Friday 14 March 2014

ഇരുട്ടടി



എന്റീശ്വരാ ഇവന്മാർ  എന്നേം കൊണ്ടേ പോകൂ.

തികഞ്ഞ ഒരു നിരീശ്വരവാദിയാണെങ്കിലും പ്രതിസന്ധിയുണ്ടായാൽ ഞാൻ ആദ്യം വിളിക്കുന്നത്‌ ഈശ്വരനെയാണ്.  അത്തരം ഘട്ടങ്ങളിൽ ഒരു  ഈശ്വരവാദി ചെയ്യുന്നത് പോലെ തന്നെ  നമുക്ക് കുറ്റം ചാർത്താൻ  ഒരാൾ  വേണമല്ലോ എന്ന ആ സാധാരണ ചിന്താഗതി മാത്രം. നിരീശ്വരവാദിയാണേലും ഭക്തനാണേലും സാധാരണ പുള്ളിക്കാരൻ നമ്മളെ  തിരിച്ചൊന്നും പറയാറില്ല.

കയ്യിലിരുന്നു വിറയ്ക്കുന്ന കടലാസ് സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വന്ന മീറ്റർ റീഡന്റെ  (കടപ്പാട് വീകെയെൻ)  കയ്യിൽ  നിന്നും ഭക്ത്യാദരപൂർവ്വം  കൈപ്പറ്റിയതാണ്.
നമ്മുടെ കറന്റ് പോയാൽ മണിക്കൂറുകൾ തിരിഞ്ഞു  നോക്കാത്ത കക്ഷികളാണ് ഇക്കക്ഷികൾ. ബില്ല് കൊണ്ട് തരാൻ എന്തൊരു ചിട്ട,  എന്തൊരു ശുഷ്കാന്തി..! 

കണ്ണ് ഇറുക്കിയടച്ച്  ഇരുട്ടാക്കി നോക്കി.
ഇരുട്ടാക്കീട്ടെന്തു കാര്യം? ബില്ലടച്ചില്ലേൽ മൊത്തം ഇരുട്ടാകും.
പ്രദീപ്‌ എന്ന ഹതഭാഗ്യൻ രൂപ രൊക്കം മൂവായിരത്തി  നാനൂറ്റി എമ്പത്തേഴ്   ചട്ടപ്പടി പത്താം തീയതിക്കകം കെട്ടി  വച്ചില്ലായെങ്കിൽ  പലിശ ചേർത്തടയ്ക്കേണ്ടതും അതല്ലായെങ്കിൽ പതിനഞ്ചിന് ശേഷം  സുനാപ്പി കട്ട് ചെയ്യുന്നതുമാണെന്ന്  ഇതിനാൽ തെര്യപ്പെടുത്തുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ഒരു ഗൃഹനാഥനെന്ന നിലയിൽ  വളരെ ഉത്തരവാദിത്വബോധത്തോടെ നാം എന്താണ് ചെയ്യേണ്ടത്?
അത് തന്നെ ഞാനും ചെയ്തു.
ഭാര്യയെ സ്നേഹബഹുമാനപുരസ്സരം വിളിച്ചു വരുത്തി കൂടെ മുഖത്തു ഒരു ലോഡ് പുച്ഛവും വിളിച്ചു വരുത്തി സർക്കാർകടിതം മേശപ്പുറത്തേയ്ക്ക് ഒറ്റയേറ് .

"ഇന്നാ കൊണ്ട് പോയി അടയ്ക്ക്.."

ഉത്തമ കുടുംബിനിയും ഭൂമിയോളം ക്ഷമാശീലയും സർവോപരി സുന്ദരിയും സുശീലയും (അല്ലെങ്കിൽ  സുശീല വേണ്ടാ, അതവളുടെ കുഞ്ഞമ്മയാണ്) ഒക്കെ ആയ സഹധർമിണി  ഭാവഭേദമൊന്നുമില്ലാതെ മേശപ്പുറത്തു നിന്നും കടിതം കൈകളിലെടുത്തു സാവധാനം വായിച്ചു.

അവളുടെ മുഖത്തു ഷോക്ക് ഒന്നും കാണുന്നില്ല.

"അതേയ്, പാതിരാത്രി വരെ സർവ മുറികളിലും ലൈറ്റും ഫാനുമിട്ട്  റ്റീവീം ഓണ്‍ ചെയ്തു  നടക്കുമ്പോ ഓർക്കണം..!!"
എന്ന ഡയലോഗ് ഞാൻ പറയുന്നതിന് മുന്പ് തന്നെ അവൾ വള്ളിപുള്ളി തെറ്റാതെ എന്നോടു  പറഞ്ഞു.
കല്യാണം കഴിച്ച നാൾ മുതൽ ശ്രദ്ധിക്കുന്നതാണ് , ഇത്തരം കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഭയങ്കര (ഭയം ജനിപ്പിക്കുന്ന) മാനസിക ഐക്യമാണ്..

ഞാൻ കൊടുത്തതിനേക്കാൾ അറുപത്തിമൂന്നു ശതമാനം പുച്ഛം കൂട്ടിയിട്ടും   ഇരുപത്തിമൂന്ന് ശതമാനം ശക്തി കൂട്ടിയും  സർക്കാർകടിതം അവൾ മേശപ്പുറത്തേയ്ക്ക് തന്നെ തിരിച്ചെറിഞ്ഞു. 

ഇനി നമുക്ക്  ഒന്നേ പറയാനുള്ളൂ. സെയിം റ്റു യു..!! 
നിരീശ്വരവാദിയായത് കൊണ്ട് അത് പറഞ്ഞില്ല. രക്ഷിക്കാൻ പുള്ളിക്കാരൻ  പോലും വരില്ല.

ന്നാലുമെന്റെ ആര്യാടാ..!!

കുഴപ്പം നമ്മളുടെ തന്നെയാണ് . ഒരു ശ്രദ്ധയുമില്ല. എല്ലാ മുറികളിലും പാതിരാത്രി കിടന്നുറങ്ങുന്നത് വരെ ലൈറ്റും  ഫാനും ഇട്ടു   വയ്ക്കും. ഒരു മുറിയിൽ  കയറി തിരിച്ചിറങ്ങുമ്പോൾ ലൈറ്റും ഫാനും നിർത്തണം എന്ന് നൂറുവട്ടം പുത്രനോടും പുത്രിയോടും  വാമഭാഗത്തോടും ഒരു ഗൃഹനാഥൻ എന്ന നിലയിൽ ഉദ്ബോധിപ്പിക്കാറുണ്ട്.  പക്ഷെ ഗൃഹനാഥൻ ഇതൊന്നും ചെയ്തു കാണാറില്ലല്ലോ എന്ന സത്യം കൊണ്ട് അവർ എന്റെ മോന്തയ്ക്കിട്ട് തിരിച്ചു ചാമ്പും.
" നോ അഡ്മിഷൻ"  എന്നെഴുതി വച്ചാലും കസേരയിലിരിക്കേണ്ട ഓഫീസ്സർക്ക്  അകത്തു പോകാം എന്നൊരു സരിതോർജവാദം ഒക്കെ ഉയർത്തി നോക്കാറുണ്ടെങ്കിലും അത് വിലപ്പോകാറില്ല.

പക്ഷെ, എന്തെങ്കിലും ചെയ്താലല്ലേ പറ്റൂ.

അടുക്കളയിൽ ചെല്ലുമ്പോൾ ദാ ഇരിക്കുന്നു ഇൻഡക്ഷൻ കുക്കർ ഒരെണ്ണം. ഗ്യാസിനു ക്ഷാമം നേരിട്ടപ്പോൾ ഒന്നുകിൽ ഇൻഡക്ഷൻ കുക്കർ അല്ലെങ്കിൽ ഹോട്ടൽ  എന്ന സുന്ദരസുരഭിലമായ മുദ്രാവാക്യം വാമഭാഗം മുഴക്കി. അപ്പോൾ വാങ്ങിച്ചു കൂട്ടിയതാണ് ഈ കറണ്ട് തീനിയെ.
അവിടുന്നു തന്നെ തുടങ്ങാം.
"നാളെ മുതൽ ഇൻഡക്ഷൻ  കുക്കർ വേണ്ടാ..ഗ്യാസിൽ വല്ലതും വച്ചാൽ മതി "

"വേണ്ടാങ്കിൽ വേണ്ടാ...."
ഭാര്യ പിച്ചാത്തി കയ്യിലെടുത്ത് പറഞ്ഞു.
നിഷ്ക്രമിക്കുന്നതാണ് ബുദ്ധി. പ്രത്യേകിച്ചും കത്തി കയ്യിലുള്ളപ്പോൾ.

"പിന്നെ പത്തു ദിവസം കൊണ്ട് ഗ്യാസ് തീർന്നെന്നും പറഞ്ഞ് എന്നോടു ചാടിക്കയറരുത്. അതെങ്ങനാ, അച്ഛനും മക്കളും ചൂട് വെള്ളത്തിലല്ലേ കുളിക്കൂ.."
കേട്ടാൽ  തോന്നും അവൾ , എന്നും തണുത്ത വെള്ളത്തിലാ കുളിയെന്ന് . 
പറഞ്ഞില്ല.  കത്തി..!

അടുക്കളയിൽ നിന്നും നിഷ്ക്രമിക്കുമ്പോൾ ഒരു ആക്കിയുള്ള ചിരി പുറകിൽ  നിന്നും ഉയർന്നു. വേലക്കാരിയാണ്.
അവളും ചൂട് വെള്ളത്തിലാണ് കുളിയെന്നു തോന്നുന്നു.

ന്നാലുമെന്റെ ആര്യാടാ..!!

മുകളിലത്തെ നിലയിലെ  ലോഞ്ചിൽ കയറിച്ചെല്ലുമ്പോൾ ദാ ടീവിയിൽ ഒരു പെണ്‍കൊടി വിശാലമായ ഒരു പുൽമേട്ടിലൂടെ  അങ്ങനെ ഒഴുകി നടന്നു പോകുന്നു. അവൾ എന്റെ കറണ്ട് ഉപയോഗിച്ചു നാല്പതിഞ്ച് ചുറ്റളവിൽ ഏതോ ഹിന്ദി ഗാനം പാടി നടക്കുകയാണ്.  ഒറ്റ മനുഷ്യൻ കാണാനില്ല. ഒറ്റയൊരെണ്ണത്തിനും  ഹിന്ദി അറിയില്ല എന്നത് മറ്റൊരു കാര്യം.

ആദ്യം കയ്യിൽ  കിട്ടിയത് പുത്രിയെയാണ്.
"ഡീ അമ്മൂ , ആർക്ക്  കാണാനാടീ ഇതിങ്ങിനെ ഓണാക്കി ഇട്ടിരിക്കുന്നത്? എന്തുമാത്രം കറണ്ടാ  ഈ കുന്തം കുടിച്ചുതീർക്കുന്നതെന്ന് നിനക്ക് വല്ല വിചാരോണ്ടോ ?"

അവൾ ഒന്നും മിണ്ടാതെ, ഒരു കുറ്റബോധവുമില്ലാതെ നിൽക്കുകയാണ്.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പിള്ളാരായാൽ ചെറുപ്പകാലം തൊട്ടേ ഒരു ഉത്തരവാദിത്വബോധം ഒക്കെ വന്നേ  മതിയാകൂ.

"ടീവിയൊക്കെ കണ്ടു കഴിഞ്ഞാൽ നിർത്തണം. അല്ലാതെ അതിവിടിങ്ങനെ ആരും കാണാനും കേക്കാനും ഇല്ലാതെ ഇട്ടിട്ടു പോകുവല്ല വേണ്ടത്. ഇതു രാജ്യദ്രോഹമാണ്. എടീ, ഒരു പൌരബോധമൊക്കെ വേണം. ആ ഗാന്ധിജിയൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാ നീയൊക്കെ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്ന് അറിയാമോ?. നമ്മുടെ രാഷ്ട്രത്തിന്റെ വിഭവങ്ങൾ വെറുതെ വേസ്റ്റാക്കുകയാണെന്നൊരു തോന്നൽ എന്താ നിനക്കൊന്നും......"

"അതിനു അച്ഛയല്ലേ ഇച്ചിരി മുൻപ്  ടീവീ കണ്ടോണ്ടിരുന്നിടത്തു നിന്നും എഴുന്നേറ്റു താഴോട്ടു പോയത്..?"

ഇതാണ് കുഴപ്പം.
ഇനി നമ്മളെങ്ങാനും അങ്ങനെ മറന്നു പോയതാണെങ്കിലും അവൾക്കൊന്നു നിർത്തിയാലെന്താ? വളയൂരിപ്പോകുമോ?
ഇപ്പോഴത്തെ തലമുറ അല്ലേലും അങ്ങനെയാ. പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ എന്ത് പറഞ്ഞാലും അവർക്ക്  ഒരു മറുപടിയുണ്ട്. 

അടുത്ത മുറി പുത്രന്റെയാണ്. ചതിക്കാത്ത ചന്തു.

മുറിയിൽ  ആളില്ല. മനോഹരം. ഫാനുമുണ്ട് . ലൈറ്റുമുണ്ട് . രണ്ടും നിർത്തുമ്പോൾ അവൻ ഓടിവന്നു. 
"നീയെന്താടാ  ലൈറ്റും ഫാനും നിർത്താതെ പോയത്?"

"അച്ഛെ, ഞാനൊന്ന് മൂത്രമൊഴിക്കാൻ പോയതല്ലേ. ദാ  പോയി, ദാ വന്നു. അതിനെന്തിനാ ലൈറ്റും ഫാനും നിർത്തുന്നെ?"

"ഒന്ന് നിർത്തീന്ന്  വച്ചു കുഴപ്പമൊന്നുമില്ലല്ലൊ. വീണ്ടും ഓണ്‍ ചെയ്യാമല്ലൊ..അത്രയും കറന്റ് ലാഭിച്ചു കൂടെ?"

"അച്ഛക്കറിഞ്ഞു കൂടാ. ഫാൻ നിർത്തീട്ടു വീണ്ടും ഓണാക്കുമ്പോൾ അതിന്റെ പഴയ സ്പീഡിലെത്താൻ കൂടുതൽ കറണ്ടു വേണ്ടേ?"

ആവോ.. ഞാൻ പഠിച്ചത് കെമിസ്തിരിയാ .. അവൻ ഫിസിക്സിന്റെ വല്യ മേസ്തിരിയാണെന്നാ ഭാവം.!!

"അച്ഛ പറ. ഫാൻ കുറഞ്ഞ സ്പീഡിലിടുന്നതാണോ ഫുൾ  സ്പീഡിലിടുന്നതാണോ  കറണ്ടു കൂടുതൽ ആകുന്നത് ?"

"അതേത് പൊട്ടനാ അറിയാത്തെ? കുറഞ്ഞ സ്പീഡിൽ ഇട്ടാൽ കുറച്ചു കറണ്ടു പോരെ?"

"എവിടെ? നമ്മൾ റെഗുലേറ്റർ ഉപയോഗിക്കുമ്പോൾ സ്പീഡ്  കുറയ്ക്കാൻ റെസിസ്റ്റൻസാ  ഉപയോഗിക്കുന്നത്. എന്ന് വച്ചാൽ കറന്റ് റെസിസ്റ്റൻസ്  വച്ചു തടയും. അപ്പോൾ കുറെ കറന്റ് ഹീറ്റ് ആയി മാറും ...."

പിള്ളാരോട് വർത്തമാനം പറയുമ്പോൾ സൂക്ഷിക്കണം. ആളാകാൻ വേണ്ടി "അതേത് പൊട്ടനാ അറിയാത്തെ " എന്നൊന്നും  വച്ച്  കാച്ചിക്കളയരുത്. കൂടുതൽ കേൾക്കാൻ നിൽക്കാതെ  പൊട്ടൻ പടിയിറങ്ങി താഴേയ്ക്ക് നിഷ്ക്രമിച്ചു. 

ന്നാലുമെന്റെ ആര്യാടാ..!!

കോണിപ്പടിക്കു താഴെ മീക്കി നിൽപ്പുണ്ട്.
"നിനക്കെന്താ ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ? മൂന്ന് നേരം വെട്ടിവിഴുങ്ങുന്നുണ്ടല്ലോ."

വാമഭാഗം അടുക്കള വാതിൽക്കൽ വന്നു എത്തി നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചിട്ട് മടങ്ങി.
മീക്കി അൽപനേരം  തല ഇടത്തോട്ടും വലത്തോട്ടും ചരിച്ച്  എന്റെ മുഖത്തേയ്ക്കു നോക്കി നിന്നു. പിന്നെ  ഒരു ലോഡ് പുച്ഛം വിതറി പുറം തിരിഞ്ഞു വാലാട്ടി മുറ്റത്തേയ്ക്കിറങ്ങി.
വന്നു വന്നു നായ്ക്കും വകവയ്പ്പില്ലാതായി.

കുറേനേരം സോഫയിലിരുന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. എങ്ങനെ കറണ്ടു ചാർജ്  കുറയ്ക്കും?
കുറച്ചുകഴിഞ്ഞ്  ഭാര്യ അടുത്തു വന്നിരുന്നു. ഒന്നുമല്ലെങ്കിൽ ഫർത്താവ് വിഷമിച്ചിരിക്കുന്നതു കണ്ടാൽ ഫാര്യക്കും വിഷമമൊക്കെ വരില്ലേ?

"എല്ലാരും കൂടി വിചാരിച്ചാൽ കുറച്ചൊക്കെ കണ്ട്രോൾ ചെയ്യാമെന്നേ  ഉള്ളൂ. പക്ഷെ വിചാരിക്കണം"  അവൾ ആശ്വസിപ്പിച്ചു

"അതെ വിചാരിക്കണം..!!" ഞാനും മൂളി.

പെട്ടെന്ന് ഒരു ഐഡിയ വന്നു, സേട്ജി ..!
ഉടനെതന്നെ ചന്തുവിനെ താഴേയ്ക്ക് വിളിച്ചു.

"നീ കണ്ടോ? ഇപ്രാവശ്യത്തെ കറണ്ട്ബില്ല് മൂവായിരത്തി  നാനൂറ്റി എമ്പത്തേഴുരൂപയായി.  അടുത്ത ബില്ല്  നമുക്ക് എല്ലാവർക്കും   കൂടി കുറയ്ക്കണം. കറന്റ് എവിടെ വേസ്റ്റ് ചെയ്യുന്നത് കണ്ടാലും നീ ഇടപെടണം.  അത് നിന്റെ ചുമതലയാണ്. അടുത്ത ബില്ല് എത്ര കുറയുന്നോ അത്രയും രൂപ നിനക്കുള്ളതാണ്. സമ്മതിച്ചോ?"

അവൻ സംശയഭാവത്തിൽ നില്ക്കുകയാണ്. എന്താണെന്നറിഞ്ഞു കൂടാ, ഞാൻ ഇതുപോലുള്ള എന്ത് പറഞ്ഞാലും അമ്മയുടേം  മക്കളുടേം  മുഖത്ത് ആദ്യമെപ്പോഴും വരുന്നത് ഈ സംശയഭാവമാണ്.

ഇപ്രാവശ്യം സഹധർമിണി രക്ഷപെടുത്തി.
"അച്ഛയുടെ കയ്യിൽ  നിന്നും ആ പൈസ അമ്മ വാങ്ങിത്തരാം"

അവന്റെ മുഖത്തെ സംശയം മാറി.

"എടാ നിനക്ക് ആ പൈസ വച്ചു പൊറോട്ടയും ബീഫ് ഫ്രയ്യും വാങ്ങി കഴിക്കാമല്ലോ"
മർമം എവിടാണെന്നു  വൈദ്യനെ ആരും പഠിപ്പിക്കണ്ടാല്ലോ .

അവന്റെ മുഖം തെളിഞ്ഞു. പൊറോട്ടയും ബീഫ് ഫ്രയ്യും കഴിക്കാൻ അവൻ വേണമെങ്കിൽ മൂലമറ്റത്തെ സുനാപ്പി വരെ ബോംബു വച്ചു തകർക്കും ..

അങ്ങനെ സഹജരെ, സഹനസമര സമയമായ്...

ചതിക്കാത്ത ചന്തു ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ ഓടി നടന്നു വ്യാപൃതനായി.

നമ്മൾ മുറിയിൽ  നിന്നുമിറങ്ങുമ്പൊൾ  കതകിനു മറവിൽ നിന്നും ആക്രോശത്തോടെ ചാടി വീണ് അവൻ ലയ്റ്റും ഫാനും നിർത്തും. എട്ടുമണിയാകുമ്പോഴേ പുറത്തെ പൂമുഖത്തെ  ലൈറ്റും ഗാർഡൻ  ലാംപും അവൻ നിർത്തും. അതിനു ശേഷം വരുന്ന സന്ദർശകർ പലരും ഗോപി വരച്ചു മടങ്ങിപ്പോയി. ഇനി മുതൽ അത്താഴം എല്ലാവരും എട്ടു മണിക്കേ കഴിക്കണം, അതിനു ശേഷം ഊണുമുറിയിൽ  വെളിച്ചം ഉണ്ടായിരിക്കുന്നതല്ല എന്ന ഒരു ഘോരനിർദേശം  അവൻ മുൻപോട്ടു വയ്ക്കുകയും  നമ്മളുടെ അനുവാദമില്ലാതെ തന്നെ അത് നടപ്പിലാക്കുകയും ചെയ്തു. ഏഴുമണിയാകുമ്പോഴേ പഠനം നിർത്തി പുസ്തകങ്ങളെ സ്കൂൾ ബാഗിൽ ഉറക്കാൻ കിടത്തുന്ന സ്വഭാവവും തുടങ്ങി. ടീവീ കാണുന്നതിനിടയിൽ ഒന്ന് മൂത്രമൊഴിക്കാൻ മറ്റോ തിരിഞ്ഞാൽ അത്ഭുതകരമായി അത് ഓഫാകാൻ തുടങ്ങി. ദൂരെ കതകിനു പുറകിൽ റിമോട്ടുമായി അവൻ മറഞ്ഞു നില്പ്പുണ്ടായിരുന്നു എന്ന് അമ്മുവിൻറെ അസൂയ പറഞ്ഞു. പകൽ  നമ്മൾ ഫാനിട്ടു ഉറങ്ങിയാൽ വിയർത്തൊലിച്ച്  എഴുന്നേല്ക്കാൻ യോഗമുണ്ടായി. ഇൻഡക്ഷൻ കുക്കർ ആത്മഹത്യ  ചെയ്തു, ശവം പോലും കിട്ടിയില്ല.  കൊലപാതകമായിരുന്നില്ല എന്നവൻ റിപ്പോർട്ട്‌ ചെയ്തു. അടുക്കളയിൽ ഫ്രിഡ്ജ് ഓഫ്‌ ചെയാൻ അവൻ ഒരു വിഫലശ്രമം നടത്തിയതായി മാതാവ് റിപ്പോർട്ട്‌ ചെയ്തു. വന്നു വന്നു ലൈറ്റ് ഇടാൻ വൈദ്യുതാഗമനനിഗമനനിയന്ത്രണപേടകത്തിനടുത്തേയ്ക്ക് കൈ പോയാലുടൻ  മീക്കി പല്ലിളിച്ചു കുരയ്ക്കാൻ തുടങ്ങി. അവൻ പരിശീലനം കൊടുത്തു വച്ചിരിക്കുകയാണ്. അവൻ ഇരിക്കാൻ പറഞ്ഞാൽ അവൾ രണ്ടു പ്രാവശ്യം തറയിൽ കിടന്ന് ഉരുണ്ട്  കാണിക്കും. അവർ ആത്മാവും പറങ്കിമാവുമാണ്.



ആര്യാടനോട് വീട്ടുകാർക്ക്  മൊത്തം ശത്രുതയായി. പുള്ളിക്കാരൻ ഈ മണ്ഡലത്തിലെങ്ങാനും മത്സരിച്ചിരുന്നേൽ കള്ളവോട്ടുകൂടി ചെയ്തു തോല്പ്പിച്ചേനേ ..

അടുത്ത ബില്ല് വന്നു. 
വെറും രണ്ടായിരത്തിഎണ്ണൂറ്റി മുപ്പതു രൂപാ.

ചതിക്കാത്ത ചന്തു വന്നു കൈ നീട്ടി.
"അറുന്നൂറ്റി അമ്പത്തെഴു രൂപാ"

അവനു ഫിസിക്സ് മാത്രമല്ല, കണക്കും അറിയാം.

"ഡാ, ഞങ്ങളൂടെ സഹിച്ചിട്ടല്ലേ ഇത്രയും കുറഞ്ഞേ, അപ്പൊ പൈസാ മുഴുവൻ നിനക്ക് വേണോ" എന്ന ചോദ്യം അവൻ അമ്മവക്കീൽ  മുഖാന്തിരം അതിക്രൂരമായി തള്ളിക്കളഞ്ഞു. മാത്രവുമല്ല, അത്ര പന്തിയല്ലാത്ത ഭാവത്തിൽ മീക്കി എന്നെ നോക്കി മുരളുകയും ചെയ്തു.
അല്ലേലും പണ്ടേ ഞാൻ കാലു വാരുന്നവനാണെന്ന് ഒരു അപഖ്യാതി ഉള്ളതായി കൂട്ടിക്കോളൂ..

പൈസ കൊടുക്കുമ്പോൾ അവനോടു വീണ്ടും പറഞ്ഞു.
"ഇനി അടുത്ത  ബില്ലും കുറഞ്ഞാൽ ആ കുറവും നിനക്കുള്ളതാ"

കുറച്ചു ദിവസം കൂടി കടന്നു പോയി.
വൈദ്യുതി നിയന്ത്രണം മുറുകി മുറുകി കാര്യങ്ങൾ ഒരു മുറു മുറുപ്പിലേയ്ക്ക് നീങ്ങി. വീട്ടിലെ അന്തരീക്ഷം സ്ഫോടനാത്മകമായി. തൊട്ടതിനും പിടിച്ചതിനും എല്ലാം ഭാര്യ എന്റെ പുറത്തും ഞാൻ അവളുടെ പുറത്തും മേക്കിട്ടു കേറാൻ  തുടങ്ങി. അമ്മുവും വൈദ്യുതിനിയന്ത്രിതാവും തമ്മിൽ തർക്കം  മൂത്ത് കയ്യാംകളി വരെയായി. അവൾ ഉടനെ കല്യാണം കഴിച്ചു കറന്റുള്ള വല്ല വീട്ടിലും പോയിക്കളയുമെന്നു വരെ ഭീഷണി മുഴക്കി. എപ്പോഴാ എല്ലാവർക്കും  മീക്കിയുടെ കടി കിട്ടുന്നതെന്നും  സംശയമായി.

അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ എല്ലാ നിയന്ത്രണങ്ങളും അപ്രത്യക്ഷമായി. ലൈറ്റുകളും ഫാനുകളും പഴയത് പോലെയായി. ടീവിയിലെ പെണ്‍കൊടി ഹിന്ദിയ്ക്കു പുറമേ തെലുങ്കും  തമിഴും ഒക്കെ പറഞ്ഞു ആരും കാണാനില്ലാതെ  നാൽപ്പതിഞ്ചതിരിൽ പാറിപ്പാറി നടന്നു. ഭാര്യക്ക് പെട്ടെന്ന് സ്നേഹം കൂടി. അവൾ എനിക്ക് ഊണിന്റെ കൂടെ അവൾക്ക് അത്ര പ്രിയമില്ലാത്ത എന്റെ പ്രിയപ്പെട്ട തീയൽ കറി ഉണ്ടാക്കി തന്നു. ഞാൻ മണ്ഡലം എമ്മല്ലെയെ കണ്ടതുപോലെ "കുറേക്കാലമായല്ലോ കണ്ടിട്ട്" എന്ന് തീയലിനോടു പറഞ്ഞ്  ഉരുള വാരി വാരി വിഴുങ്ങി.  മീക്കി കുരയേ നിർത്തി. സന്ദർശകർ  രാത്രി ഒന്പതിനും പത്തുമണിക്കും ഒക്കെ കയറി വന്നു.  ആത്മഹത്യ ചെയ്ത ഇൻഡക്ഷൻ കുക്കറിനെ വേലക്കാരി തുടച്ചു വൃത്തിയാക്കുന്നതും കണ്ടു.

ചന്തുവിനെ വിചാരണ  ചെയ്യാൻ കൂട്ടിൽ  വിളിച്ചു നിർത്തി. അവന്റെ വക്കീൽ - കം- ബോഡിഗാർഡ്, മീക്കിയും അവന്റെ സമീപത്തു ഹാജരായി.

"എന്താടാ കറണ്ടുനിയന്ത്രണമൊക്കെ ഉപേക്ഷിച്ചോ?"

"ഓ, എന്തിനാ, എനിക്ക്  വയ്യ  ഇങ്ങനെ കഷ്ടപ്പെടാൻ .."
അവൻ ബോധിപ്പിച്ചു.

"അതെന്താ, നിനക്ക് കാശു ഞാൻ തന്നില്ലേ?"

"ങും. പക്ഷെ ഇപ്പൊ ഒരു ഗുണോമില്ല. ഇനിയിപ്പോ ഞാൻ എത്ര കഷ്ടപ്പെട്ടാലും പത്തോ ഇരുനൂറോ രൂപാ കൂടി അടുത്ത ബില്ലേൽ കുറയുമായിരിക്കും. അപ്പൊ അച്ഛ എനിക്കതല്ലേ തരൂ.."

ങും. ആ സാമ്പത്തികശാസ്ത്രം  അവൻ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനിയിപ്പോൾ അവനെ പറ്റിക്കാൻ പ്രയാസമാണ്. എന്നാലും മർമത്ത് ഒന്ന് കൂടി പിടിച്ചു നോക്കാം.

"ഇരുനൂറു രൂപയെങ്കിൽ ഇരുനൂറു രൂപ.  അതിനു നിനക്ക്  പൊറോട്ടയും ബീഫ് ഫ്രയ്യും  തിന്നു കൂടെ?"

"എന്തിന് ?  എനിക്ക് പൊറോട്ടയും ബീഫ് ഫ്രയ്യും അല്ലാതെതന്നെ മേടിച്ചു തരാമെന്ന് അമ്മയും അമ്മുചേച്ചിയും പറഞ്ഞല്ലോ.."

തിരിഞ്ഞുനോക്കുമ്പോൾ അവന്റെ കരുണാനിധിയായ മാതാവും സ്നേഹനിധിയായ ഉടപ്പിറന്നോളും അതിവേഗത്തിൽ കോണിപ്പടി കയറി മുകളിലേയ്ക്ക് പോകുന്നത് കണ്ടു.

വീണ്ടും തിരിഞ്ഞുനോക്കുമ്പോൾ പ്രതി അപ്രത്യക്ഷനായിരിക്കുന്നു.

മീക്കി അവിടെത്തന്നെ ഇരുപ്പുണ്ട്. രണ്ടു ചീത്ത കൊടുത്താലോ. അവളുടെ ഭാവം കണ്ടിട്ട് അത്ര ധൈര്യം വന്നില്ല. മാത്രവുമല്ല, അവനു കിട്ടുന്ന ബീഫിന്റെ മുപ്പത്തിയേഴേകാൽ ശതമാനം അവളാണ് തിന്നുന്നത്. വെറുതെ റിസ്ക്‌ എടുക്കണ്ട.

ഞാൻ അവളെ സൂക്ഷിച്ചു നോക്കി. അവൾ എന്നെ രണ്ടു മൂന്ന് പ്രാവശ്യം  തല ഇടത്തോട്ടും വലത്തോട്ടും അൽപ്പം ചരിച്ചു നോക്കി. എന്നിട്ട് ആഞ്ഞു രണ്ടു കുര..!!

ന്നാലുമെന്റെ ആര്യാടാ..!!

Friday 7 March 2014

വഞ്ചകൻ






















വഞ്ചന എന്ന് പറഞ്ഞാൽ അതി ക്രൂരമായ വഞ്ചന..
ഒരു നാൽപതു വർഷങ്ങൾക്കു മുൻപാണ് ആ വഞ്ചന എന്റെ ജീവിതത്തിൽ സംഭവിച്ചത്. അന്ന് പ്രായം ഒരു എട്ടു ഒൻപത് വയസ്സ് വരുമായിരിക്കും.
(ശ്ശോ , ന്റെ പ്രായം എല്ലാരും അറിഞ്ഞു)

ചേർത്തലയിൽ ഒറ്റപ്പുന്ന എന്ന ഒരു സ്ഥലമുണ്ട്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പഞ്ചാരമണലിന്റെ  പ്രളയമാണ്. വെയിൽ  മൂക്കുമ്പോൾ  കണ്ണിനെ വേദനിപ്പിക്കുന്ന പ്രകാശമാണ് ആ മണലിൽ തട്ടി വരുന്നത്. ഇന്നും ഒറ്റപ്പുന്ന എന്ന സ്ഥലം ഓർക്കുമ്പോൾ കണ്ണിലാണ് ആ  പ്രതികരണം ഉണ്ടാവുന്നത്.

അവിടെ ഒരു കൊച്ചു വാടക വീട്. ആ കൊച്ചുവീട്ടിലാണ്  അച്ഛനും അമ്മയും ഞാനും അനിയനും ചേച്ചിയും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ താമസം. അമ്മ അന്ന് ഒറ്റപ്പുന്ന സ്കൂളിൽ അദ്ധ്യാപികയാണ്. അച്ഛൻ മറ്റൊരു സ്കൂളിലും.

വളരെയധികം ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഒരു വീടായിരുന്നു അത്. അതൊരു വാടക് വീടാണെന്നൊന്നും അന്നത്തെ ബാലമനസ്സിൽ ഉണ്ടായിരുന്നില്ല. പിന്നെ ഒരു പാടു വാടക  വീടുകളിലൂടെ  കയറിയിറങ്ങി അച്ഛന്റെ നാട്ടിലെത്തി സ്വന്തം വീട്ടിൽ  താമസം ആകുമ്പോൾ വർഷങ്ങൾ കഴിഞ്ഞിരുന്നു.

കഥയിലെ കഥാനായകൻ ഈ ഞാൻ.

പറഞ്ഞു വരുന്നതു  ഒരു വലിയ വഞ്ചനയുടെ  കാര്യമല്ലേ.
അപ്പോൾ സ്വാഭാവികമായും അതിൽ ഇമ്മിണി ബല്ല്യ ഒരു  വില്ലനും ഉണ്ടാവുമല്ലോ. ഉണ്ട്, രണ്ടു വയസ്സ് ഇളയവനായ എന്റെ അനിയൻ.

ഈ കക്ഷി നമ്മുടെ അനിയനാണെങ്കിലും കയ്യിലിരിപ്പ് കൊണ്ട് ചേട്ടനാണെന്നു അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അവൻ കാഞ്ഞബുദ്ധിയാണ്.
ഗുജറാത്തിൽ ജോലിക്ക് പോയ അമ്മാവൻ  അവനൊരു ഹിന്ദി ഓമനപ്പേര് ചാർത്തിക്കൊടുത്തു .  ഛോട്ടാ.....  
ബടാ ആയി ഞാൻ അവിടെത്തന്നെയുണ്ടല്ലോ..

ഈ ഛോട്ടാ. എന്ന് വിളിക്കുമ്പോൾ കേട്ട് നിൽക്കുന്നവർ  മുഖം തുടയ്ക്കുന്നത് കൊണ്ടാവണം കാലക്രമത്തിൽ അത് വേറും  ചോട്ടാ ആയി മാറി.  

അന്നൊക്കെ കുടുംബാസൂത്രണം എന്നപേരിൽ സർക്കാർ  ഒരു ചുവന്ന ത്രികോണവും കൂടെ " കുട്ടികൾ ഒന്നോ രണ്ടോ മതി" എന്ന വാചകവും കണ്ണിൽ  കാണുന്നിടത്തൊക്കെ പ്രദർശിപ്പിക്കുന്ന കാലമാണ്. ആനവണ്ടിയിൽ പടികൾ കയറുമ്പോൾ തന്നെ വനിതകളുടെ സീറ്റുകളുടെ   മുകളിൽ " വനിതകൾ "  എന്നെഴുതിയതിനു താഴെ ആ മഹദ് വചനം   എഴുതി വച്ചിരിക്കുന്നത് കാണാം..
കണ്ടാൽ  തോന്നും ഇതിനെല്ലാം കാരണക്കാർ വനിതകളാണെന്ന്. പുരുഷകേസരികൾക്ക്‌ ഒരു കുറ്റവുമില്ല. 

ഒരിക്കൽ ആനവണ്ടിയിൽ ഞങ്ങൾ കുടുംബസമേതം കയറുകയാണ്. അച്ഛനുമമ്മയും ഞാനും ചേച്ചിയും കയറിക്കഴിഞ്ഞു. ഈ കാഞ്ഞബുദ്ധി വണ്ടിയിൽ കയറാതെ റോഡിൽ  രണ്ടു കയ്യും പുറകിൽ  കെട്ടി നിൽക്കുകയാണ്.
കണ്ടക്ടർ ചോദ്യഭാവത്തിൽ അവനെ നോക്കി.
അമ്മ അവനെ രൂക്ഷമായി നോക്കി " കേറടാ"  എന്ന് പ്രോത്സാഹിപ്പിച്ചു. 
ആശാന് ഒരു കുലുക്കവുമില്ല. വളരെ സാവധാനം വണ്ടിയ്ക്കകത്തേയ്ക്ക് നോക്കി കക്ഷി വായിക്കുകയാണ്..
"കുട്ടികൾ ..ഒന്നോ... രണ്ടോ... മതി.."
അർത്ഥഗർഭമായ ഒരു നിശബ്ദത . പിന്നെ,
"രണ്ടെണ്ണം കേറീല്ലേ.. നീപ്പോ ഞാനെങ്ങനെ കേറും?"
വണ്ടിയിൽ ആൾക്കാരുടെ അട്ടഹാസം മുഴങ്ങിയപ്പോൾ അച്ഛൻ തിരക്കിലൂടെ ഊളിയിട്ടു മുൻപോട്ടു  പാഞ്ഞതായി അമ്മയുടെ അതിശയോക്തി .

ഇപ്പോൾ വില്ലനെപ്പറ്റി ഏകദേശ ധാരണ  ആയിക്കാണുമല്ലോ?
ഇനി വഞ്ചനക്കഥ ..

അന്നെനിക്ക് ഒരു ദൗർബല്ല്യം ഉണ്ട്. ദോശ...!!

ആള് കൊഞ്ച് പോലെയാണെങ്കിലും ഒരിരുപ്പിനു നാലഞ്ചു ദോശ സെക്കണ്ടുകൾ കൊണ്ട്  അകത്താക്കി മറ്റുള്ളവരുടെ പാത്രത്തിൽ അന്തം വിട്ടു കൊതിയോടെ നോക്കിയിരിക്കും. അതുകൊണ്ട് തന്നെ അമ്മ ഭയഭക്തിബഹുമാനത്തോടെ ഒരു പേരും ചാർത്തിത്തന്നു , തിമ്മൻകണ്ട.

ദോശയാണ് ഈ കഥയിലെ വിദൂഷകൻ .

എന്നും  വൈകിട്ട് ഒറ്റപ്പുന്ന എന്ന കൊച്ചുപട്ടണം താണ്ടി അപ്പുറമൊരു വീട്ടിൽ പോയി പാല് വാങ്ങിക്കൊണ്ടു വരേണ്ട ചുമതല ആണൊരുത്തനായ എനിക്കുള്ളതാണ്. എനിക്ക് വഴി തെറ്റാതിരിക്കാൻ വഞ്ചകനും  കൂടെ കാണും.

ചായക്കടകളിൽ കണ്ണാടിഅലമാരയിൽ വാരിക്കൂട്ടിയിട്ടിരിക്കുന്ന ദോശ കാണുമ്പോൾ എന്റെ നടപ്പ് പതിയെയാകും. എന്തോരം ദോശകളാണ്.!
ഇതെല്ലാം തിന്നുന്നവർ എന്ത് ഭാഗ്യവാന്മാരാണ്..!!

അങ്ങനെ കണ്ണാടിയലമാരിയിലെ ദോശകളെ നോക്കി, ആർക്കും ഒരു ചേതവുമില്ലാതെ അവയെ പ്രണയിച്ചു, വെള്ളമിറക്കി  എന്റെ ജീവിതം അനർഗളനിർഗളമായി അഭന്ഗുരമായി മുന്നേറുമ്പോൾ വഞ്ചകൻ ഒരു ബോംബിട്ടു.

"കാശുണ്ടാരുന്നെ നമുക്ക് ദോശ വാങ്ങിക്കാരുന്നു, ല്ലേ?"

ഇന്നാരുന്നേൽ  നമ്മൾ ഉടനെ ചോദിച്ചേനെ, നമുക്കെന്താ ദാസാ ഈ ബുദ്ധി  നേരത്തെ തോന്നാതിരുന്നതെന്ന്. ഒരൊന്നിനും  ഓരോ സമയമുണ്ട്.

എന്റെ ഹൃദയം പ്രതീക്ഷാനിർഭരമായി. ജീവിതത്തിനു ഒരു ലക്ഷ്യമൊക്കെ ഉണ്ടായി. അതുവരെ കണ്ണാടിയലമാരിയിൽ പുറം തിരിഞ്ഞു കിടന്നുറങ്ങിയ ദോശകൾ  എന്നെ നോക്കി, എന്നെ മാത്രം നോക്കി, പുഞ്ചിരി തൂകാൻ തുടങ്ങി. 

പക്ഷെ ചുമ്മാ സ്വപ്നം കണ്ടിട്ട് കാര്യമില്ലല്ലോ. "കാശുണ്ടാരുന്നെ.." എന്ന ഒരു  എന്തുനല്ല നടക്കാത്ത സ്വപ്നം ഒരു വലിയ  പ്രശ്നമായി മുൻപിൽ അവതരിച്ചു.
കാശില്ല ... 

നാലാം ക്ലാസ്സുകാരന്റെ  ഓട്ടക്കീശയിൽ  എവിടാ ദോശ മേടിക്കാൻ കാശ്.. ?
ഇനി അഥവാ കാശു കിട്ടിയാലും അതിനു ചായക്കടയിൽ നിന്നും ദോശ വാങ്ങീന്ന് അറിഞ്ഞാൽ അമ്മ വക തല്ലും ഉറപ്പ്.

എന്നും പാല് മേടിക്കാൻ പോകുമ്പോൾ ദോശകൾ  കണ്ണാടിയലമാരിയിൽ കിടന്നു വീർപ്പുമുട്ടി എന്നെ നോക്കി കരയും. വേമ്പനാട്ടുകായലിൽ  ചാഞ്ചാടി നീങ്ങുന്ന വഞ്ചി പോലെ ഞാനും വികാരവിക്ഷോഭത്തിൽ അകപ്പെട്ട് ആടിയാടി നീങ്ങും.  കൂടെ നടക്കുന്ന വഞ്ചകനാകട്ടെ  ഈ പ്രണയാതുരനെ   അനുകമ്പയൊടെ   നോക്കും.

അങ്ങനെ കാലം പ്രണയത്തിലൂടെയും നിരാശയിലൂടെയും കടന്നുപോകുമ്പോൾ ഒരിക്കൽ മേശയുടെ വലിപ്പിൽ ഈയുള്ളവൻ ഒരു ബിസ്കറ്റ് ടിന്ന്   കാണുന്നു. അതിൽ നിറയെ ചില്ലറ പൈസകളാണ്. അമ്മ സാധനങ്ങൾ   വാങ്ങിക്കഴിയുമ്പൊൾ ബാക്കി കിട്ടുന്ന ചില്ലറത്തുട്ടുകൾ.
ഞാൻ പക്ഷെ നാണയങ്ങൾ അല്ല കാണുന്നത്, ടിന്നു നിറയെ ദോശകൾ.

വീണ്ടും അശരീരി.
"ശ്ശോ , പത്തു പൈസ കിട്ടിയാൽ എന്തോരം ദോശ തിന്നാരുന്നു..!!"
തിരിഞ്ഞു നോക്കുമ്പോൾ അവൻ തന്നെ. വഞ്ചകൻ..
ഈ പാവം ഞാൻ ടിന്നിൽ നിന്നും  പത്തു പൈസ എടുത്തു നിക്കറിന്റെ പോക്കറ്റിൽ ഇട്ടു.

അന്ന് വൈകുന്നേരം പാല് മേടിക്കാൻ പോകുമ്പോൾ നിക്കറിന്റെ പോക്കറ്റിലെ പത്തു പൈസ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് ഞാനറിഞ്ഞു.   ചായക്കടയുടെ മുൻപിലെത്തിയപ്പോൾ കൂടെ നടന്ന  വഞ്ചകൻ നിക്കറിൽ പിടിച്ചു വലിച്ചു. 

ഞാൻ പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊടുത്ത്  ഒരു ദോശ  വാങ്ങി. വാഴയിലയിൽ പൊതിഞ്ഞ ദോശയെ പ്രസാദം കിട്ടിയപോലെ വാങ്ങി പ്രണയപുരസ്സരം ചുരുട്ടിപ്പിടിച്ചു നടന്നു.
വഞ്ചകന്റെ കണ്ണ് ദോശയിലാണ്.

ആരേലും കണ്ടാലോ? ദോശയെ നിക്കറിന്റെ പോക്കറ്റിലേയ്ക്ക് തിരുകിക്കയറ്റി.

പാലും കൊണ്ട് തിരികെ വരുമ്പോൾ  വഞ്ചകൻ ഉപദേശിച്ചു.
"ഇപ്പൊ വീട്ടിലെത്തും, ദോശ തിന്നണ്ടേ? അമ്മ കണ്ടാ തല്ലുമേ .."

വഴി നീളെ ദോശ തിന്നു നടക്കുന്നതെങ്ങനെ? ആരേലും കണ്ടാലോ.!!
പോക്കറ്റിൽ കയ്യിട്ട് ദോശ പുറത്തെടുക്കാതെ തന്നെ പിച്ചിപ്പറിച്ചെടുത്തു തിന്നു. ഇടക്കിടെ വഞ്ചകനും ഒരു കഷണം കൊടുക്കും.

വഞ്ചകന് കൊടുത്ത ദോശക്കക്ഷണങ്ങളുടെ  എണ്ണം കുറഞ്ഞു പോയെന്നും കിട്ടിയ കഷണങ്ങൾക്ക് തന്നെ ഞാൻ തിന്നതിനേക്കാൾ വലുപ്പം കുറവായിരുന്നു എന്നും പിൽക്കാലത്ത് അവൻ ആരോപണം ഉന്നയിച്ചിരുന്നു എന്നത് ശരിയാണ്. സമത്വസുന്ദരമായ ഒരു കിനാശ്ശേരി അന്നേ അവന്റെ  മനസ്സിൽ ബീജാവാപം  ചെയ്യപ്പെട്ടു എന്ന് ഈ തിമ്മങ്കണ്ടയ്ക്ക് ഒട്ടും  മനസ്സിലായതുമില്ല. മനസ്സിലായാലും പക്ഷെ ഇതൊന്നും ഐക്യരാഷ്ട്രസഭേൽ വച്ചു ചർച്ച ചെയ്തു തീരുമാനിക്കാവുന്ന പ്രശ്നം അല്ലല്ലോ.

വീടടുക്കാറായപ്പോൾ പോക്കറ്റിൽ വാഴയില ശേഷിച്ചു. അതെടുത്ത് കളയുന്നത് കണ്ടപ്പോൾ  എന്തോ ഭീകര അഴിമതി നടന്ന പോലെ വഞ്ചകന്റെ കണ്ണുകൾ എന്നെ രൂക്ഷമായി നോക്കി. നനയുന്ന കണ്ണുകളിൽ  നിന്നും  അഗ്നിസ്ഫുലിന്ഗങ്ങൾ എന്റെ നേരേ പാഞ്ഞു വന്നു.
അവൻ എന്നെയും കടന്നു വീട്ടിലേയ്ക്ക് ശരവേഗത്തിൽ പാഞ്ഞു.

ഞാൻ വായിൽ അവശേഷിച്ച ദോശയുടെ  രുചി ആസ്വദിച്ച്  പഞ്ചാരമണൽ തട്ടിത്തെറുപ്പിച്ച്   സാവധാനം വീട്ടിലെത്തി. വരാന്തയിൽ അമ്മ കാത്തു നില്പുണ്ട്. കയ്യിൽ  നീളമുള്ള ഒരു വടിയുമുണ്ട്‌. അമ്മ സ്വീകരിച്ചു ആനയിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി.  പാൽപ്പാത്രം മേടിച്ചു മേശപ്പുറത്തു വച്ചു. പിന്നെ എന്റെ രണ്ടു കൈകളും പിന്നിലേയ്ക്കാക്കി ജനൽ കമ്പിയിൽ ചേർത്തു കെട്ടി. വടി ഉയർത്തിക്കാട്ടി  ചോദിച്ചു.
"നീയിനി മോഷ്ടിക്കുമൊ?"

അമ്മയുടെ ദേഷ്യം എന്നെ വല്ലാതെ ഭയപ്പെടുത്തി. ടിന്നിനകത്തു നിന്നും പൈസ എടുത്തതാണോ അതോ അത് കൊണ്ട് ദോശ  മേടിച്ചതാണോ  ഈ 'മോഷണം" എന്ന പ്രവർത്തി  എന്ന് കൂലങ്കഷമായി ചിന്തിച്ചുകൊണ്ട്, പതിവ് പോലെ ഞാൻ കൊള്ളാത്ത അടിയ്ക്ക് സഹിക്കാൻ പറ്റാത്ത വേദനയിൽ ഉറക്കെ കരയാൻ തുടങ്ങി.
മോഷ്ടിക്കില്ലാ എന്ന് പറയാത്തത് കൊണ്ടാണോ എന്റെ കള്ളനിലവിളി കണ്ടാണോ അമ്മയുടെ ദേഷ്യം കൂടിക്കൂടി വന്നു. പടെ  പടെ  എന്ന് അഞ്ചാറു അടി വീണു. അടിയുടെ വേദന വന്നപ്പോൾ  ഞാൻ കരച്ചിലിന്റെ കാഠിന്യം  കൂട്ടി. കരച്ചിലിനിടയിലും വഞ്ചകൻ കതകിന് മറവിൽ നിന്നും എന്നെ ഉളിഞ്ഞു നോക്കുന്നതു ഞാൻ കണ്ടു.
പ്രേരണക്കുറ്റവും ശിക്ഷാർഹമല്ലേ?

ഒരു അദ്ധ്യാപികയുടെ  മകൻ മോഷ്ടിക്കുന്നതിൽപരം ഈ ലോകത്ത് മറ്റേതെങ്കിലും നികൃഷ്ടമായ പ്രവർത്തിയുണ്ടോ എന്ന് അമ്മ പരിതപിച്ചു. നാളെ എങ്ങനെ സ്കൂളിൽ പോകുമെന്നും എങ്ങനെ മറ്റു സാറന്മാരുടെ  മുഖത്തു നോക്കുമെന്നും  അമ്മ ഉറക്കെ ഉറക്കെ വിഷമിച്ചു. കാര്യങ്ങൾ ഇത്രയും ഒക്കെ വഷളായ സ്ഥിതിക്ക്  ഒരു മോഷ്ടാവെന്ന നിലയിൽ ഞാൻ നാളെ എങ്ങനെ സ്കൂളിൽ പോകുമെന്നും എന്റെ ക്ലാസ്സിലെ കുട്ടികളുടെ മുഖത്ത്  എങ്ങനെ നോക്കും എന്നും  ആരും പറഞ്ഞു തന്നുമില്ല.

ആദ്യമായാണ്‌ ബന്ധനസ്ഥനായി അമ്മയുടെ വക തല്ലു മേടിക്കുന്നത്.  സാധാരണഗതിയിൽ ആദ്യത്തെ തല്ലിൽ തന്നെ മുറ്റത്തിന്റെ അങ്ങേക്കരയിൽ എത്തും. ഒരു പക്ഷെ തല്ലിന്റെ നൊമ്പരത്തെക്കാളേറെ ആ ബന്ധനം മനസ്സിനെ വല്ലാതെ  ഉലച്ചിരിക്കണം. അനുവാദം ഇല്ലാതെ മറ്റുള്ളവരുടെ ഒന്നും എടുക്കാൻ പാടില്ല  എന്ന് മനസ്സിൽ തറച്ചു കയറി.
പിന്നെ   ജീവിതത്തിൽ ഇന്നേ  വരെ ഒരു മോഷണം നടത്തിയിട്ടില്ല.
ചില്ലറ ഹൃദയങ്ങളല്ലാതെ.

അടുത്ത ദിവസം അമ്മ രണ്ടോ മൂന്നോ ദോശ കൂടുതൽ തന്നു കാണുമെന്നു അമ്മയുടെ സ്നേഹം തീർച്ച പറയുന്നു.


വഞ്ചകനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഇന്ന് ഓർമയില്ല.
എങ്കിലും ഇന്നും ഇടക്കിടെ സൗകര്യം കിട്ടുമ്പോൾ അവനിട്ട് താങ്ങും .
"അല്ലേലും നീ എന്നെക്കൊണ്ട് കാശു മോഷ്ടിപ്പിച്ചു ദോശ  വാങ്ങിത്തിന്ന് എന്നെ കാലുവാരി എനിക്ക് തല്ലു മേടിച്ചു തന്നവനല്ലെ?"

കഥയറിയാവുന്ന അവന്റെ കുട്ടികളും എന്റെ കുട്ടികളും അവനു ചുറ്റും നിന്ന് കൂവി വിളിച്ചു ചിരിക്കും.
അവരുടെ അമ്മൂമ്മ അവരുടെ കൂടെ ആർത്തു  ചിരിക്കും.

അവനു ശിക്ഷ കിട്ടിയില്ല എന്ന്  തീർത്തും പറഞ്ഞുകൂടാ. അവന്റെ രണ്ടാമത്തെ മകൻ അവന്റെ തനിപ്പകർപ്പായി പിറന്നു.
-------------------------------------------------------------------------------------------------------


ബ്ലോഗ്‌  വായനക്ക് ശേഷം വഞ്ചകന്റെ കുറിപ്പ്---
Pramod Chotta 
കൂട്ടരേ .....
ഞാനാണ് ഈ കഥയിലെ വില്ലന്‍.
കൂട്ടത്തിലെ കുഞ്ഞായ എന്‍റെ, കുഞ്ഞുമോന്‍ സ്ഥാനം അടിച്ചുമാറ്റിയവന്‍ നായകന്‍ ..!!

കുഞ്ഞുമോനേ....ന്നുള്ള അമ്മയുടെ നീട്ടി വിളികേള്‍ക്കുമ്പോള്‍ ...
ന്തോന്നു വിളികേള്‍ക്കാന്‍ എന്‍റെ നാവു തരിച്ചിരുന്നു എന്നത് എന്റെമാത്രം സ്വകാര്യ നൊമ്പരം ...!!!!
ഇന്നും ......ചോട്ടായേ.....ന്നുള്ള വിളി കേള്‍ക്കുമ്പോള്‍ അറിയാതെ ബംഗാളി ആയി പോയത് പോലെ ഒരു ചമ്മല്‍.

ആ കള പോഛെല്ലും ...........!!! 

വിഷയത്തിലേക്ക് വരാം .....
ദോശ ഒന്നായിരുന്നില്ല .മൂന്നായിരുന്നു .....
മൂന്നിനെ രണ്ടായി ഭാഗിച്ചാല്‍ എത്ര ??
ഒന്നര എന്ന് ഞാന്‍ .
ഒന്നെന്നു നായകന്‍ .
സംശയം തീര്‍ക്കാന്‍ ഞാന്‍ വന്നു അമ്മയോട് ചോദിച്ചു .....
"മോട്ടിച്ച കാശിനു മൂന്ന് ദോശ വാങ്ങി രണ്ടായി വീതിച്ചാല്‍
എനിക്ക് കുഞ്ഞുമോന്‍ എത്ര തരണം.....???
ഇത്രേ...ഞാന്‍ ചോദിച്ചുള്ളൂ .അതിനാ എന്നേ....................


:D




എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...