Tuesday 26 July 2016

മൈ ബോസ്



മൈ ബോസ്സ് ആളൊരു തടിയാപിള്ളയായിരുന്നു.
ഇപ്പോൾ ഭാരമെത്രയുണ്ട് എന്ന് ചോദിച്ചാൽ ഒരു മടിയും കൂടാതെ ഒരു ക്വിന്റൽ, ഒരു ക്വിന്റൽ പത്തു കിലോ എന്നിങ്ങനെ പത്തുകിലോ കുറച്ചു പറയുന്ന ആൾ. കൂടെ നമ്മുടെ മുഖത്തു നോക്കി ഒരു കള്ളം കൂടി  പറയും.
"കുറയ്ക്കുന്നുണ്ട്, കുറയ്ക്കുന്നുണ്ട്..!!"

പൊതുവേ തടിയന്മാർ ആംഗലേയ ഭാഷയിൽ പറഞ്ഞാൽ clumsy ആണ്. നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ചുറ്റുമുള്ള സാധനങ്ങൾ  ഒരു മാജിക്കിലെന്നപോലെ അന്തരീക്ഷത്തിൽ ഉയർന്ന് ചുറ്റും ചിതറി വീഴുന്നത് കാണാം. രണ്ടു നേരം ഗ്ലാസ്സ് തട്ടി മേശപ്പുറത്ത് എന്തെങ്കിലും ഒഴിക്കാതെ ഒരു ദിവസം തീരുകയില്ല.
ബോസ്സും മോശക്കാരനായിരുന്നില്ല.
പുള്ളിക്കാരൻ വരുന്നത് കണ്ടാൽ ഉടൻ ഞങ്ങൾ മേശപ്പുറത്ത്‌  'ഇപ്പൊ ഞാൻ വീഴുമേ..!' എന്ന് പറഞ്ഞിരിക്കുന്ന സ്ഥാവരജംഗമവസ്തുക്കളെല്ലാം അവിടെനിന്ന് നിഷ്കാസനം ചെയ്യും.

ബോസ്സ് ക്ഷിപ്രകോപിയുമായിരുന്നു. ചിരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ചിലപ്പോൾ ഭാവം മാറും. മുഖം ചുവക്കും. കസേരയിൽ നിന്നും ചാടി എഴുന്നേൽക്കും, ഇരുന്നിരുന്ന കസേര  'ഞാൻ ചത്തേ ..!'  എന്ന് നിലവിളിച്ചു കൊണ്ട്  പുറകോട്ടു മലർന്നു വീഴും. മേശപ്പുറത്തു നിന്നും വാരി വലിച്ചിട്ടിരിക്കുന്നതിൽ നിന്നും കുറഞ്ഞത്‌ നാല് ഫയലുകൾ ഭൂമിദേവിയെ പുൽകും, മേശപ്പുറത്തു പാതി കുടിച്ചു വച്ചിരിക്കുന്ന  ചായ ഗ്ലാസ് മറിഞ്ഞു വീണ് അടിയന്തിര തീരുമാനം പ്രതീക്ഷിച്ച് രണ്ടാഴ്ചയായി  ഉറങ്ങുന്ന ഫയൽ മഞ്ഞ നിറമാകും. മേശ ചുറ്റി പുറത്തേയ്ക്ക് വരുമ്പോൾ തറയിൽ കൂടി പോകുന്ന ടെലിഫോൺ കേബിളിൽ കാൽ കുരുങ്ങി ഫോൺ  സോക്കറ്റിൽ നിന്നും പറിഞ്ഞു തെറിച്ചു താഴെവീഴും. അതോടെ സ്വന്തം ബാലൻസ്  തെറ്റി തെറിച്ചു ഭീത്തിയിൽ ചെന്ന് മുട്ടി,  ബാലൻസ്  ശരിയാക്കാൻ രണ്ടു കൈകളും  ഉയർത്തി ഹതഭാഗ്യവാനായ കലണ്ടറിനെ പിടികൂടി അത് ആണി സഹിതം വലിച്ചു പറിച്ചു മൂന്നായി തറയിലിടും. പിന്നെ നമ്മളെ  നോക്കി ഒരു അലർച്ചയാണ്.

"പ്ര.. പ്ര.. ദീഫെ.. അയാം യോബോസ് ..!  മൈന്ഡ്.. ട്ട്  .. അന്തബോസ്..!!"
കൂടെ ഒരു കുട്ട തുപ്പൽ പകുതി വാക്കുകളെ ശബ്ദരഹിതമാക്കി പുറത്തേയ്ക്ക് തള്ളിവിടും .
"പ്രദീപ്‌, അയാം യോ ബോസ്.. മൈന്ഡ് ഇറ്റ്‌.. അയാം ദെ ബോസ്സ്"
എന്നാണ് അട്ടഹസിക്കുന്നത്.

നമ്മൾ  ചായ ഗ്ലാസ്‌ നേരെയാക്കി, ഫയലിൽ നിന്നും  ചായ തട്ടി കുടഞ്ഞു കളഞ്ഞ്, ഫയലെല്ലാം എല്ലാം ഒതുക്കി വച്ച്, ഫോണെടുത്തു നേരെയാക്കി, അതിലൂടെ  " തോമസ് സാറിനു ഒരു കലണ്ടർ കൂടെ" എന്ന് എച് ആറിൽ വിളിച്ചു പറയുമ്പോഴേയ്ക്കും പുള്ളിക്കാരന്റെ ദേഷ്യം തീർന്നിരിക്കും.

ഫയൽ നോക്കിയില്ലെങ്കിലും ബ്രിട്ടീഷ് ലൈബ്രറിയിൽ പോയി ഗഡാഗണ്ഡന്മാരായ പുസ്തകങ്ങൾ കൊണ്ട് വന്നു വായിക്കുക എന്നതാണ് പതിവ്. അത് മേശപ്പുറത്തു നമുക്ക് കാണുന്ന രീതിയിൽ വച്ചിട്ടുണ്ടാകും. ചൂടായി കസേരയിൽനിന്നും  എഴുന്നേൽക്കുന്ന സമയത്ത്  "കൊള്ളാമല്ലോ ബോസ്സ്, ബി ഏ ബെറ്റർ ഹ്യുമൻബീയിങ്ങ്..നല്ല പുസ്തകമാണോ?' എന്നൊന്ന് ചോദിച്ചാൽ മതി, ആശാൻ ടപ്പേന്ന് കസേരയിൽ തിരിച്ചു വീഴും, മുഖത്തു ഒരു ചിരി വിളയാടും, പിന്നെ ഒരു വിവരണമാണ്. മേൽപ്പറഞ്ഞ ദേഷ്യപ്രകടനങ്ങൾ വേണോ അതോ പുസ്തകത്തെപ്പറ്റി അര മണിക്കൂർ  സ്റ്റഡിക്ലാസ് വേണോ  എന്ന് നമ്മൾ തീരുമാനിച്ചാൽ മതി.

" ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാതിരിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്.  ചില അവസരങ്ങളിൽ അവ ജീവിതത്തിൽ വളരെ പ്രധാനമായിത്തീരും. അതീ പുസ്തകം പറയുന്നുണ്ട്. "
"എന്ന് വച്ചാ?"
നമ്മൾ ഉറക്കത്തിന്റെ കയത്തിൽ നിന്നും തല ഒരു വിധത്തിൽ ഉയർത്തിപ്പിടിച്ചു ചോദിക്കും.
"ഉദാഹരണത്തിന്, നമ്മൾ കാറിലോ ബൈക്കിലോ യാത്ര തുടങ്ങാൻ പോകുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമെന്താണ്?"
"താക്കോലെടുത്തോന്നു നോക്കണം."
"അല്ല." - ചിരിയിൽ അല്പം പുഞ്ഞം.
"പെട്രോളുണ്ടോന്നു നോക്കണം."
"അല്ല." - ചിരി മൊത്തം പുഞ്ഞം.
"എന്നാപ്പിന്നെ ആ മഹാൻ പറഞ്ഞതെന്താണെന്ന് ബോസ്സ് തന്നെ പറ.."

ആ മഹാനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ "ശിരസ്സ്‌ പിളർന്നു  അന്തരിക്കണേ"എന്ന് നാം പ്രാർത്ഥിച്ചേനേ... 

"അതാണ്‌..!  ഏതൊരു യാത്രയും പുറപ്പെടുന്നതിനു മുന്പ് വൃത്തിയുള്ള കീറാത്ത അണ്ടർവെയർ  ധരിക്കണം."
"ങ്ഹെ..!"
"ങ്ഹാ.."
"ങ്ഹെ..!!"
"ങ്ഹാ.. പോകുന്ന വഴിക്ക് നിങ്ങൾക്ക്  ഒരു ആക്സിഡന്റ്   ഉണ്ടായെന്നിരിക്കട്ടെ, നിങ്ങളെ നാട്ടുകാര് ആശുപത്രിയിൽ  കൊണ്ടുപോകും. സുന്ദരിമാരായ നേഴ്സന്മാർ  അവിടെക്കാണും, അവർ മുറിവെല്ലാം വൃത്തിയാക്കാൻ നിങ്ങളുടെ ഷർട്ടും പാന്റ്സും അഴിച്ചു മാറ്റും, അപ്പോ ദാ കിടക്കുന്നു, പഴകി കീറിപ്പറിഞ്ഞു കിഴുത്ത വീണ നിങ്ങളുടെ അണ്ടർവെയർ..അപ്പൊ ആ നേഴ്സന്മാർ നിങ്ങളെപ്പറ്റി എന്ത് വിചാരിക്കും..? അതോണ്ടാ പറേന്നെ .."
"ഗുരോ..!!"

കുറ്റം പറയരുതല്ലോ, ഓഫീസിലെ കാര്യങ്ങൾ സമയബന്ധിതമായി തീർക്കണമെന്ന് പുള്ളിക്കാരന് യാതൊരു വാശിയുമില്ലായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ജോലി അവിടുന്നു കിട്ടുന്ന വാർത്തകൾ ഇവിടെയും ഇവിടെ നിന്നും കിട്ടുന്ന വാർത്തകൾ അവിടെയും പൊടിപ്പും തൊങ്ങലും ചേർത്ത് എത്തിക്കുകയെന്നതായിരുന്നു. മിക്കവാറും സമയം ഒരു കയ്യിൽ ഇന്റേണൽ ഫോണും മറുകയ്യിൽ എക്സ്റ്റേണൽ ഫോണും കാണും. മേശപ്പുറത്ത് കമ്പനി മൊബൈൽ ഫോണും.

ഒരിക്കൽ ഒരു മീറ്റിങ്ങിനുശേഷം മാനേജിംഗ് ഡയറക്ടർ  എച്ച്. ആർ  മാനേജരോട് മീറ്റിങ്ങിലെ തീരുമാനങ്ങൾ  അന്നുതന്നെ അടിയന്തിരമായി ഒരു സർക്കുലർ ആയിയിറക്കി എല്ലാവരെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഓഫീസ് ടൈം കഴിഞ്ഞിരുന്നതുകൊണ്ട് എച്ച്. ആർ  മാനേജർ ബുദ്ധിമുട്ട് അറിയിച്ചു. ഒരു ചെറു പുഞ്ചിരിയോടെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു:
"അല്ലേൽ സാരമില്ല. തോമസ്‌ മീറ്റിങ്ങിലുണ്ടായിരുന്നല്ലോ, അത് മതി."

സ്ഥിരമായി ചാടിയെഴുന്നേറ്റു ടെലിഫോൺ കേബിൾ കാലുകൊണ്ട്  പൊട്ടിക്കുന്നതിൽ സഹികെട്ട ടെലിഫോൺ സെക്ഷൻകാർ അത് ഒരു പൈപ്പ് വഴി ഇട്ടു ബോസ്സിന്റെ മേശയുടെ അരികിൽ വരെയെത്തിച്ചു കൊടുത്തു. വാതിൽ  തുറന്നു കയറിയാൽ ആദ്യം കാണുന്നത് പുറത്തു നിന്നും വന്നു മേശയ്ക്കടിയിലൂടെ കസേരയ്ക്കരികിലേയ്ക്ക് പോകുന്ന ഈ പൈപ്പാണ്.
സ്വതവേ ഒരു മടിയനായ ബോസ്സിനെപ്പറ്റി ഒരു പുതിയ കഥ ഇറങ്ങാൻ കാലതാമസം ഉണ്ടായില്ല.

"ഡീ, തോമസ്സാറിന്റെ മുറിയിലെ പൈപ്പ് കണ്ടോ?"
"കണ്ടു, കണ്ടു. ഫോൺലൈനല്ലേ?'
"അല്ലെടീ, അത് തറയിൽ കൂടി അങ്ങനെ എങ്ങോട്ടാ പോകുന്നത്?"
"അത് മേശയ്ക്കടിയിൽ കൂടി കസേര വരെ."
"അതേടീ, അതിന്റെയങ്ങേയറ്റത്തു ഒരു ഫണൽ ഉണ്ടെന്നാ ആൾക്കാര് പറേന്നെ. ഇപ്പൊ പുള്ളിക്കാരൻ ബാത്രൂമിൽ പോവാറില്ലാത്ത്രെ..!!"
എങ്ങനുണ്ട് കഥ പോകുന്ന പോക്ക്..!

ബോസ്സിനെപ്പറ്റി മറ്റൊരുപാട് കഥകളും പാണന്മാർ പാടി നടക്കുന്നുണ്ട്.

കമ്പനിയിൽ ആദ്യമായി ജോലിക്ക് വന്നപ്പോൾ ഒരു ലോഡ്ജിൽ തനിയെയാരുന്നു താമസം. അന്ന് കല്യാണം കഴിച്ചിട്ടില്ല. കമ്പനിയിൽ ഡ്യൂട്ടി ചെയ്യുക, തിരികെ വന്നു ആസാദിൽ നിന്നോ മലബാർ ഹോട്ടലിൽ നിന്നോ ഉള്ള ചിക്കനും ബീഫും ബിരിയാണീം എല്ലാം വാരി വലിച്ചു തിന്നുക, ഉറങ്ങുക ഇതായിരുന്നു ജീവിതക്രമം. കുളി, നന, പല്ലുതേപ്പ് ഇതൊന്നും പറഞ്ഞിട്ടില്ല. തടി ഒരു ക്വിന്റൽ കടക്കാൻ അധികസമയം ഒന്നും വേണ്ടി വന്നില്ല.

കൂട്ടുകാർ റൂമിൽ വരുമ്പോൾ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന പഴയ തുണികൾ  കണ്ട്  അന്തംവിട്ടു.
"ഡാ, തോമാച്ചാ, നീ ഈ തുണിയെല്ലാം ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നതെന്താ?"
"അതേ, എനിക്കീ  തുണിയൊന്നും നനയ്ക്കാൻ വയ്യ. അണ്ടർവെയറും  ബനിയനും വാങ്ങി ഒരാഴ്ച ഉപയോഗിച്ചു കഴിഞ്ഞാൽ ഞാനത് ആ മൂലയ്ക്കെറിയും, പിന്നെ പുതിയത് വാങ്ങും. "

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയെക്കുറിച്ചുള്ള കഥയാണ്‌ ഏറ്റവും പ്രസിദ്ധം.
ആദ്യരാത്രിയിൽ കുളിച്ചു പൗഡറുമൊക്കെ പൂശി കുട്ടപ്പനായി ആശാൻ ഭാര്യയേയും നോക്കിയിരിക്കുകയാണ്. ഭാര്യ വന്നു കതകടച്ച്  മൂക്ക് ചുളിച്ചു ചോദിച്ചു.
"അച്ചായൻ കുളിച്ചില്ലേ?"
"കുളിച്ചു, കുളിച്ചു..!"

ഭാര്യ ഉന്തിത്തള്ളി ഭർത്താവിനെ കുളിമുറിയിൽ കയറ്റി, വേഷം മാറ്റി തല വഴി വെള്ളം ഒഴിച്ചു. സോപ്പിട്ടു പുറം നന്നായി കഴുകാൻ തുടങ്ങി.
സാമ്പാറിന്റെ നിറത്തിൽ വെള്ളം ഡ്രെയിനേജ് വഴി പുറത്തേയ്ക്കൊഴുകി. അത് പാർവതിപുത്തനാറുവഴി ആക്കുളം കായലിൽ ഒഴുകിയെത്തി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജലമലിനീകരണബോർഡിൽ നിന്നും   ശാസ്ത്രജ്ഞന്മാർ രാത്രി തന്നെ വന്നു പരിശോധന നടത്തിയെങ്കിലും  അവർക്ക്   ആ മലിനജലത്തിന്റെ സ്വഭാവമോ ഉറവിടമോ മനസ്സിലാക്കാൻ  കഴിഞ്ഞില്ല. (എന്നാൽ പിന്നീട് ബോർഡിലെ ഒരു സീനിയർ സയന്റിസ്റ്റ് ഈ പ്രതിഭാസത്തെപ്പറ്റി  ജനീവയിലെ ഒരു അന്തർദേശീയ സെമിനാറിൽ ഒരു ഖടിതം വായിച്ചു ലോകപ്രസിദ്ധനായി ).

കുറേനേരം പുറം ഉരച്ചു കഴുകിക്കഴിഞ്ഞപ്പോൾ വെള്ളത്തിന്റെ നിറം മാറി അതിന് ഒരു സ്വാഭാവികനിറം  കൈവരിച്ചു. ഒരു ദീർഘനിശ്വാസത്തോടെ ഭാര്യ നോക്കിയപ്പോൾ ഭർത്താവിന്റെ പുറത്തു U  പോലെ ഒരു അടയാളം. ഒരെത്തും പിടിയും കിട്ടുന്നില്ല.
ഭർത്താവ് കൈ പിന്നോട്ടാക്കി പുറത്തു പരതി. കുളിമുറിയുടെ സീലിങ്ങിലേയ്ക്ക് നോക്കി ഗാഢമായി ആലോചിച്ചു. പിന്നെ ഉറക്കെ അട്ടഹസിച്ചു.
"യുറേക്കാ..!"
കയ്യെത്തി പുള്ളിക്കാരൻ ആ ബനിയൻ ഊരി കുളിമുറിയുടെ മൂലയിലേക്കെറിഞ്ഞു.

കല്യാണവും വിരുന്നും കഴിഞ്ഞപ്പോഴേക്കും ഭാരം ഒന്നേകാൽ ക്വിന്റലിനോടടുത്തു.
അതിനെത്തുടർന്ന്  ഭാര്യ ചില കടുത്ത തീരുമാനങ്ങൾ എടുത്തു. വൈകിട്ട് അഞ്ചു മണിക്ക് ആശാനെ ഉന്തിത്തള്ളി വീടിനു പുറത്തേയ്ക്കെറിഞ്ഞു. കുറഞ്ഞത് അഞ്ചു കിലോമീറ്റർ നടന്നിട്ട് വന്നാലേ വീട്ടിൽ തിരിച്ചു കയറ്റൂ. 
സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ അമ്മയെ തിരിഞ്ഞു തിരിഞ്ഞു നോക്കി സ്കൂളിൽ പോകുന്നതുപോലെ, ആശാൻ ഭാര്യയെ തിരിഞ്ഞു തിരിഞ്ഞു നോക്കി മുഖവും കൂർപ്പിച്ച്  ഇഴഞ്ഞിഴഞ്ഞു നീങ്ങും. കാണാമറയത്തെത്തുമ്പോൾ ഭാര്യ ഒരു ദീർഘനിശ്വാസത്തോടെ കതകടച്ച്  അടുക്കളയിലേയ്ക്ക് മടങ്ങും. അച്ചായൻ തിരിച്ചു വരുമ്പോഴേയ്ക്കും  രണ്ടു ചപ്പാത്തീം എണ്ണ ചേർക്കാത്ത വെജിറ്റബിൾ  കുറുമയും  സലാഡും റെഡിയാക്കി വയ്ക്കണം. പാവം അച്ചായൻ..!

ആദ്യത്തെ കുറേനാളുകൾ ഉന്തിത്തള്ളി റോഡിലിറക്കി വിടാൻ കഷ്ടപ്പെടേണ്ടി വന്നു, ദീർഘനിശ്വാസങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു. ഒരാഴ്ച കഴിഞ്ഞതോടെ  അച്ചായൻ ഉഷാറായി. ഭാര്യക്കും സന്തോഷമായി. അല്ലേലും ആദ്യത്തെ മടിയേ ഉള്ളൂ, പിന്നീട് വ്യായാമം ചെയ്തില്ലെങ്കിലാണ് ബുദ്ധിമുട്ട്. ഇതെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് എന്ന് മൂളിക്കൊണ്ട് ബോസ് കൈകൾ വീശി ഗേറ്റ് കടന്നു പോകും. ഒരു എഴുമണിയോടെ വിയർത്ത് കുളിച്ചു തിരിച്ചെത്തും. വിയർത്ത് കുളിച്ചതുകൊണ്ട് ഇനി കുളിക്കണോ എന്ന് ഭാര്യയോടു ആരായും. വിശന്നു കുടൽ കരിഞ്ഞെന്നു പ്രസ്താവിയ്ക്കും. വെജിറ്റബിൾ കുറുമയെ നോക്കി മുരളും.
നടക്കാൻ പോകാൻ ഉന്മേഷത്തിന് ഒരു കുറവും ഉണ്ടായില്ല. പക്ഷെ തടിക്കും ഒരു കുറവുമുണ്ടായില്ല.
കുളിമുറിയിലെ വെയിംഗ് മഷീനും ബോസ്സിന്റെ ഭാര്യയും താടിക്ക് കൈകൾ കൊടുത്തു പരസ്പരം നോക്കിയിരുന്നു. ഭാരം ഒന്നേകാൽ ക്വിന്റൽ തന്നെ.

ഒരു ദിവസം ഭർത്താവ് ഇറങ്ങിയതിനു തൊട്ടുപിന്നാലെ അദ്ദേഹം അറിയാതെ ഭാര്യയും കൂടെ വച്ചു പിടിച്ചു. അത്യുത്സാഹത്തോടെ കൈകൾ വീശി ഒന്നേകാൽ ക്വിന്റൽ കിഴക്കേകോട്ട വഴി പടിഞ്ഞാറേക്കോട്ടയിലെത്തി. ഭാര്യയും പുറകെ നടന്നു വിയർത്തു. ഒന്നേകാൽ ക്വിന്റൽ വടക്കെകോട്ടയിൽ നിന്നും ഫോർട്ട്‌ സ്കൂളിനു മുൻപിലൂടെ തിരിഞ്ഞ് കൈതമുക്കിനു വച്ചു പിടിച്ചു.  ഇത്രേം നടന്നിട്ടും ഈ മനുഷ്യന്റെ തടി കുറയാത്തതെന്താ എന്നാലോചിച്ചു ഭാര്യയും. കൈതമുക്കിലേയ്ക്കു തിരിയുന്ന കോട്ടഗോപുരവാതിലിന്  സമീപം ഒരു തട്ടുകട. ഒന്നേകാൽ ക്വിന്റൽ അവിടെയെത്തിയപ്പോൾ സഡൻ ബ്രേക്ക് ഇട്ടു നിന്നു.

"ഗോപാലാ.."
"അറിയാം സാറേ, മൂന്നു കപ്പേം, രണ്ടു ബീഫ് കറീം, ല്ലേ?'
തലകുലുക്കി കസേരയിൽ ഇരിക്കാൻ തുടങ്ങിയ  മഹാനുഭാവൻ, ആറ്റുകാൽ ദേവിയുടെ രോക്ഷം നിറഞ്ഞ രൗദ്രരൂപം കണ്ടു ചാടിയെഴുന്നേറ്റു നാല് കസേരകളും തട്ടിയെറിഞ്ഞു വന്ന വഴിയേ അപ്രത്യക്ഷനായി.

റിട്ടയർമെന്റ്  പാർടിയിൽ രണ്ടെണ്ണം വീശി, നാല് മേശയും ആറ് കസേരയും മൂന്ന് ലാർജും  മറിച്ചിട്ട് എന്റെ ചുള്ളിക്കമ്പ് ശരീരത്തിൽ ഒന്നേകാൽ കിന്റലും ചാരി,  തുമ്പിക്കൈ വണ്ണമുള്ള കൈ എന്റെ തോളത്തുമിട്ടു ബോസ്സ് ഉറക്കെക്കരഞ്ഞു-
"ഞാൻ പോയാൽ  നിങ്ങൾ ആരെ കളിയാക്കും, പ്രദീപേ?'


(ഇ-മഷി മെയ് 2016 ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )








Saturday 5 March 2016

ഇടക്കൽ ഗുഹയിൽ



യാത്ര എന്ന് പറഞ്ഞാൽ എന്റെ ധർമപത്നിക്ക്‌  പിന്നെ മറ്റൊന്നും വേണ്ട. പിന്നെ അതിനുള്ള തയ്യാറെടുപ്പാണ്. യാത്രയ്ക്കിടയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാകാമോ  അതെല്ലാം തരണം ചെയ്യാൻ വേണ്ട സാമഗ്രികൾ തയ്യാറായിരിക്കും. യാത്ര ചെയ്യുമ്പോഴുള്ള വസ്ത്രങ്ങൾ, യാത്ര ചെയ്യാതിരിക്കുമ്പോഴുള്ള വസ്ത്രങ്ങൾ, കുളിക്കാനുള്ള സോപ്പ് , കൈ കഴുകാനുള്ള സോപ്പ് ("അതെല്ലാം  ഹോട്ടലീന്ന് കിട്ടുമെടീ ..!"), പേസ്റ്റ്, ബ്രഷ്, ചീപ്, കണ്ണാടി, ചാന്തുപൊട്ട് തൊട്ട് കോൾഡ് ക്രീം വരെ, ഏകദേശം പതിനാറോളം അസുഖങ്ങൾക്കുള്ള ആന്റിബയോട്ടിക്കും അങ്കിൾബയോട്ടിക്കും ഉൾപ്പടെയുള്ള മരുന്നുകൾ (അതൊരു പ്രത്യേക പെട്ടിയിൽ),  പത്തുപന്ത്രണ്ടു കുപ്പികൾ നിറയെ തിളപ്പിച്ചാറ്റിയ കുടിക്കാനുള്ള വെള്ളം, പത്തുപന്ത്രണ്ടു കുപ്പികൾ നിറയെ തിളപ്പിച്ചാറ്റാത്ത  ഇടയ്ക്ക് കൈ, മുഖം തുടങ്ങിയവ  കഴുകാനുള്ള  വെള്ളം, ഇടയ്ക്ക് യാത്രയിൽ കൊറിക്കാനുള്ള ബിസ്കറ്റ്, പഴവർഗങ്ങൾ, തുടങ്ങി ഇഞ്ചിമുട്ടായി , ജീരകമുട്ടായി വരെ എല്ലാം കൂടി ഒരു ആറേഴു പെട്ടികൾ, യാത്ര രണ്ടു ദിവസത്തിൽ കൂടുതലായാൽ അത് മണത്തറിഞ്ഞു മോങ്ങി നിലവിളിച്ച് അനുകമ്പ പിടിച്ചു പറ്റി കാറിന്റെ പിൻസീറ്റിൽ സ്ഥാനം പിടിക്കുന്ന മീക്കി എന്ന ശ്വാനി,  എല്ലാം റെഡി. ഇനി നമ്മളിതൊക്കെ  ചുമന്നാൽ മാത്രം  മതി.
"എടിയേ, ബാത്ത്റൂമിൽനിന്ന്  ആ ക്ലോസറ്റ് കൂടി ഇളക്കിയെടുത്തോ"  എന്ന് പറയുന്നതോടെ യാത്ര ആരംഭിക്കുകയായി.

ഇപ്രാവശ്യത്തെ യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. വയനാട് സന്ദർശനമായിരുന്നു മുൻകൂട്ടി പ്ലാൻചെയ്യാതെ പ്ലാൻ  ചെയ്തത്. പത്തുകൊല്ലങ്ങൾക്ക് മുൻപ് ഒരിക്കൽ വയനാട് സന്ദർശിച്ചതാണ്.  ഇനിയും കാണാൻ ഒരുപാട് സ്ഥലങ്ങൾ വയനാട്ടിലുണ്ട് എന്ന് നാട്ടാരും കൂട്ടാരും ഗൂഗിൾ മാപ്പും ഉറപ്പിച്ചു പറഞ്ഞതോടെ വള്ളിയുടെ നിർബന്ധം കൂടി. ഏതായാലും സ്വിറ്റ്സർലണ്ട് കാണണമെന്നല്ലല്ലൊ ആവശ്യപ്പെടുന്നത്. ധർമിഷ്ഠനായ ഭർത്താവ് അതങ്ങ് സമ്മതിച്ചു. മേൽപ്പറഞ്ഞ സാധനസാമഗ്രികളും ഭാര്യയുമായി ഭർത്താവ്  യാത്ര പുറപ്പെട്ടു. മീക്കി നിലവിളിച്ചു കാണിച്ചെങ്കിലും ദുഷ്ടനായ ഗൃഹനാഥന്റെ മനമലിഞ്ഞില്ല.

വയനാട് സന്ദർശനത്തിലാണ് ഇടയ്ക്കൽ ഗുഹ കാണാൻ പോയത്. കഴിഞ്ഞപ്രാവശ്യം പോയപ്പോൾ കയറിൽ തൂങ്ങി പാറക്കെട്ടുകൾ കയറിയ  ത്രില്ല് വള്ളിയുടെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. ഈ വയസ്സാങ്കാലത്ത് "വള്ളി"യെത്തൂങ്ങി പാറയൊക്കെ കയറണോ എന്ന് ചോദിച്ചപ്പോൾ തന്നത്താൻ പിടിച്ചു കയറിയാൽ മതി എന്ന്  വള്ളിയങ്ങ് ഉറപ്പിച്ചു പറഞ്ഞുകളഞ്ഞു.

ഇടയ്ക്കൽ ഗുഹയിലേയ്ക്കുള്ള കുത്തനെയുള്ള കയറ്റം തുടങ്ങുന്നിടത്ത് റോഡരികിൽ ഒരമ്മച്ചി ഒരു മേശപ്പുറത്തു കണ്ണാടി ഭരണികളിലായി ഉപ്പിലിട്ട നെല്ലിക്ക, കാരറ്റ് ,മാങ്ങ, തേങ്ങ തുടങ്ങിയവയുമായി ഇരിക്കുന്നു. ചുമ്മാ നടന്നുപോകുന്ന പൂച്ച, മീൻ വെട്ടുന്ന മനോഹരമായ കാഴ്ച കാണുമ്പോൾ ഒരു വശം കൊണ്ട് ചരിഞ്ഞു ചരിഞ്ഞു ഏങ്ങിയേങ്ങി അങ്ങോട്ടെത്തുന്നത് പോലെ വള്ളിയുടെ ശരീരം ഇടക്കൽ ഗുഹയ്ക്ക് നേരെയും കാലുകൾ ഉപ്പുമാങ്ങാഭരണിക്ക് നേരെയും നീങ്ങി. പണ്ടിതുപോലെ നെയ്യാർ ഡാം കാണാൻ പോയപ്പോൾ ഉപ്പിലിട്ട നെല്ലിക്കാ മേടിച്ചു കഴിച്ച് മൂന്നു ദിവസം  കട്ടിലിനും ബാത്ത് റൂമിനുമിടയിലുള്ള തറയോടു  മുഴുവൻ നടന്നു പോളീഷ് ചെയ്ത കഥ ഓർമിപ്പിച്ചപ്പോൾ പൂച്ചയുടെ കാലുകളുടെ ഗതി ഇടയ്ക്കൽ ഗുഹയ്ക്ക് നേരെയായി. എങ്കിലും "ദുഷ്ടൻ..!" എന്നൊരു വാക്ക് അന്തരീക്ഷത്തിലൂടെ പാറിപ്പറന്നുപോയത് കേട്ടില്ലാ എന്ന് നടിച്ചു.


ഉപ്പുമാങ്ങാ ഭരണി കണ്ട വള്ളി.


വയനാട്  ജില്ലയിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് അമ്പുകുത്തിമല. അതിന്റെ മുകളിലാണ് ഇടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200 മീറ്ററോളം  ഉയരത്തിൽ. അങ്ങോട്ടേയ്ക്കുള്ള യാത്ര രണ്ടു ഭാഗമായിട്ടാണ്. ആദ്യഭാഗത്തിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡിലൂടെ നടന്നു കയറണം. കുത്തനെയുള്ള കയറ്റം കയറുമ്പോൾ വഴി നീളെ റോഡരികിൽ കരകൗശല വസ്തുക്കളും ശീതള പാനീയങ്ങളും വിൽക്കുന്ന കടകൾ ധാരാളം കാണാം. കരിക്ക് വിൽക്കുന്ന കടകൾക്ക്  ചുറ്റും റോഡരികിലും മരച്ചില്ലകളിലും കുരങ്ങന്മാർ യഥേഷ്ടമായി ചാടിയും ഓടിയും സർക്കസ് കാണിച്ചും നടക്കുന്നു.

റോഡ്‌ നിറയെ ആൾക്കാരാണ്. കയറുന്നവരും ഇറങ്ങുന്നവരും. കയറുന്നവർ ഇറങ്ങുന്നവരെ അസൂയയോടെ നോക്കി ചോദിക്കും .
"ചേട്ടാ / ചേച്ചീ ഇനീം ഒരുപാട് കേറണോ?"
പലപ്പോഴും മറുപടി -
"അനുഭവിക്കാൻ കിടക്ക്ണേയുള്ളൂ..!!" എന്നായിരിക്കും.
ചില ഇറക്കവികൃതികൾ
"ഇത്ത്റിപ്പോരം നടന്നാ മതി ചേട്ടാ / ചേച്ചീ " എന്നും മറുപടി നല്കി.
സ്കൂൾ കുട്ടികൾ കൂട്ടം കൂട്ടമായി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവരുടെ പ്രസരിപ്പിന്  ഒരു കുറവുമില്ല. അവർ ഓടിക്കയറുകയും ഓടിയിറങ്ങുകയും ചെയ്യുന്നു.
ഇടയ്ക്ക് വച്ചു കിതപ്പോടെ നിന്നപ്പോൾ അതിലൊരുത്തൻ എന്നെ നോക്കി കമന്റടിച്ച് മുകളിലേയ്ക്ക് കടന്നു പോയി.
"പിക്ക് അപ് പോയെന്നു തോന്നുന്നു..!!"

രണ്ടാം ഭാഗത്തിലാണ് യഥാർത്ഥ ട്രെക്കിംഗ് നടക്കുന്നത്. അതിന്റെ തുടക്കത്തിൽ ടിക്കറ്റ് കൗണ്ടർ ഉണ്ട്. "ഗൗണ്ടറി"ന്റെ അനുവാദമില്ലാതെ മുകളിലേയ്ക്ക് കയറാൻ പാടില്ല. ഈ കുത്തൻ പാറക്കെട്ട് കയറാൻ ഗൗണ്ടറോട് ഇങ്ങോട്ട് കാശ് തരാൻ പറ എന്ന് പറഞ്ഞത് കേൾക്കാതെ വള്ളി ടിക്കറ്റെടുക്കാൻ കൗണ്ടറിലേയ്ക്കു പോയി.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ സംസ്ഥാനത്തിലെ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫ്രെഡ് ഫവ്സിറ്റ്‌ ആണത്രേ 1890 ൽ  ഇടയ്ക്കൽ ഗുഹകൾ കണ്ടെത്തിയത്. വയനാടൻ കാടുകളിൽ  വേട്ടയ്ക്ക് പോയ സായിപ്പ് അവിടുള്ള ഒരു കാപ്പിത്തോട്ടത്തിൽ നവശിലായുഗത്തിലേതെന്നു കരുതുന്ന ഒരു മഴു കണ്ടെത്തിയത്രേ.
" ങാഹാ, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ! " എന്ന് വിചാരിച്ച് പുരാതീനസംസ്കാരകുതുകിയായ സായിപ്പ് ( ബ്രിട്ടീഷ് ഇന്ത്യൻ സായിപ്പന്മാരെല്ലാം പുരാതീനസംസ്കാര-പുരാവസ്തുകുതുകികൾ ആയിരുന്നു എന്ന് കോഹിനൂർ രത്നം വരെ നമ്മളെ പഠിപ്പിച്ചിട്ടുണ്ട് ! ) ആദിവാസികളുടെ സഹായത്തോടെ കാട്  വെട്ടിക്കയറുകയും ഇടക്കൽ ഗുഹകൾ  കണ്ട് അന്തം വിട്ടുനിന്ന് സന്തോഷാശ്രുക്കൾ പൊഴിക്കയും, മടങ്ങിവന്ന്   ഇടക്കൽ  ഗുഹകളെപ്പറ്റി ഒരു നീണ്ട ലേഖനം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തുവത്രെ. അതോടെ ഇടയ്ക്കൽ ഗുഹകൾ ലോകപ്രസിദ്ധമാകുകയും അത് രണ്ടു പ്രാവശ്യം സന്ദർശിക്കണമെന്ന് വള്ളി വാശി പിടിക്കുകയും ചെയ്തു.

രണ്ടാംഘട്ട മലകയറ്റത്തിൽ  പാറക്കെട്ടുകൾ വലം വച്ചും കല്ലിൽ കൊത്തിയ പടികൾ കയറിയുമാണ്‌ മുൻപോട്ടു പോകേണ്ടത്. അത്യാവശ്യം പിടിച്ചു കയറാൻ അവിടവിടെ കൈവരികളും പിടിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നിന്നും കിതപ്പടക്കിയും പാറക്കെട്ടുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്തും ഞങ്ങൾ മലകയറ്റം തുടർന്നു. ഇടയ്ക്ക് "പിക്കപ്പ് പോയോ" എന്ന കമന്റ് പാസാക്കിയവൻ പിക്കപ്പ് പോയി ഒരു പാറയിന്മേൽ വണ്ടി പാർക്ക് ചെയ്തിരിക്കുന്നതും കണ്ടു. ഞങ്ങളെ കണ്ടതോടെ അവൻ ഒരു വളിച്ച ചിരിയുമായി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുകളിലേയ്ക്ക് പാറകൾ ചവിട്ടിക്കയറി.



ഇടക്കൽ ഗുഹയുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞാൽ അമ്പുകുത്തിമലയുടെ ചുറ്റുമുള്ള മലകളും താഴ്‌വാരങ്ങളും കാണാൻ അതിമനോഹരമാണ്. അവിടെ നിന്നും വീണ്ടും മുകളിലേയ്ക്ക് പോകാമെങ്കിലും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണ്. മലമുകളിൽ നിന്നും നോക്കിയാൽ കേരളം, കർണാടകം, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാടുകൾ കാണാമത്രെ.


ഗുഹാവാതിൽക്കൽ നിന്നുള്ളകാഴ്ച 

പരസ്യമായ ഒരു രഹസ്യം പറയാം. യഥാർഥത്തിൽ ഇടയ്ക്കൽ ഗുഹ ഒരു ഗുഹയേ  അല്ല. കൽപ്പാളികൾക്കിടയിലുള്ള  ഒരു സ്ഥലം മാത്രം. രണ്ടു കല്പാളികൽക്കിടയിൽ "നിങ്ങൾ മാറല്ലേ, മാറിയാ ഞാനിപ്പൊ താഴെ വീഴും " എന്ന മട്ടിൽ ഉയരത്തിൽ മറ്റൊരു കല്പാളി. ഇവകൾ ചേർന്നാണ് ഇടക്കൽ ഗുഹ ഉണ്ടായിരിക്കുന്നത്.  ഇടയിൽ ഒരു കല്ല്‌ എന്ന അർഥത്തിലാണ് "ഇട-ക്കൽ " എന്ന പേരുണ്ടായതത്രേ. ഭൂകമ്പം മൂലമാണ് ഈ അപൂർവസൃഷ്ടി ഉണ്ടായതെന്നും കരുതപ്പെടുന്നു. എന്നാൽ പണ്ട് ശ്രീരാമൻ അമ്പ് എയ്ത്  മലയിൽ ഉണ്ടായ ഒരു വലിയ മുറിപ്പാടാണിതെന്നും അതുകൊണ്ടാണ് ഈ മലയ്ക്ക് അമ്പുകുത്തി മല എന്ന് പേരുണ്ടായതെന്നും പുരാണവിശ്വാസികൾ കരുതുന്നു.


"ഇട-ക്കൽ " ഇപ്പോൾ തലയിൽ വീഴും മട്ടിൽ 

ഗുഹയുടെ പ്രവേശനകവാടത്തിലൂടെ അകത്തേയ്ക്കിറങ്ങിയാൽ ആദ്യം കണ്ണിൽ പെടുന്നത് ഇടതുവശത്തെ കല്പാളിയിലുള്ള ശിലാലിഖിതങ്ങളാണ്. പല തരത്തിലുള്ള രേഖാചിത്രങ്ങൾ കല്ലിൽ കൊത്തി വച്ചിരിക്കുന്നു. മുകളിൽ നിന്നും ഉതിർന്ന് വീഴുന്ന സൂര്യപ്രകാശത്തിന്റെ നിറവിൽ ഈ രേഖാചിത്രങ്ങൾ അതിന്റെ ത്രിമാനതലം നമുക്ക് കാട്ടിത്തരുന്നു. മഴക്കാലത്ത് കല്പാളികളിൽ ഉതിരുന്ന നനവ് പച്ചപ്പായലായി അവിടവിടെ കാണപ്പെടുന്നു. ഇരുളിന്റെയും വെളിച്ചത്തിന്റെയും പച്ചപ്പായലിന്റെയും കല്പാളികളുടെ ഗാംഭീര്യത്തിന്റെയും  അഭൂതപൂർവമായ ഒരു സങ്കലനം നമ്മെ അദ്ഭുതപരതന്ത്രരാക്കി, നിശബ്ദരാക്കി നിർത്തുന്നു. പരിപൂർണനിശബ്ദതയാണ് ഗുഹയെ  ഒരു മിന്നൽപ്പിണറായി നമ്മുടെ മനസ്സിലേയ്ക്ക് തള്ളിവിടുന്നത്. അതു ഭേദിക്കുന്നവരെ സെക്യൂരിറ്റി ജീവനക്കാർ  പറഞ്ഞു  നിശബ്ദരാക്കുന്നു.മൊബൈൽ ഫോൺ ഓഫാക്കാൻ നിർബന്ധിക്കുന്നു.

മൂന്നു കാലഘട്ടങ്ങളിലെ പെട്രോഗ്ലിഫ്സ് (petroglyphs) എന്നറിയപ്പെടുന്ന  ശിലാലിഖിതങ്ങളാണ് ഇടക്കൽ ഗുഹയ്ക്കകത്തുള്ളത്. ഏറ്റവും പഴക്കം ചെന്ന ഇടതുവശത്തെ ലിഖിതങ്ങൾ ക്രിസ്തുവിനും എഴായിരത്തോളം വർഷങ്ങൾക്ക്  മുൻപ്‌  നവീനശിലായുഗത്തിൽ രേഖപ്പെടുത്തിയതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ ലിഖിതങ്ങൾക്ക്  സിന്ധുനദീതടസംസ്കാരമായും ഹാരപ്പൻ സംസ്കാരവുമായും ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. ചില ലിഖിതങ്ങൾ ഹാരപ്പൻ സംസ്കാരകാലത്തെ പൊതുവായുള്ള ബിംബങ്ങളുമായി സാമ്യമുള്ളതാണത്രേ.




മൊത്തത്തിൽ ഒരു ആഘോഷത്തിന്റെതായ ഭാവമാണ് ഈ ശിലാലിഖിതങ്ങളിലുള്ളത്. ശിരസ്സിൽ തൂവൽതൊപ്പിയും മറ്റു ആടയാഭാരണങ്ങളും മുഖംമൂടികളും അണിഞ്ഞ മനുഷ്യരൂപങ്ങളും നൃത്തലാസ്യഭാവങ്ങളും  മറ്റും കാണാം.  എന്നാൽ ഇതിലെ  മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റു സാധനങ്ങളുടെയും ബിംബങ്ങളുടെയും അർഥങ്ങൾ ഇനിയും ഇഴപിരിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഏതാണ്ട് നാനൂറില്പരം അടയാളങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.





ക്യാമറ ഗുഹയ്ക്കുള്ളിൽ അനുവദനീയമാണ്. നിഴലും വെളിച്ചവും ഇടകലർന്ന ശിലാരേഖാചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. തലമുകളിൽ ഞാനിപ്പോ വീഴുമേ എന്ന് പറയുന്ന കല്പാളിയിലും പിന്നെ അതിന്റെ താഴെ നിന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന എന്നെയും  മാറിമാറി നോക്കി  വള്ളി പറഞ്ഞു,
"നീയിങ്ങോട്ടു മാറി നിന്ന് ഫോട്ടോ എടുക്ക് ! "





മുൻപോട്ടു നീങ്ങിയാൽ ചില ലിപികളും കൊത്തി  വച്ചിരിക്കുന്നത് കാണാം. അത് പക്ഷെ അശോക ചക്രവർത്തിയുടെ കാലത്ത് നിലവിലിരുന്ന എഴുത്തുകളുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.



ഗുഹയുടെ അങ്ങേത്തലയ്ക്കൽ കല്പാളികൾ പരസ്പരം ചേരുന്നിടത്ത്‌ ഒരു നീണ്ട വിടവ് കാണാം. അതുവഴി താഴ്‌വാരത്തിന്റെ ഒരു രഹസ്യക്കാഴ്ച കാണാനുള്ള  അവസരം കൂടിയുണ്ട്. നവശിലായുഗത്തിന്റെ ശാന്തതയിൽ നിന്നും ഇന്നിന്റെ സംക്ഷോഭത്തിലേയ്ക്ക് ഉളിഞ്ഞു നോക്കി നമുക്ക് അൽപനേരം സ്തഭിച്ചു നില്ക്കാം.

വലതുവശത്തെ കല്പാളികളിലും കൊത്തുലിഖിതങ്ങൾ ഉണ്ട്. പക്ഷെ അവ കൂടുതലും ഇരുളിന്റെ മറവിൽ ആയിരുന്നു.

കണ്ടവർ കണ്ടവർ വഴി മാറുക എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ അഭ്യർത്ഥന വള്ളി ഒരു ലോഡ് പുശ്ചം വിതറി നിർദാഷണ്യം തള്ളിക്കളഞ്ഞു . എന്റെ ഭാര്യയില്ലാതെ ഞാൻ പോകുന്ന പ്രശ്നമില്ല എന്ന ഭാവത്തിൽ ഞാനും ഇടക്കൽ ഗുഹയുടെ  മാസ്മരികതയിൽ മുങ്ങിക്കുളിച്ചു നിന്നു.

മണിക്കൂറുകൾക്കു  ശേഷം ഇടക്കൽ ഗുഹയോടു വിട പറഞ്ഞു ഞങ്ങൾ അമ്പുകുത്തി മലയിറങ്ങി.
സത്യത്തിൽ കയറുന്നതിലും ആയാസകരമാണ്‌  മലയിറക്കം. വഴിയിൽ  നിന്നും ചിരട്ടപ്പുട്ട് പാത്രവും മുളംപുട്ടുകുറ്റിയും മറ്റും വാങ്ങി വള്ളി എന്റെ  തലയിൽ വച്ചുതന്നു. അതും ചുമന്നു ഇറങ്ങുമ്പോൾ കയറി വരുന്നവരെ നോക്കി  ഇളിച്ചുകാട്ടി ഞാൻ ചോദിച്ചു,
"പിക്കപ്പ് പോയി അല്ലെ?"

"ഇനി ഒരുപാടു ദൂരമുണ്ടോ ചേട്ടാ " എന്ന് ചോദിച്ചവരോട് മുഴുവൻ " ദാ , ആ വളവ് അങ്ങട് തിരിഞ്ഞാ മതി " എന്ന് പറഞ്ഞു എന്റെ കാലിന്റെ വേദന മുഴുവൻ മാറ്റി.
ഇടയ്ക്ക് കരിക്ക് വാങ്ങി വെള്ളം കുടിച്ചിട്ട് അതിന്റെ മൃദുലമായ തേങ്ങാപ്പൂളുകൾ കുരങ്ങന്മാരുമായി പങ്കിട്ടു  കഴിച്ചു.അവരുടെ വികൃതികൾ ആസ്വദിച്ചു. വള്ളിക്ക് അതിലൊരെണ്ണത്തിനെ വീട്ടിൽ കൊണ്ടുപോയാൽ  കൊള്ളാമെന്നുണ്ടായിരുന്നു. ഞാൻ സൗദിക്ക് മടങ്ങുമ്പോൾ വീട്ടിൽ ഒരു കൂട്ടായല്ലോ എന്ന് അവൾ ചിരിച്ചു കൊണ്ട് ഒരു ന്യായം പറഞ്ഞപ്പോൾ അതിനല്ലേ വീട്ടിൽ  പട്ടിയുള്ളത് എന്ന ദേഷ്യത്തിലുള്ള  എന്റെ മറുപടിയിലും അവൾ ഉറക്കെ ചിരിച്ചു.



താഴ്‌വാരത്തിൽ എത്തിയപ്പോൾ മീൻ കണ്ട പൂച്ചയുടെ കാലുകൾ വീണ്ടും നെല്ലിക്കാ-ഉപ്പു മാങ്ങാക്കുപ്പിക്ക്  നേരെ എങ്ങിയേങ്ങിപ്പോകുന്നത് കണ്ടു. കുറഞ്ഞത്‌ ഒരു മൂന്ന് ദിവസത്തെ സുഖശോധന  കുപ്പിയുടെ പുറത്തു ഗാരന്റി ആയി എഴുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അന്തരീക്ഷം വീണ്ടും കനത്തെങ്കിലും ഇടിവെട്ടിയില്ല.

കാറിൽ കയറി യാത്ര തുടരുമ്പോൾ ചോദിച്ചു.
"സമാധാനമായല്ലോ  നിനക്ക്. ഇടക്കൽ ഗുഹ ! മനുഷ്യന്റെ കാല് പൊളിഞ്ഞു..!"
അവൾ എന്നെ നോക്കി പറഞ്ഞു.
"നിനക്കങ്ങനെ തന്നെ വേണം. എനിക്കിനിയും വരണം"
ഞാൻ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു് മുൻപോട്ടു നോക്കി പിറുപിറുത്തു.
"എന്നാലും ദുഷ്ടൻ ഉപ്പുമാങ്ങ മേടിച്ചു തന്നില്ല ! "



എന്റെയിഷ്ടം

ആദ്യത്തെ കണ്മണി

ഒരു വലിയ സസ്പെൻസിനു ശേഷം കുളിമുറിയുടെ വാതിൽ  തുറക്കപ്പെട്ടു. ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ ഒന്നും മിണ്ടാതെ ഒരു പ...