെ പ്രധാന കലാപരിപാടി അവന്റെ കസിനുമായി ചേർന്ന് വേണ്ടാതീനങ്ങൾ എല്ലാം കാട്ടി നാട്ടുകാരെക്കൊണ്ട് വീട്ടുകാരെ ചീത്ത വിളിപ്പിക്കുക എന്നതായിരുന്നു.

ഇടയ്ക്കിടെ സഹികെടുമ്പോൾ വല്യമ്മച്ചി വടിയെടുക്കും. വടി കണ്ടാൽ  കൊട്ടുവടി പുല്ലാട് ദേശത്തുനിന്നേ  അപ്രത്യക്ഷനാകും.  പുല്ലാടിന്റെ അതിർത്തിയും ചാടിക്കടന്ന് ഓടിമറയുന്ന കൊട്ടുവടിയെ നോക്കി അവനെ കയ്യിൽ കിട്ടാത്ത ദേഷ്യത്തിലും സങ്കടത്തിലും വല്യമ്മച്ചി ഉറക്കെ വിളിച്ചു പറയും.
"കൊട്ടൂടി, കൊട്ടൂടി..!!  നൂറ് കൊട്ടൂടി..!!! "

ബാക്കി കൊച്ചുമക്കൾ വടിയെത്താദൂരത്ത് മാറിനിന്ന് ഉറക്കെ വിളിച്ചു പറയും,
"പൊച്ചെല്ലും വല്യമ്മച്ചി, കള ..!!"

വല്യമ്മച്ചി അവതരിപ്പിച്ച ജീവിതദർശനമാണ് ഈ  "പോച്ചെല്ലും".
വളരെ ഗുരുതരമായ  പ്രശ്നങ്ങൾ വന്നു ജീവിതത്തെ ഉലയ്ക്കുമ്പോൾ, ഒരു രക്ഷയില്ലാതെ വരുമ്പോള്‍ വല്യമ്മച്ചി  ഒടുവിൽ അതിനെ സുധീരം നേരിട്ടിരുന്നത് ഈ പോച്ചെല്ലും  വച്ചാണ്.
അതായത് " പോയാൽ  അങ്ങ് ചെല്ലും" അഥവാ, വരുന്നിടത്ത് വച്ചു കാണാം എന്ന്.

പിൽക്കാലത്ത് വീട്ടിൽ  എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അന്തരീക്ഷം അങ്ങനെ കനത്തു  മുറുകുമ്പോൾ, ആരെങ്കിലും കർടനു  പുറകിൽ  നിന്നും വിളിച്ചു പറയും
"ങ്ഹാ, പൊച്ചെല്ലും..!! "
അതോടെ അന്തരീക്ഷം കനം  കുറഞ്ഞ്  എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി തത്തിക്കളിക്കുകയായി.
മക്കളിലൂടെ കൊച്ചുമക്കളിലൂടെ  തലമുറ തലമുറ കൈ മാറി  പോച്ചെല്ലും അങ്ങനെ കടന്നു പോയി.

വല്യമ്മച്ചി "ങ്ഹാ പോച്ചെല്ലും  " എന്നും  പറഞ്ഞു അന്ത്യയാത്രയായെങ്കിലും പോച്ചെല്ലും   ഞങ്ങളുടെ ജീവിതങ്ങളെ കാറിലും കോളിലും മുക്കി മറിക്കാതെ അങ്ങിനെയങ്ങനെ കൊണ്ടുപോകുന്നു.
ഒന്നിനും നേരം  ഇല്ലെങ്കിലും ഞങ്ങൾ പരസ്പരം ഫോണിലൂടെയെങ്കിലും "ങ്ഹാ, പോച്ചെല്ലും " എന്ന് മാത്രം പറഞ്ഞു ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നു.


അമ്മൂമ്മ മൂന്നാമിയും സാത്താനും
--------------------------------------------------------------------------------------------
അമ്മൂമ്മ മൂന്നാമി അച്ഛന്റെ അമ്മയാണ്. വല്യമ്മ എന്ന് കൊച്ചുമക്കൾ വിളിച്ചിരുന്ന കൊച്ചിക്ക.
വല്യമ്മയ്ക്ക് കഴുത്തിനു  ചുറ്റും നാക്കായിരുന്നു. അത് വച്ച് വീട്ടുകാരെയും നാട്ടുകാരെയും വല്യമ്മ വരച്ച വരയിൽ നിർത്തിയിരുന്നു.

വല്യമ്മയുടെ വിദ്യാഭ്യാസം എന്തായിരുന്നു എന്നറിഞ്ഞുകൂടാ. പക്ഷെ എന്റെ കുട്ടിക്കാലത്ത് അക്ഷരസ്ഫുടതയോടെ രാമായണവും ഭാഗവതവും വല്യമ്മ വായിക്കുന്നത് കണ്ട് അതിശയപ്പെട്ടിട്ടുണ്ട്. എഴുപതുകളിൽ ആ കാലഘട്ടത്തിലെ മൂന്നാം തലമുറയിലെ സ്ത്രീകൾക്ക് അക്ഷരാഭ്യാസം എന്നത് അപൂർവമായ ഒരു കാര്യമായിരുന്നു.

വല്യമ്മ വലിയ ഭക്തയായിരുന്നു. രാവിലെയും വൈകിട്ടും വല്യമ്മയുടെ വക പൂജയുണ്ട്.  രാവിലെ വല്യമ്മ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഉറക്കെ പ്രാർത്ഥിക്കും. പിന്നെ വായനയാണ്. വായനയ്ക്ക് രാമായണമോ ഭാഗവതമോ മറ്റേതെങ്കിലും കീർത്തനപുസ്തകങ്ങളുമായോ കയ്യിൽ  കിട്ടുന്നതെന്തും വല്യമ്മ ഉറക്കെ പാരായണം ചെയ്യും. പുസ്തകമെന്താണെന്നൊന്നും വല്യമ്മയ്ക്ക് പ്രശ്നമായിരുന്നില്ല. ഗദ്യമായാലും പദ്യമായാലും അത് രാമായണം വായിക്കുന്ന ഈണത്തിലാണ് വായന. കയ്യിൽ  കിട്ടുന്ന പുസ്തകങ്ങളെല്ലാം വല്യമ്മയ്ക്ക്  പ്രാർത്ഥനാ പുസ്തകങ്ങളായിരുന്നു. വായനയ്ക്കിടെ  മുൻപിലിരിക്കുന്ന  ഓട്ടുകിണ്ടിയിൽ തുളസിയില മുക്കി വെള്ളം കുടയും. വൈകിട്ട് അമ്മൂമ്മ പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്ന് ഇതെല്ലാം വീണ്ടും വായിക്കും. വെള്ളവും കുടയും.

കൊച്ചുമക്കൾ ഞങ്ങൾക്ക് ഈ വായനയും പൂജയും ഒരു ഹരമായിരുന്നു. വല്യമ്മ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾ രഹസ്യമായി പുസ്തകത്തിന്റെ താളുകൾ മറിച്ചു വയ്ക്കും. കണ്ണുതുറന്ന് വീണ്ടും വായന പുനരാരംഭിക്കുമ്പോൾ വല്യമ്മ ഞെട്ടും.  അയോദ്ധ്യയിൽ നിന്നും ഇറങ്ങിയ ശ്രീരാമൻ  കാനനവാസം ഒന്നും ചെയ്യാതെ നേരെ രാവണനുമായി യുദ്ധം തുടങ്ങുകയാണ്. രാവണന് സീതയെ തട്ടിക്കൊണ്ടു പോകാനുള്ള സാവകാശം പോലും കൊച്ചുമക്കൾ കൊടുക്കില്ല.

അങ്ങനെയിരിക്കെ വല്യമ്മക്ക് ഒരു ചാത്തൻ പൂജാകീർത്തനം ലഭിക്കുന്നു. അതുകൊണ്ട് വച്ചത് കൊച്ചുമക്കൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അന്നുമുതൽ വല്യമ്മ വർദ്ധിതഊർജത്തോടെ  ചാത്തൻ സേവയും  തുടങ്ങി.
പ്രാർത്ഥനയുടെ അവസാനം വല്യമ്മ ഉറക്കെ വിളിച്ചു പറയും.
"ചാത്തനെ..!! ചാാാത്തനേ ..!!"

കുറെ ദിവസം അങ്ങനെ ചാത്തൻ വിളി കേട്ടുകഴിഞ്ഞപ്പോൾ കൊച്ചുമക്കൾക്ക് ഒരു ചെറിയ ബൈബിൾ ലഭിക്കുന്നു. പതിവുപോലെ വല്യമ്മ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ കൊച്ചുമക്കൾ ചാത്തൻപൂജ മാറ്റി അവിടെ ബൈബിൾ പ്രതിഷ്ഠിച്ചു. എന്നിട്ട് വാ പൊത്തിച്ചിരിച്ച് മറഞ്ഞിരുന്നു.

ആദ്യമൊന്നമ്പരെന്നെങ്കിലും വല്യമ്മ പതിവ് തെറ്റിച്ചില്ല. മുൻപിൽ നിവർന്നിരുന്ന ബൈബിൾ നോക്കി ഉറക്കെ പാരായണം ചെയ്തു.
"സാത്താനെ, സാാാത്താനേ..!!"

അങ്ങനെയാണ്  കേരളത്തിൽ മതസൗഹാർദ്ദം  പിറന്നത്.



------------------------------------------------------------------------------------------------------------------
ഇ-മഷി 2015 ആഗസ്റ്റ്‌ -ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
വര- റിയാസ് ടി അലി 

Monday 27 July 2015

ചിതറിയ ചിന്തകൾ -2

ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്ന്നു.




കാലം ആയിരത്തിതൊള്ളായിരത്തിഎഴുപതുകൾ....

ഫ്യൂസായ ഒരു ബൾബ് എടുക്കുക.
അതിന്റെ അലൂമിനിയം ഹോൾഡറിന്റെ അകത്തെ ഭാഗം വളരെ ശ്രദ്ധിച്ചു കുത്തിയിളക്കുക .
അകത്തെ ഫിലമെന്റ് പിടിപ്പിച്ചിരിക്കുന്ന ഗ്ലാസ്സുകൊണ്ടുള്ള ഭാഗം പതുക്കെ തട്ടിത്തട്ടി പൊട്ടിക്കുക. പിന്നെ അതെടുത്ത് കളയുക.
ഇതൊക്കെ ചെയ്യുമ്പോൾ ബൾബ്‌ പൊട്ടാൻ പാടില്ല.
പറ്റുമോ?

പറ്റും.
പ്രായം പന്ത്രണ്ടോ പതിമൂന്നോ.
ഒന്ന് രണ്ടു ബൾബിലൊക്കെ പരീക്ഷണം നടത്തിക്കഴിഞ്ഞപ്പോൾ  ബൾബ്‌ പൊട്ടിക്കാതെ തന്നെ ഇതൊക്കെ  ചെയ്യാൻ പഠിച്ചു.
ഇനിയാണ് പ്രധാന പരിപാടി.
ഈ ബൾബ് പാത്രത്തിൽ വെള്ളം നിറയ്ക്കും.
ദാ , ഒന്നാന്തരം ഒരു  ലൻസ് റെഡി.

പരിപാടി കഴിഞ്ഞോ?
ഇല്ല.
ഈ ലൻസിനെ ഒരു കാർഡ് ബോർഡ് കൂടിൽ ഇറക്കി വയ്ക്കും.കൂടിന്റെ രണ്ടു വശത്തും ഓരോ ചെറിയ   ജനൽ. ഒരു ജനലിൽ കൂടി നോക്കിയാൽ മറ്റേ  ജനൽ വഴി എന്ത് സാധനവും വലുതായി കാണാം.

ഇനിയാണ് ശാസ്ത്രജ്ഞൻ ദരിദ്രജനസമൂഹത്തിന് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കാൻ പോകുന്നത്.
കസിൻസായി കുറെ ദരിദ്രവാസികൾ ഉണ്ട്. അഞ്ചു വയസ്സ് തൊട്ടു പതിനഞ്ചു വയസ്സ് വരെ. ഒറ്റയൊരെണ്ണത്തിന്റെ കയ്യിൽ  കാൽക്കാശില്ല.
എല്ലാത്തിനെയും വിളിച്ചു കൂട്ടി ഒരു മുറിയിൽ തറയിലിരുത്തും.

പുറത്തു മുറ്റത്തു ഒരു കണ്ണാടിക്കഷണം  ഉപയോഗിച്ചു സൂര്യഭഗവാനെ ആവാഹിച്ചു മുറിയിലേയ്ക്ക് പായിക്കും. ആ വെളിച്ചം ബൾബ്‌ ലെൻസ്  വഴി എതിർഭാഗത്തെ ചുമരിൽ പതിപ്പിക്കും. സ്കൂളിൽ വിജയകരമായി നടപ്പാക്കിയ ബാർട്ടർ സിസ്റ്റം വഴി ശേഖരിച്ച ഫിലിമിന്റെ തുണ്ടുകളുണ്ട്. അത് തല കീഴായി ലെൻസിനു പുറകിൽ  കാണിക്കും.
ഹായ്‌ , നസീറും  ഷീലയും ചുവരിൽ വലുപ്പത്തിൽ..!!

ദരിദ്രവാസികൾ പത്തുകാശു  മുടക്കാതെ അങ്ങനെ സിനിമ കണ്ടു കൈകൊട്ടും. ആരോമൽ ചേകവരും  കടത്തനാട്ടുമാക്കവും നിശ്ചല ചിത്രങ്ങളായി വീടിന്റെ ചുമരിൽ. ..
നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ തലയുയർത്തിപ്പിടിച്ചങ്ങനെ നില്ക്കും.

കാലം രണ്ടായിരത്തിപ്പത്തുകൾ... 

ചന്തു ലാപ്ടോപ്പ് ഓണ്‍ ചെയ്യും. എച് ഡീ എം ഐ കേബിൾ, ലാപ്പിൽ നിന്നും നേരെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന 40 ഇഞ്ച്‌ സോണിയുടെ എച്  ഡീ ടീവിയിൽ കണക്ട് ചെയ്യും.

ടോറന്റ് ഉപയോഗിച്ച്  ഇന്റർനെറ്റിൽ നിന്നും അടിച്ചു മാറ്റിയ നാല് ജീബീ 1080p ഹോളിവുഡ് ചലച്ചിത്രം അടങ്ങിയ മെമ്മറി സ്റ്റിക് ,  യു എസ് ബീ വഴി ലാപ്പിൽ  ഓടിക്കും.

ദാ , നാല്പതിഞ്ചു വലിപ്പത്തിൽ തീയേറ്റർ ക്വാളിറ്റിയിൽ അഞ്ചേ  ദശാംശം  ഒന്നേ ചാനൽ ശബ്ദവിന്യാസത്തിൽ കഴിഞ്ഞ മാസം ഇറങ്ങിയ, ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയിട്ടേയില്ലാത്ത, ഹോളിവുഡ് ചലച്ചിത്രം ചുവരിൽ.


ഈ ബൾബ്‌ ലെൻസാക്കുന്ന വിദ്യ അവനൊന്ന് പറഞ്ഞു കൊടുക്കണമെന്നുണ്ട്.
പക്ഷെ, അവൻ ചെവിതരണ്ടേ?
-----------------------------------------------------------------------------------------------------------


ആത്മഹത്യ

"എന്താ ഒരു പൊതിക്കെട്ട്?'

"ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ.. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും"


"പൊറോട്ടയോ? ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? "


"ങ്ഹെ, അപ്പൊ അത് കൊള്ളൂല?"


"ഇല്ല. പിന്നെ ബീഫ് ഫ്രൈ.... സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ് ഫുഡ് കാര് ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും"


"ശ്ചെ ..!!"


"അതേന്ന്. അതിന്റെ കൂടെ ഈ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ . അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്. ട്രാൻസ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും"


"അപ്പൊ ബീഫ് ഫ്രയും പൊറോട്ടയും കളഞ്ഞേക്കാം. ആ ബേക്കറീന്നു വല്ല പഫ്സും വാങ്ങാം."

"പഫ്സോ? അതും മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. അതിന്റെ കൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേർത്ത് അകത്തു വയ്ക്കും. "

"എന്നാപ്പിന്നെ, അല്പം കേക്കാകാം.."


"കേക്കണ്ട. അത് മുഴുവൻ പ്രിസർവേറ്റീവല്ലേ? "


"എന്നാപ്പിന്നെ അവനു പോട്ടറ്റോ ചിപ്സ് ഇഷ്ടമാ.. ലെയ്സ് ആയിക്കോട്ടെ.."


"പോട്ടറ്റോ ചിപ്സ്..!! പൊട്ടാ, അത് മുഴുവൻ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ? രുചി കൂട്ടാൻ ചേർക്കുന്നത്? ക്യാൻസർ വരാൻ വേറെ വഴി വേണ്ട."


"ഓ, കള..!! വല്ല ഫ്രൂട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..!!"


"ആപ്പിൾ.? ആപ്പിളിന്റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രെ ആണെന്നേ .. കഴുകിയാലും പോവില്ല. നേരെ വയറ്റിൽ പോയി കുടലിൽ പറ്റിപ്പിടിക്കും. ക്യാൻസർ, ക്യാൻസർ.."


"തൊലി ചെത്തിക്കളഞ്ഞാലോ?"


"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാൻ അകത്തേയ്ക്ക് എച് എഫ് സീ എസ് എന്ന സ്വീറ്റനർ കുത്തിവയ്ക്കുകയല്ലേ? ആപ്പിൾ കഴിച്ച് കൊളസ്ട്രോൾ കൂടി ചത്തെന്ന് നാട്ടുകാർ അദ്ഭുതം കൂറും"


"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ. "


"തമിഴൻ അമോണിയ മുക്കി തരുന്നതല്ലേ? കഴിച്ചു ചാക് .."


"ഞാൻ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ.."


"ചോറോ? പോളീഷ് ചെയ്യുവാന്നു പറഞ്ഞ് അവന്മാര് അരിയിൽ പ്ലാസ്റിക് സ്പ്രേ അടിക്കുകയല്ലേ? തവിടിന്റെ നിറം വരാൻ റെഡ് ഓക്സൈഡും.. നന്നായിരിക്കും. കുടലിൽ ബ്രൗണ്‍ നിറത്തിൽ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാൻസർ."


"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ.."


"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങൾ ചവച്ച്ചുതുപ്പുന്ന കാർബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാർബണ്‍ ഡയോക്സൈഡ് "


"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"


"പറ്റൂല. നിയമം വഴി അത് നിരോധിച്ചിരിക്കുകയാ"


അനന്തരം ഞാൻ -

"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തീന്നെന്നെ കര കേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ"
എന്ന് ഉറക്കെ പാടി ഭാര്യേം പിള്ളാരേം കെട്ടിപ്പിടിച്ചു പട്ടിണി കിടന്നുറങ്ങി.

-----------------------------------------------------------------------------------------------------------------


അമ്മ മനസ്സ്..
























എണ്‍പതുകളുടെ തുടക്കത്തിൽ  ആണെന്ന് തോന്നുന്നു, പ്രഭാത്
ബുക്ക് ഹൗസ്  "ആരോഗ്യവിജ്ഞാനകോശം" എന്ന ഒരു പുസ്തകം പുറത്തിറക്കി.
പ്രീ-പബ്ലിക്കേഷൻ  സൗജന്യമായി മാസാമാസം ഒരു ചെറിയ തുക അടച്ച് പുസ്തകം കരസ്ഥമാക്കാൻ ഒരു സ്കീമും ഉണ്ടായിരുന്നു. വലിയവില കൊടുത്ത് പുസ്തകം വാങ്ങാൻ സാമ്പത്തിക ഞെരുക്കം ഉള്ളതുകൊണ്ടും പാർട്ടിക്കാരുടെ നിരന്തര സമ്മർദ്ദം താങ്ങാൻ കഴിയാതിരുന്നതും കൊണ്ടും  അച്ഛൻ തവണ വ്യവസ്ഥയിൽ ബുക്ക്ബുക്ക്  ചെയ്തു.

അന്നേ ഒരു പുസ്തകപ്പുഴു ആയിരുന്ന എനിക്ക് അതൊരു ഉത്സവമായിരുന്നു.
പുസ്തകം  പ്രസിദ്ധീകരിക്കുന്ന ദിവസങ്ങൾ ഞാൻ എണ്ണിയെണ്ണിത്തീർത്തു .
ഒടുവിൽ പുസ്തകം കയ്യിൽ  കിട്ടി.
ശരീരത്തെപ്പറ്റിയും  ആരോഗ്യത്തെപ്പറ്റിയും  വർണച്ചിത്രങ്ങൾ നിറഞ്ഞ ഒരു ബ്രഹുത്ഗ്രന്ഥം. രോഗാവസ്ഥകളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമായി, ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വൈകുന്നേരം പുസ്തകം ഞങ്ങളുടെ കയ്യിൽ  നിന്നും തട്ടിപ്പറിച്ചു വാങ്ങി അമ്മ പ്രസ്താവിച്ചു.
"ഇത്രേം ദിവസം നിങ്ങൾ വായിക്കുകല്ലാരുന്നോ? ഇനി ഞാനൊന്നു വായിക്കട്ടെ. എന്നെ ആരും ശല്യപ്പെടുത്തരുത്. വേണ്ടതൊക്കെ അവിടെയുണ്ടാക്കി വച്ചിട്ടുണ്ട്.."
അമ്മ ഒരു മുറിക്കകത്ത് കേറി കതകടച്ച് വായന തുടങ്ങി.

മണിക്കൂറുകൾക്ക് ശേഷം കതകു തുറക്കപ്പെട്ടു.
ഞങ്ങൾ ആകാംക്ഷയോടെ ചോദിച്ചു.
"എങ്ങനൊണ്ടമ്മേ പുസ്തകം?"

അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"ങും.. ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

ഞങ്ങളുടെ പൊട്ടിച്ചിരിക്കിടയിലും അമ്മ വിഷമം സ്ഫുരിക്കുന്ന മുഖത്തോടെ പറഞ്ഞു.
"അല്ലേലും എന്റെ കാര്യത്തിൽ നിങ്ങക്കൊരു ശ്രദ്ധേമില്ല. ഞാൻ സുഖമില്ലാതെ കിടന്നു ചത്താ നിങ്ങളൊന്നും തിരിഞ്ഞുപോലും നോക്കില്ല, എനിക്കറിയാം.."
"ഈശ്വരാ, കാശ് കൊടുത്തു കടിക്കുന്ന പട്ടിയെയാണല്ലോ ഞാൻ വാങ്ങിയത്."ഒരു തികഞ്ഞ നിരീശ്വരവാദിയായ അച്ഛൻ വിലപിച്ചു,"ഇവിടെത്താടീ  പുസ്തകം..!!"

വർഷങ്ങൾക്കു ശേഷം ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ  അലമാരയിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ട്  ഞാൻ അതെടുത്ത് താളുകൾ  മറിച്ചു നോക്കിക്കൊണ്ട്  മകളോട് പറഞ്ഞു,
"അമ്മൂ, നിനക്ക്  അറിയാമോടീ , ഇതിൽ പറയുന്ന എഴുന്നൂറ്റിപ്പന്ത്രണ്ട്  അസുഖങ്ങൾ എനിക്കുണ്ട്..!!"

വാതിൽക്കൽ നിന്നും അവളുടെ അമ്മൂമ്മയുടെ  സ്വരം ഉയർന്നു .
"ചെറുക്കാ, വലുതായെന്നൊന്നും ഞാങ്കരുതത്തില്ല. ഒരെണ്ണമങ്ങോട്ടു ഇട്ടുതന്നാലുണ്ടല്ലോ..!!"

എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...